കരിപ്പൂര്‍ വിമാനത്താവളം; നിവേദനം നല്‍കി

Posted on: April 26, 2016 11:37 pm | Last updated: April 27, 2016 at 5:50 pm
 ഡോ. ആസാദ്  മൂപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്  ജില്ലാ പ്രവാസി (യു എ ഇ) ഭാരവാഹികള്‍ ഇന്ത്യന്‍  സ്ഥാനപതി ടി പി സീതാറാമിന് നിവേദനം നല്‍കുന്നു
ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്
ജില്ലാ പ്രവാസി (യു എ ഇ) ഭാരവാഹികള്‍ ഇന്ത്യന്‍
സ്ഥാനപതി ടി പി സീതാറാമിന് നിവേദനം നല്‍കുന്നു

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ വിപുലീകരണ പ്രവൃത്തികളും റീ കാര്‍പെറ്റിംഗ് ജോലിയും പൂര്‍ത്തിയായെന്നിരിക്കെ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനസ്ഥാപിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ക്കായി വ്യോമയാന വകുപ്പില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ) ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമിന് നിവേദനം നല്‍കി.
പ്രശ്‌നം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് സ്ഥാനപതി നിവേദക സംഘത്തെ അറിയിച്ചു. ഡോ. ആസാദ് മൂപ്പനോടോപ്പമായിരുന്നു നിവേദക സംഘം സ്ഥാനപതിയെ കണ്ടത്. കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ) രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, പ്രസിഡന്റ് രാജന്‍ കൊളാവിപാലം, സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, മലയില്‍ മുഹമ്മദ് അലി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. യു എ ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു കീഴില്‍, ഇവിടെ മരിക്കുന്നവരുടെ അനന്തര കര്‍മങ്ങള്‍ക്കായി പ്രത്യേകം ഒരു എംബാമിംഗ് യൂണിറ്റ് സ്ഥാപിക്കണമെന്നും നടപടികള്‍ സുഗമമാക്കാന്‍ പ്രത്യേകം സ്റ്റാഫിനെ നിയോഗിക്കണമെന്നും പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോണ്‍സുലര്‍ സേവനങ്ങള്‍ക്കുമായി എല്ലാ എമിറേറ്റുകളിലും മൂന്ന് മാസത്തിലൊരിക്കല്‍ ‘കോണ്‍സുലര്‍ അദാലത്തുകള്‍’ സംഘടിപ്പിക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.