Connect with us

Kannur

കെസി ജോസഫിനെതിരെ യു ഡി എഫ് വിമത സ്ഥാനാര്‍ഥി

Published

|

Last Updated

കണ്ണൂര്‍: ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിനെ എട്ടാംതവണയും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് യു ഡി എഫ് വിമതര്‍ പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഇരിക്കൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ജനശ്രീ ജില്ലാ കോ ഓഡിനേറ്ററുമായ അഡ്വ. ബെന്നി തോമസാണ് വിമത സ്ഥാനാര്‍ഥി.

കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായും ബെന്നി തോമസും സഹപ്രവര്‍ത്തകരും അറിയിച്ചു. കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കെ ആര്‍ അബ്ദുല്‍ ഖാദര്‍, സേവാദള്‍ ഇരിക്കൂര്‍ മണ്ഡലം ചെയര്‍മാന്‍ ജെയിംസ് കുറ്റിയാനിമറ്റം, കെ സി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രൂപവത്കരിച്ച ഫേസ്ബുക്ക് കൂട്ടായ്മയായ “പൂച്ചക്കാര് മണികെട്ടും” അഡ്മിന്‍ എം എം തോമസ്, സേവാദള്‍ നേതാവ് സിജു ജോസഫ് തുടങ്ങിയവരാണ് പ്രവര്‍ത്തര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയത്.

ആറ് തവണ എംഎല്‍എയായിട്ടും ഒറ്റ തവണ മന്ത്രിയാകാത്തതിനാല്‍ ഒരവസരം കൂടി വേണമെന്ന് ആവലാതി പറഞ്ഞാണ് കഴിഞ്ഞ തവണ കെ സി സീറ്റ് നേടിയത്. ഒരോതവണയും മത്സരിക്കുമ്പോള്‍ ഇത്തവണകൂടിയെന്ന് യാചിക്കാറുള്ള കെസിയെ മരണം വരെ പേറാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ല.
മണ്ഡലത്തില്‍ കെ സി ജോസഫിനല്ല, യുഡിഎഫിനാണ് അപ്രമാദിത്വം എന്നത് നേതാക്കള്‍ മറന്നു. ഹൈക്കമാന്‍ഡ് മുതല്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. 34 വര്‍ഷമായിട്ടും മണ്ഡലത്തില്‍ വീടോ വോട്ടോ ഉണ്ടാക്കാത്ത കെ സി മണ്ഡലത്തില്‍ വോട്ടുചെയ്യാറില്ല.
14,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മ, തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നും രാഹുല്‍ഗാന്ധിയുടെയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റേയും നിര്‍ദേശം മറികടന്നാണ് കെസിക്ക് സീറ്റ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു.