ജാഹിലിയ്യത്തിന്റെ പെണ്ണെഴുത്തുകള്‍

അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ പോലും പ്രകടനപരത പാടില്ലെന്നും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം സോപാധികമാണെന്നും മൗദൂദിക്കഭിപ്രായമുണ്ട്. 'അത്യാവശ്യ ഘട്ടങ്ങള്‍ എന്നതുകൊണ്ട് മതം ഉദ്ദേശിക്കുന്നത്, സ്ത്രീകള്‍ക്കു പുറത്തിറങ്ങിയാലല്ലാതെ സാധ്യമാവാത്ത പ്രവൃത്തികളാണ്' എന്ന് അദ്ദേഹം പറയുന്നു. 'പുറത്തുള്ള സ്ത്രീകളുമായി കണ്ട് അവരെ സംസ്‌കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ലെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. വോട്ടഭ്യര്‍ഥിച്ച് നാടു ചുറ്റാനും മാര്‍ച്ച് സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നിങ്ങള്‍ ഇസ്‌ലാമിക ന്യായീകരണം ചമയ്ക്കാത്തതെന്തുകൊണ്ടെന്ന് 'പൗരോഹിത്യ'ത്തോട് അരിശപ്പെടുന്ന പെണ്‍വാദികള്‍ ആദ്യം ചെയ്യേണ്ടത് മൗദൂദിയന്‍ സാഹിത്യം ചുട്ടെരിക്കുകയാണ്. പൗരോഹിത്യത്തിന്റെ പിടലിയില്‍ കെട്ടിവെക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തിടുക്കപ്പെട്ട ഏതാണ്ടെല്ലാ കുറ്റങ്ങളും ഏറ്റവും നന്നായി ചേരുക മൗദൂദിക്ക് തന്നെയാകും.
Posted on: April 27, 2016 6:00 am | Last updated: April 27, 2016 at 10:27 am

പറഞ്ഞു പോയ അബദ്ധങ്ങള്‍ പൗരോഹിത്യത്തിന് എന്തുകൊണ്ട് തിരുത്തിക്കൂടാ എന്ന ചോദ്യവുമായാണ് കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക ജിഹ്വ ‘പ്രബോധനം’ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. സ്ത്രീകളുടെ സംഘടനാ സ്വാതന്ത്ര്യവും ആരാധനാലയ പ്രവേശവുമാണ് വിഷയം. അഞ്ച് ലേഖനങ്ങളാണ് ഇതുസംബന്ധമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാം പെണ്ണെഴുത്തുകള്‍. അഞ്ചു കുറിപ്പുകളും അടിസ്ഥാനപരമായി മുന്നോട്ടു വെക്കുന്ന ആശയമിതാണ്: ഇസ്‌ലാമില്‍ സ്ത്രീ എല്ലാ മൗലിക അവകാശങ്ങളുമുള്ള വ്യക്തിത്വമാണ്. പൗരോഹിത്യമാണ് അവള്‍ക്ക് അതെല്ലാം നിഷേധിച്ചത്.
ഇത് പുതിയ ആരോപണമല്ല. കഴമ്പുള്ള വിമര്‍ശവുമല്ല. എങ്കിലും പറയുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാകുമ്പോള്‍ അതിലൊരു കൗതുകമുണ്ട്. പ്രസ്ഥാനത്തിലെ മുഖ്യ പുരോഹിതന്‍ അബുല്‍ അഅലാ മൗദൂദിയുടെ വരികള്‍ തന്നെയാണ് പ്രബോധനത്തിലെ പെണ്ണെഴുത്തുകാരികള്‍ക്കുള്ള മികച്ച മറുപടി എന്നതില്‍ അവസാനിക്കുന്ന കൗതുകമല്ല അത്. വികലവാദങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാന്‍ ഷാനി ഷിങ്‌നാപൂര്‍ (മഹാരാഷ്ട്ര) ക്ഷേത്രത്തെയും ശബരിമലയെയുമൊക്കെ കൂട്ടുപിടിക്കേണ്ടി വരുന്നതിലെ പരിഹാസ്യത ഓര്‍ക്കുമ്പോള്‍ മൗദൂദിയെ വായിച്ചവര്‍ക്ക് ചിരിക്കാതിരിക്കാനാകില്ല.ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ വിശദീകരിക്കവേ, സഹോദരിമാരോട് മൗദൂദി പറയുന്നതിതാണ്:
