Connect with us

Articles

തിരഞ്ഞെടുപ്പ്: എന്താണ് മുന്നണികള്‍ ചര്‍ച്ചയാക്കുന്നത്?

Published

|

Last Updated

സോവിയറ്റ് റഷ്യ നിലവിലുണ്ടായിരുന്ന കാലത്ത് അന്നത്തെ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു തിരിച്ചുപോകുമ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു: ഇന്ത്യയില്‍ നിന്നു തിരിച്ചുപോകുമ്പോള്‍ എന്ത് തോന്നുന്നു? “”ഇന്ത്യയിലേക്ക് വരുമ്പോള്‍ എനിക്ക് ദൈവവിശ്വാസമുണ്ടായിരുന്നില്ല, മടങ്ങുമ്പോള്‍ എനിക്ക് ദൈവവിശ്വാസം വന്നിരിക്കുന്നു”” മറുപടി കേട്ട് മിഴിച്ചുനിന്ന പ്രത്രക്കാരോടായി അദ്ദേഹം വിശദീകരിച്ചു: “”നിരവധി മതങ്ങളും അനേകം ജാതികളും ഉപജാതികളും ഭാഷകളും സംസ്‌കാരങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ ഭൂമിയെ ഒരു രാഷ്ട്രമായി ഒന്നിച്ചുകൊണ്ടുപോകാന്‍ ദൈവത്തിനല്ലാതെ കഴിയില്ല!.”” ഇതാണ് കാര്യം. അത്ഭുതത്തോടെയാണ് ഇന്ത്യന്‍ ജനതയുടെ ഐക്യബോധത്തെ ലോകം വീക്ഷിച്ചിരുന്നത്. വിസ്മയകരമായ നാനാത്വവും ഒപ്പം തന്നെ സൗഹൃദവും.

വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും വിളനിലമാണ് ഇന്ത്യ. ഈ രാജ്യത്തെ ജനതയെ ഒന്നിച്ചുനിര്‍ത്താനുതകുന്ന ഏറ്റവും നല്ല സംവിധാനങ്ങളില്‍ ഒന്ന് നമ്മുടെ മതേതര ജനാധിപത്യം തന്നെയാണ്. ഓരോ വ്യക്തിക്കും സമുദായത്തിനും അവരവരുടെ വിശ്വാസവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നു എന്നതിലാണ് ഈ രാജ്യത്തിന്റെ കെട്ടുറപ്പ്.
ഈ സ്വാതന്ത്ര്യത്തിന് വിഘ്‌നം സൃഷ്ടിക്കപ്പെടുമ്പോള്‍ സമുദായങ്ങള്‍ തമ്മില്‍ അകലുകയും അസഹിഷ്ണുത തലപൊക്കുകയും ചെയ്യും. ഒരു കുടുംബത്തെപ്പോലെ കഴിയുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം തകരുന്നതിനും അവര്‍ തമ്മിലടിക്കുന്നതിനും ഇത് കാരണമാകും. രാജ്യത്തിന്റെ തകര്‍ച്ചയാകും ഇതിന്റെ ആത്യന്തിക ഫലം.
ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സംഭവങ്ങള്‍ ശുഭകരമായ സന്ദേശങ്ങളല്ല നല്‍കുന്നത്. ഒരു കാലത്ത് ചില സംഘടനകളുടെ നേതാക്കള്‍ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന വിദ്വേഷവും അസഹിഷ്ണുതയും ഇന്ന് സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് പടര്‍ന്നിരിക്കുകയാണ്. മനുഷ്യന്‍ എന്തു ഭക്ഷിക്കണം, ഏത് തരം വസ്ത്രം ധരിക്കണം തുടങ്ങി മുഴക്കേണ്ട മുദ്രാവാക്യങ്ങളില്‍ പോലും ചില പ്രത്യേക വിഭാഗക്കാരുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഗോമാംസം കഴിക്കുന്നവരെ കൊന്ന് മാംസമാക്കുന്നതും കന്നുകാലിക്കച്ചവടം നടത്തുന്നവരെ കൊന്ന് കെട്ടിത്തൂക്കുന്നതും ഇവിടെ അരങ്ങേറുന്നു. അറിവില്ലാത്ത പൊതുജനമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്ന് കരുതി സമാധാനിക്കാര്‍ സാധിക്കുന്നില്ല. കാരണം, ഭരണപക്ഷത്തുള്ള ജനപ്രതിനിധികളുടെ പ്രതികരണങ്ങളും നിയമപാലകരുടെ നിസ്സംഗതയുമാണ് ദേശീയ ബോധമുള്ളവരെ ഏറെ ആശങ്കപ്പെടുത്തുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലും പുരോഗതിയിലും പങ്കാളികളാകുന്ന പ്രവര്‍ത്തനമാണ്. രാജ്യത്തെ ജനതയെ ദേശീയ ബോധത്തില്‍ ഒരുമിച്ചു നിര്‍ത്തി അവരുടെ കര്‍മശേഷിയെ ഈ നാടിന് വേണ്ടി സമര്‍പ്പിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. അധികാരം പിടിക്കാനുള്ള ഒരവിശുദ്ധ കൂട്ടുകെട്ടായി ഇന്ന് കക്ഷിരാഷ്ട്രീയം മാറിയിരിക്കുകയാണ്. ലക്ഷ്യത്തിലും ആദര്‍ശത്തിലും രണ്ടു ധ്രുവങ്ങളില്‍ നില കൊള്ളുന്നവര്‍ പോലും അധികാര ലബ്ധിക്കു വേണ്ടി മുന്നണികളുണ്ടാക്കുന്നതില്‍ നിന്ന് നാം മറ്റെന്താണ് മനസ്സിലാക്കേണ്ടത്?
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഏറ്റവും ദരിദ്രരാജ്യമായിരുന്ന ഈ നാടിനെ പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടികളും രാഷ്ട്രീയ പ്രവര്‍ത്തകരും മുമ്പുണ്ടായിരുന്നു. ഇന്ന് ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായി അവതരിപ്പിക്കപ്പെടുന്നവരുടെ പോലും തനിനിറം വെളിവാകുന്ന സംഭവങ്ങളാണ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോള്‍ നാം കാണുന്നത്. സങ്കുചിത രാഷ്ട്രീയമാണ് ഇന്ന് നിലനില്‍ക്കുന്നത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ എത്രയോ നല്ല പദ്ധതികള്‍ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴൊന്നും പ്രതിപക്ഷത്തുള്ളവര്‍ അതിനെ പിന്തുണച്ചിട്ടില്ല. പ്രതിപക്ഷം എന്തെങ്കിലുമൊരു നല്ല നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അത് അംഗീകരിക്കാന്‍ ഭരണപക്ഷവും തയ്യാറാകുന്നില്ല. ഏത് കാലത്തും പ്രതിപക്ഷത്തിന്റെ ലക്ഷ്യം അടുത്ത തവണ ഭരണം പിടിക്കുക എന്നതിലും ഭരണകക്ഷിയുടെ ഉന്നം ഈ ഭരണം എന്ത് നാണക്കേട് സഹിച്ചും നിലനിര്‍ത്തുക എന്നതിലും ചുരുങ്ങിയിരിക്കുന്നു. എം പിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഭരണപക്ഷവും പ്രതിപക്ഷവും യോജിക്കുന്നതായി പൊതുജനം കണ്ടിട്ടുള്ളൂ.
അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടി രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ വര്‍ഗീയപരമായി ഭിന്നിപ്പിക്കുന്ന പ്രവണതയാണ് ഇന്നും രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് പോലും ഈ വിഷയം ചര്‍ച്ചയാക്കാന്‍ ഒരു മുന്നണിയും സധൈര്യം മുന്നോട്ട് വരുന്നില്ല.
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ മൂന്ന് വര്‍ഷവും അപഹരിച്ചത് അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ബാര്‍ കോഴ വിവാദവുമായിരുന്നുവെങ്കില്‍, ഭരണപക്ഷം ഈ തിരഞ്ഞെടുപ്പിലും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം പറയുന്നത് ഈ ഭരണം തുടരണം, ഇടതുപക്ഷം വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും എന്നാണ്. കോടിയേരിയും പിണറായിയും ഇതിനെ പ്രതിരോധിക്കുന്നത് മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ ചാരായം നിരോധിച്ചു. പിന്നീട് ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ ചാരായ ശാപ്പുകള്‍ തുറന്നിട്ടില്ല എന്ന ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ടാണ്.
ഈ സാങ്കല്‍പ്പിക ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയിലും കേരളക്കരയില്‍ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത് സംഭവിച്ചാല്‍ ഈ നാട്ടില്‍ വരാന്‍ പോകുന്ന വിപത്തുകളേയും ദുരന്തങ്ങളെയും ചര്‍ച്ചയാക്കാന്‍ ഒരു മുന്നണിയും മുന്നോട്ട് വരുന്നില്ല. വര്‍ഗീയ ധ്രുവീകരണം നടന്നാല്‍, അത് ഏത് മുന്നണിക്കാണ് ഗുണം ചെയ്യുക എന്ന കണക്ക് കൂട്ടല്‍ മാത്രമാണ് നടക്കുന്നത്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയത ഭീകരനൃത്തം ചവിട്ടിയപ്പോഴൊന്നും കേരളീയ ജനത ആ വഴിക്ക് ചിന്തിച്ചിരുന്നില്ല. പൂര്‍വീകരില്‍ നിന്ന് കൈമാറിക്കിട്ടിയ സൗഹൃദത്തിന്റെയും പങ്കുവെപ്പുകളുടെയും പാരമ്പര്യവും കൈയൊഴിക്കാന്‍ നമുക്ക് സാധിക്കുമായിരുന്നില്ല. ആഘോഷങ്ങളിലും സന്തോഷവേളകളിലും ഒരുമിച്ചണിനിരന്ന കേരളീയര്‍, ഒരേ കിണറില്‍ നിന്നും വെള്ളം കോരിക്കുടിച്ചും അടുപ്പുകളില്‍ നിന്നും തീ പകര്‍ന്നെടുത്തും വിളവെടുത്ത കാര്‍ഷികോത്പന്നങ്ങള്‍ പരസ്പരം പങ്കുവെച്ചും സ്‌നേഹത്തോടെ കഴിഞ്ഞുപോന്നു. ഇപ്പോള്‍, കേരളീയ ഗ്രാമങ്ങളിലേക്ക് വരെ വര്‍ഗീയ ആശയങ്ങളുടെ വിഷക്കാറ്റ് അടിച്ചുവീശുന്നു. എപ്പോഴാണ് നാം ഈ വിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക?
