സി പി ഐ ദേശീയ നേതൃത്വം കൂട്ടത്തോടെ കേരളത്തിലേക്ക്

Posted on: April 29, 2016 6:00 am | Last updated: May 9, 2016 at 12:23 pm
SHARE

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സി പി ഐ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലെത്തുന്നു. ദേശീയ ജനറല്‍സെക്രട്ടറി സുധാകര റെഡ്ഡി, ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ദേശീയ സെക്രട്ടറിമാരായ ഡി രാജ എം പി, അതുല്‍കുമാര്‍ അഞ്ജാന്‍, അമര്‍ജിത്ത് കൗര്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡോ കെ നാരായണ എന്നിവരെയാണ് സ്റ്റാര്‍ കാമ്പയിനര്‍മാരായി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പട്ടികയിലുള്ളത്. ഇവര്‍ക്ക് പുറമെ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മാഈല്‍, ബിനോയ് വിശ്വം, ആനി രാജ എന്നിവരെയും പാര്‍ട്ടിയുടെ താരപ്രചാരക പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
താര പ്രചാരകര്‍ എത്തുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുകയില്ല. എന്നാല്‍ മുന്‍കൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പട്ടിക സമര്‍പ്പിക്കാതിരുന്നാല്‍ ഈ ആനുകൂല്യം ലഭിക്കില്ല.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കന്‍വാര്‍ ഡാനിഷ് അലി എന്നിവരാണ് ജനതാദള്‍ സെക്യുലറിന്റെ ദേശീയ തലത്തിലുള്ള താര പ്രചാരകര്‍. സി പി എം 40 പേരുടെ പട്ടികയാണ് താരപ്രചാരകരായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, ബി വി രാഘവലു, ഹനന്‍മുല്ല, സുഭാഷിണി അലി, സുധാസുന്ദരരാമന്‍, യൂസുഫ് തരിഗാമി, ശ്രീരാമ റെഡ്ഡി, അശോക് ധവാലെ എന്നിവര്‍ താരപ്രചാരകരുടെ പട്ടികയിലിടം പിടിച്ചിട്ടുണ്ട്.