”ഇന്ന് യൂറോപ്യന്‍ മദാമ്മകളുടെ നടപടിച്ചിട്ടകള്‍ കൈക്കൊണ്ടിട്ടുള്ള ‘കിഴക്കന്‍ മദാമ്മകള്‍’ വരുത്തിക്കൂട്ടിയ വഴികേടുകള്‍ക്കും ആഭാസങ്ങള്‍ക്കും കടിഞ്ഞാണില്ലാത്ത സ്വഭാവ നടപടികള്‍ക്കും തെറ്റായ ധാരണകള്‍ക്കും കൈയും കണക്കുമില്ല. മുഴുവന്‍ കഴിവും ഉപയോഗിച്ച് അവയെ നിങ്ങള്‍ എതിര്‍ക്കുക. ഇത് ആണുങ്ങളെ കൊണ്ടാകുന്ന കാര്യമല്ല. ഈ പരിഷ്‌കാരിപ്പെണ്ണുങ്ങളുടെ തെറ്റായ നടപടികളെ എതിര്‍ക്കുമ്പോള്‍ അവര്‍ പറയുന്നു: പുരുഷന്‍മാര്‍ നമ്മെ അടിമകളാക്കി വെക്കാന്‍ നോക്കുകയാണെന്ന്; നമ്മെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ കെട്ടിയിട്ടു കൊല്ലാനാണിവരുടെ ഭാവമെന്ന്; നമ്മെ സ്വാതന്ത്ര്യത്തിന്റെ കാറ്റു കൊള്ളാന്‍ പുരുഷന്‍മാര്‍ അനുവദിക്കുന്നില്ലെന്ന്”
പരിഷ്‌കാരിപ്പെണ്ണുങ്ങള്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കുമെന്ന് മൗദൂദി ദീര്‍ഘദര്‍ശനം ചെയ്ത അതേ ആരോപണങ്ങളാണ് ജമാഅത്ത് വാരിക ഇപ്പോള്‍ അടിച്ചു വിട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ വനിതകളോട് സ്ഥാപക നേതാവിന്റെ ഉപദേശം തുടരുന്നു: ”മേല്‍പറഞ്ഞ കിഴക്കന്‍ മദാമ്മകള്‍ക്ക് ചുട്ട മറുപടി കൊടുക്കേണ്ടത് വളരെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. മുസ്‌ലിം പെണ്ണുങ്ങള്‍ അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കവച്ചു വെക്കാന്‍ ഒരിക്കലും തയ്യാറില്ലെന്ന് അവര്‍ ഉറക്കെ പറയണം” (മൗദൂദി / ഐ പി എച്ച് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍).
മുസ്‌ലിം സ്ത്രീയുടെ
കര്‍മ മണ്ഡലം
മുസ്‌ലിം സ്ത്രീയുടെ പ്രവര്‍ത്തന മണ്ഡലം എവിടെയാണെന്നും അതിര്‍വരമ്പുകള്‍ ഏതെന്നും മൗദൂദി തന്നെ വിശദീകരിക്കുന്നുണ്ട് മറ്റൊരിടത്ത്.
”ഒരു മുസ്‌ലിം വനിതയുടെ സാക്ഷാല്‍ ഉത്തരവാദിത്വം തന്റെയും കുട്ടികളുടെയും വീടിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ്. അവള്‍ ആദ്യമായി അവരിലേക്കു ശ്രദ്ധ തിരിക്കുകയും അവരെ യഥാര്‍ഥ മുസ്‌ലിംകളാക്കുകയുമാണ് ചെയ്യേണ്ടത്.”(മുസ്‌ലിം വനിതകളും ഇസ്‌ലാമിക പ്രബോധനവും/ഐ പി എച്ച്). സ്ത്രീയുടെ പ്രവര്‍ത്തന പരിധി വിശദീകരിക്കുന്ന ധാരാളം പ്രസംഗങ്ങള്‍/ രചനകള്‍ മൗദൂദിയുടേതായുണ്ട്. പൗരോഹിത്യത്തിന്റെ പിടലിയില്‍ കെട്ടിവെക്കാന്‍ പ്രബോധനത്തിലെ പെണ്ണെഴുത്തുകാരികള്‍ തിടുക്കപ്പെട്ട ഏതാണ്ടെല്ലാ കുറ്റങ്ങളും ഏറ്റവും നന്നായി ചേരുക മൗദൂദിക്ക് തന്നെയാകും.