ജനഹൃദയങ്ങളില്‍ വിഭാഗീയതയും വിദ്വേഷവും വെറുപ്പും സൃഷ്ടിക്കപ്പെട്ടാല്‍ അതുണ്ടാക്കുന്ന വ്രണം ഉണക്കാനാകില്ല. ഒരേ മതത്തില്‍ വിശ്വസിക്കുന്ന, ഒരേ ഭാഷ സംസാരിക്കുന്ന അറബികളെ അധിനിവേശ ശക്തികള്‍ ഭിന്നിപ്പിച്ചതിന്റെ ദുരന്തമാണ് ഇറാഖിലും സിറിയയിലും ലിബിയയിലുമെല്ലാം നാം കാണുന്നത്. ഭിന്നിപ്പിച്ചവര്‍ വിചാരിച്ചാല്‍ പോലും ഇനിയവരെ ഒന്നിപ്പിക്കാനാകില്ല. ഇതില്‍ നിന്നും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പാഠമുള്‍ക്കൊള്ളണം. നേരത്തെ തന്നെ മതപരമായും സാംസ്‌കാരികമായും ജാതീയമായും വിവിധ തട്ടുകളില്‍ കഴിയുന്നവരെ വര്‍ഗീയമായി ഭിന്നിപ്പിച്ചാല്‍, നമുക്ക് ഭരിക്കാന്‍ രാജ്യം മാത്രം ഇവിടെ ഉണ്ടാകില്ല. രാഷ്ട്രത്തിന്റെ ഐക്യവും ഒരുമയും ലക്ഷ്യം വെച്ച് വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ പൊരുതാനും ഒപ്പം നാടിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്യാനും ഏത് മുന്നണിയാണ് മുന്നോട്ട് വരുന്നത് അതാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. കേരളത്തിന്റെ ന്യൂ ജനറേഷന്‍ വളരെ പെട്ടെന്ന് വര്‍ഗീയവത്കരിക്കപ്പെടുന്നതായാണ് അനുഭവം.
ഒരു റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയുരസുമ്പോല്‍, വിഷയത്തില്‍ ഇടപെടാന്‍ ഓടിക്കൂടുന്നവരെ നിരീക്ഷിക്കുക. അവര്‍ നോക്കുന്നത് വാഹനത്തിന്റെ ഉടമ ഏത് പാര്‍ട്ടിക്കാരനാണ്, അവന്റെ ജാതിയും മതവും ഏതാണ് എന്നൊക്കെയാണ്. ഇതനുസരിച്ച് അവര്‍ പക്ഷം ചേരുന്നത് കാണാം. നീതിയുടെയും ന്യായത്തിന്റെയും കൂടെ നില്‍ക്കുന്നവര്‍ വിരളമാണ്.
കോഴിക്കോട്ട് അഡ്വ. പി എ മുഹമ്മദ് റിയാസിനുണ്ടായ അനുഭവം നോക്കുക. “കോലീബി” സഖ്യത്തെക്കുറിച്ച് പരാമര്‍ശിച്ചതിന് അദ്ദേഹത്തോട് പാക്കിസ്ഥാനില്‍ പോകാനാണ് ഒരു കൂട്ടര്‍ ആക്രോശിച്ചത്. അസഹിഷ്ണുതയുടെയും വര്‍ഗീയ വിദ്വേഷത്തിന്റെയും സ്വരം രംഗബോധമില്ലാതെയാണ് ഇവിടെ ചിലര്‍ പ്രകടിപ്പിച്ചുപോകുന്നത്. എന്തുകൊണ്ടാണിത്?
യുവാക്കളെ വിളിച്ചിരുത്തി വിഷലിപ്തമായ ആശയങ്ങളാണ് പല സംഘടനകളും പകര്‍ന്നുകൊടുക്കുന്നത്. ഒരു കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടക്കാരന്റെ ജാതിയും മതവും പാര്‍ട്ടിയും നോക്കണമെന്നും ഒരു തൊഴിലാളിയെ കൂലിക്ക് വിളിക്കുമ്പോള്‍ നമ്മുടെ യൂനിയനില്‍ അംഗത്വമുള്ളവനോ നമ്മുടെ മതക്കാരനോ ആകാന്‍ ശ്രദ്ധിക്കണമെന്നും എന്തിന് ഒരു ഓട്ടോ വിളിക്കുമ്പോള്‍ പോലും അവന്റെ ജാതിയും മതവും പരിഗണിക്കണമെന്നും ഉപദേശിക്കുന്നു. ഇത് ജനഹൃദയങ്ങളില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ അഗ്നിപര്‍വതങ്ങളാണ് സൃഷ്ടിച്ചെടുക്കുന്നത്. ഒരു തീപ്പൊരി മതിയാകും ഇതൊരു വന്‍സ്‌ഫോടനമായി പൊട്ടിത്തെറിക്കാന്‍.
അധികാരം പിടിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുമ്പോള്‍ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത് അംഗീകാരവും പ്രവര്‍ത്തനാനുമതിയും നേടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സംഗത പുലര്‍ത്തുന്നത് കാലം പൊറുക്കാത്ത കുറ്റമായിയിരിക്കും.