Connect with us

Ongoing News

ബംഗാളിലെ സാഹചര്യം വന്നാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും: കാനം

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ സാഹചര്യമുണ്ടായാല്‍ കേരളത്തിലും ഇടതുപക്ഷം കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബംഗാളിലേയും കേരളത്തിലേയും സ്ഥിതി വ്യത്യസ്തമാണ്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഏകാധിപത്യ ഭരണത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസുമായി ഇടതുപാര്‍ട്ടികള്‍ കൈകോര്‍ത്തത്. ഇത്തരം നിരവധി സന്ദര്‍ഭങ്ങളില്‍ എതിരാളികള്‍ തമ്മില്‍ കൈകോര്‍ത്തിട്ടുണ്ട്.
കേരളത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനും യു ഡി എഫിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ബംഗാളില്‍ അത്തരമൊരു സാഹചര്യം ഇല്ലെന്നും കാനം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലെ ഭാഷയും രീതിയും രാഷ്ട്രീയമായി മെച്ചപ്പെടേണ്ടതുണ്ട്. ആക്ഷേപിക്കാനും അധിക്ഷേപിക്കാനും മാത്രമല്ലാതെ ഗുണപരമായ കാര്യങ്ങള്‍ക്കും നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. ഒരോ പ്രസ്താവനയും നടത്തുമ്പോള്‍ നേതാക്കന്മാര്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും ജയരാജന്റെ പ്രസ്താവനെയെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
സി പി ഐ അന്നും ഇന്നും മദ്യനിരോധനത്തിന് എതിരാണെന്നും അത് പ്രായോഗികമല്ലെന്നും കാനം പറഞ്ഞു. മദ്യനിരോധനം ലോകത്ത് ഒരിടത്തും നിലവിലില്ല. മദ്യനിരോധനമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് ഉട്ടോപ്യന്‍ സങ്കല്‍പമാണ്.
മദ്യം നിരോധിക്കുകയല്ല, പടിപടിയായി വര്‍ജ്ജിക്കുകയാണ് വേണ്ടത്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയ ശേഷം മദ്യഉപഭോഗത്തില്‍ വര്‍ധനവാണുണ്ടായത്. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ 335.94 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റുപോയത്. 2014ല്‍ ഇത് 316.17 ലക്ഷം കെയ്‌സ് ആയിരുന്നു. മദ്യനിരോധനത്തിന് ശേഷം മദ്യവില്‍പനയില്‍ വര്‍ധനവാണുണ്ടായത്.
വികസനപരിവേഷമുണ്ടാക്കി തുടര്‍ഭരണം യാഥാര്‍ഥ്യമാക്കാനാണ് യു ഡി എഫ് ശ്രമം. എല്‍ ഡി എഫിന്റെ കരസ്പര്‍ശമില്ലാതെ ഒരു വികസനവും കേരളത്തിലുണ്ടായിട്ടില്ല. ഐ ടി വികസനത്തില്‍ ഉള്‍പ്പെടെ വിപുലമായ പദ്ധതികള്‍ നടപ്പാക്കിയത് എല്‍ ഡി എഫ് സര്‍ക്കാറാണ്. ആരെങ്കിലും ചെയ്തതിന്റെ നേട്ടം കൊയ്യാന്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
വികസനത്തിന്റെ പേരില്‍ എല്‍ ഡി എഫിനെ ദുര്‍ബലമാക്കാനാവില്ല. ജനകീയ പ്രശ്‌നങ്ങളിലൂന്നിയാണ് എല്‍ ഡി എഫ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. സി പി ഐക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വിജയശതമാനം വര്‍ധിക്കും. മികച്ച ഭൂരിപക്ഷത്തോടെ എല്‍ ഡി എഫിന് അധികാരത്തിലെത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.