സംഘടനാ സ്വാതന്ത്ര്യം
പൊതു സമൂഹത്തിലേക്കിറങ്ങി ആശയ പ്രചാരണം നടത്തുന്നതിനെയാണല്ലോ സംഘടനാ പ്രവര്‍ത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഇടപഴകേണ്ടി വരും. പലരുമായും സംസാരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുതിയ കാലത്തേക്ക് ഇസ്‌ലാമിനെ കൊണ്ടുവരണമെന്ന ഇസ്‌ലാംവിമര്‍ശകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലേതുള്‍പ്പടെ ‘പുരോഗമന’ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അജന്‍ഡ രൂപപ്പെടുത്തിയത്. ഇസ്‌ലാമിനെ പ്രാകൃതമതമാക്കി അവതരിപ്പിച്ചവര്‍ തന്നെയാണ് ഇസ്‌ലാമിനെ ആധുനികവല്‍കരിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. ആ കെണിയിലാണ് മുജാഹിദ്, ജമാഅത്താദികള്‍ വീണു പോയത്. ഇസ്‌ലാം പുതുകാലത്തിന് ചേര്‍ന്ന മതമല്ലെന്ന അപകര്‍ഷം തുടക്കം മുതലേ പുരോഗമന നാട്യക്കാര്‍ക്കുണ്ടായിരുന്നു. സാമ്രാജ്യത്വവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കൂടിയായപ്പോള്‍ ഇസ്‌ലാമിനെ പരിഷ്‌കരിച്ചേ അടങ്ങൂ എന്ന ശാഠ്യമായി. അതിന് ഏറ്റവും നല്ല മാര്‍ഗം സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമാകുകയാണ്. പൊതു സമൂഹത്തിന്റെ സ്വീകാര്യതയും കൈയടിയും ലഭിക്കാന്‍ ഇതില്‍പരം നല്ല വിഷയമില്ല. മൗദൂദി പക്ഷേ, തനി യാഥാസ്ഥിതികമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ‘പുതിയ’ ജമാഅത്തെ ഇസ്‌ലാമിയിലെ സ്ത്രീ സംഘടനാ സ്വാതന്ത്ര്യവാദികള്‍ വായിക്കേണ്ട മൗദൂദിയുടെ പഴയ വരികളിതാ:
‘പുറത്തുള്ള (കുടുംബത്തിന്) സ്ത്രീകളുമായി കണ്ട് അവരെ സംസ്‌കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെ പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കി തീര്‍ക്കാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചു കൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ‘ജാഹിലിയ്യത്ത്’ മതപ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.’ (അതേ പുസ്തകം). യുവതികള്‍ മറ്റു സ്ത്രീകളെ കാണാന്‍ പോലും അത് പ്രബോധനത്തിനായാലും പുറത്തിറങ്ങിക്കൂടാ എന്നാണ് മൗദൂദി പറയുന്നത്. അപ്പോള്‍ പിന്നെ ആണുങ്ങളുമായി ഇടപഴകുന്ന കാര്യം പറയേണ്ടതില്ല. ഇപ്പറയുന്ന സംഘടനാ സ്വാതന്ത്ര്യമൊന്നും സ്ത്രീകള്‍ക്ക് വേണ്ടെന്നും അത് ഇസ്‌ലാമികമല്ലെന്നുമാണ് മൗദൂദി പറഞ്ഞുവെക്കുന്നത്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ പോലും പ്രകടനപരത പാടില്ലെന്നും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം സോപാധികമാണെന്നും മൗദൂദിക്കഭിപ്രായമുണ്ട്. ‘അത്യാവശ്യ ഘട്ടങ്ങള്‍ എന്നതുകൊണ്ട് മതം ഉദ്ദേശിക്കുന്നത്, സ്ത്രീകള്‍ക്കു പുറത്തിറങ്ങിയാലല്ലാതെ സാധ്യമാവാത്ത പ്രവൃത്തികളാണ്’ എന്ന് അദ്ദേഹം പറയുന്നു (പര്‍ദ). പ്രബോധനം വാദിക്കുന്നത് അങ്ങനെയൊരു സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് തോന്നുന്നില്ല. വോട്ടഭ്യര്‍ഥിച്ച് നാടു ചുറ്റാനും മാര്‍ച്ച് സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നിങ്ങള്‍ ഇസ്‌ലാമിക ന്യായീകരണം ചമയ്ക്കാത്തതെന്തുകൊണ്ടെന്ന് ‘പൗരോഹിത്യ’ത്തോട് അരിശപ്പെടുന്ന പെണ്‍വാദികള്‍ ആദ്യം ചെയ്യേണ്ടത് മൗദൂദിയന്‍ സാഹിത്യം ചുട്ടെരിക്കുകയാണ്. തൃശൂരിലെ പുസ്തക പ്രകാശനച്ചടങ്ങില്‍ നിന്ന് വിവര്‍ത്തകയെ അകറ്റി നിര്‍ത്തിയ നടപടിയില്‍ കുറ്റം കാണുന്ന ജമാഅത്തെ ഇസ്‌ലാമി വനിതകള്‍, തങ്ങളുടെ ഏതെങ്കിലും പളളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍, ബാങ്ക് വിളിക്കാന്‍ സ്ത്രീയെ ഏല്‍പ്പിച്ച ചരിത്രമുണ്ടോ? പോകട്ടെ, ഏതെങ്കിലുമൊരു മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികളില്‍ സ്ത്രീയെ നിയമിച്ച് മാതൃക കാട്ടിയിട്ടുണ്ടോ? പ്രവാചകരുടെ കാലത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ പോലും സ്ത്രീകളുടെ അഭിപ്രായം മുഖവിലക്കെടുത്തിരുന്നു എന്നെഴുതിയവര്‍ സ്വന്തം പ്രസ്ഥാനത്തില്‍ തങ്ങളുടെ/ സ്ത്രീകളുടെ ഇടം എന്താണെന്ന്/ എവിടെയാണെന്ന് കൂടി വിശദീകരിക്കണമായിരുന്നു.
ആരാധനാലയത്തിലെ ഇടം
പള്ളിയുടെ പിന്‍വാതിലിലൂടെ പ്രവേശിച്ച്, പുരുഷന്‍മാരുടെ പിറകില്‍, പ്രത്യേകം മറ കെട്ടി തിരിച്ച ഭാഗത്ത് നിസ്‌കരിക്കാന്‍ അനുമതി ലഭിക്കുന്നതോടെ സ്ത്രീ വിമോചനം സാധ്യമായെന്ന് ധരിക്കുന്ന ദുര്‍ബലമാനസങ്ങളെയോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്തു ചെയ്യും? പെണ്‍പള്ളി പ്രവേശം മുസ്‌ലിം ലോകത്ത് ഒരു വിവാദ വിഷയമല്ല. ഏതെല്ലാം സാഹചര്യങ്ങളില്‍, ഏതെല്ലാം പള്ളികളില്‍ സ്ത്രീക്ക് പ്രവേശിക്കാമെന്ന് മത പ്രമാണണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ‘സ്ത്രീകളെ നിങ്ങള്‍ പള്ളിയില്‍ നിന്നും തടയരുത് ‘ എന്ന തിരുവചനം ദുര്‍വ്യാഖ്യാനിച്ചാണ് പള്ളി പ്രവേശത്തിനു വേണ്ടി പ്രബോധനത്തിലെ പെണ്ണെഴുത്തുകാര്‍ വാദിക്കുന്നത്. പെണ്ണിനെ പളളിയിലേക്ക് കൊണ്ടുപോകാന്‍ ശാഠ്യം പിടിച്ച എല്ലാ സംഘടനകളുടെയും തുറുപ്പുചീട്ട് ഈ വചനം തന്നെയാണ്. മൗദൂദി ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നതിങ്ങനെ:
‘നിസ്‌കരിക്കാന്‍ പള്ളിയില്‍ പോകുന്നത് അനുവദനീയമല്ലെന്നു പറയാന്‍ അതൊരു മോശം കാര്യമൊന്നുമല്ല. പക്ഷേ, സ്ത്രീ പുരുഷന്‍മാര്‍ കൂടിക്കലരുന്നത് അംഗീകരിക്കാവുന്നതല്ല. ഇതു കൊണ്ട് സ്ത്രീകള്‍ക്കു പള്ളിയില്‍ പോകുന്നതിന് അനുമതിയുണ്ടെങ്കിലും നിങ്ങളവരെ പള്ളിയിലയക്കണമെന്ന് പറഞ്ഞില്ല, കൂടെ കൊണ്ടു പോകണമെന്നും കല്‍പ്പിച്ചില്ല.’ സ്ത്രീകള്‍ക്ക് നിസ്‌കാരത്തിന് ഏറ്റവും ഉത്തമം വീടാണെന്ന് മൗദൂദി ഉറപ്പിച്ചു പറയുകയുമുണ്ടായി:
‘ഇസ്‌ലാമിലെ ഏറ്റവുമധികം പ്രാധാന്യമുള്ള നിര്‍ബന്ധമായ ആരാധന നിസ്‌കാരമാണ്. പള്ളിയില്‍ വെച്ചുള്ള സംഘടിത നിസ്‌കാരം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ ജമാഅത്ത് നിസ്‌കാരത്തില്‍ ഏതെല്ലാം വിധികളാണ് പുരുഷന്‍മാര്‍ക്കുള്ളത്, അവയുടെ നേരെ വിപരീതമാണ് സ്ത്രീകളെ സംബന്ധിച്ചുള്ളത്. പുരുഷന്‍മാര്‍ക്ക് പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നിസ്‌കാരമാണ് ഏറ്റവും സ്ഥാനമുള്ളതെങ്കില്‍ വീട്ടില്‍ ആളൊഴിഞ്ഞ ഭാഗത്ത് തനിച്ച് നിസ്‌കരിക്കലാണ് സ്ത്രീകള്‍ക്ക് ശ്രേഷ്ഠമായത്….. ഈ സ്വകാര്യ നിസ്‌കാരം കേവലം ജമാഅത്ത് നിസ്‌കാരത്തേക്കാള്‍ പവിത്രമാണെന്നല്ല, മുസ്‌ലിംകള്‍ വളരെ പുണ്യമായി കാണുന്ന ഇമാമുല്‍ അമ്പിയാ ആയ നബി(സ) ഇമാമായി നിന്നിരുന്ന മസ്ജിദുന്നബവിയിലെ ജമാഅത്തിനേക്കാള്‍ പ്രാധാന്യമുള്ളതാണ്. ഇങ്ങനെ വിവേചനമുണ്ടാകാനുള്ള കാരണമെന്താണ്? ഇസ്‌ലാം സ്ത്രീകളെ പുറത്തിറക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ലായെന്നതു തന്നെ. ജമാഅത്ത് മൂലമുണ്ടാകുന്ന സ്ത്രീ പുരുഷന്‍മാരുടെ ഇടകലരല്‍ തടയുകയാണുദ്ദേശ്യം.’ (പര്‍ദ / മൗദൂദി)
മേല്‍ ഹദീസിന്റെ ചുവടുപിടിച്ച് പള്ളിയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളോട് മൗദൂദി പറയുന്നത് ‘ഇരുളുള്ള സമയത്തിലെ നിസ്‌കാരങ്ങള്‍ക്കു മാത്രമേ പോകാന്‍ പാടുള്ളൂ എന്നാണ്. ഇശാഅ്, സുബ്ഹി നിസ്‌കാരങ്ങള്‍ക്കേ സ്ത്രീകള്‍ പള്ളിയില്‍ പോകാവൂ എന്ന് മൗദൂദി കാര്‍ക്കശ്യം പറയുന്നുണ്ട് ‘പര്‍ദ’യില്‍. ഇനിയാണ് ചോദ്യം: കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളികളില്‍ സുബ്ഹിക്കും ഇശാഇനും സ്ത്രീകള്‍ ജമാഅത്ത് നിസ്‌കാരത്തിന് ഹാജരാകാറുണ്ടോ? ഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക് അതിന് സമ്മതം നല്‍കുമോ? പ്രവാചകരുടെ കാലത്ത് സ്ത്രീകള്‍ രാത്രികളില്‍ പോലും നിസ്‌കാരത്തിന് പോയിരുന്നുവെന്ന് വാദിക്കുന്ന പ്രബോധനത്തിലെ എഴുത്തുകാരികള്‍ ഇശാഉം സുബ്ഹിയും പള്ളിയില്‍ നിസ്‌കരിക്കുന്നവരാണോ? മൗദൂദിയുടെ വീക്ഷണപ്രകാരം ജുമുഅക്ക് സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് (മുജാഹിദ്, ജമാഅത്ത് പള്ളികളില്‍ സ്ത്രീകള്‍ മുഖ്യമായും പോകാറുള്ളത് ജുമുഅക്ക് മാത്രമാണ്) ഇസ്‌ലാമിക വിരുദ്ധമാണ്. മൗദൂദി മതം പഠിക്കാത്തയാളാണോ? റുക്‌സാനയും സഫിയ്യ അലിയും ഓതിയ കിതാബുകള്‍ മൗദൂദി കാണാതെ പോയതാകുമോ? ആര്‍ക്കാണ് പിഴച്ചത് നേതാവിനോ അണികള്‍ക്കോ?
2008 നവംബര്‍ ഒന്നിലെ പ്രബോധനം വാരികയില്‍ നിന്നുള്ള ഒരു വാചകത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം: ‘ഫെമിനിസം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ പേരുകളില്‍ ഇന്നുയര്‍ത്തപ്പെടുന്ന പദ്ധതികളും സിദ്ധാന്തങ്ങളും വ്യാവസായിക മുതലാളിത്തത്തിന്റെ സമകാലീന രൂപമായ ആഗോളവത്കരണത്തിന്റെ ഉപായങ്ങളാണെന്നതാണ് യാഥാര്‍ഥ്യം.’