സി പി എമ്മിന് ബി ജെ പി ബന്ധം ആരോപിച്ച് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted on: April 26, 2016 1:12 am | Last updated: April 26, 2016 at 10:13 am
SHARE

തിരുവനന്തപുരം: സി പി എമ്മിന്റെ ബി ജെ പി ബന്ധം വെളിപ്പെടുത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ 11 ചോദ്യങ്ങളടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിനെ ബി ജെ പിയുമായി ബന്ധപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സി പി എം പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് സുധീരന്‍ പോസ്റ്റില്‍ പറയുന്നു.

കോണ്‍ഗ്രസിനെതിരെ നുണപ്രചരണം നടത്തുന്ന സി പി എം നേതൃത്വം താന്‍ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോയെന്ന് ചോദിച്ച സുധീരന്‍ അതിനായുള്ള ചോദ്യങ്ങളും ഫേസ്ബുക്കില്‍ കുറിച്ചു. എ ബി വാജ്‌പേയി, എന്‍ ടി രാമറാവു, എല്‍ കെ അദ്വാനി, വി പി സിംഗ്, ജ്യോതി ബസു, ഇ എം എസ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ഫേസ് ബുക്ക് പോസ്റ്റ്.
ഫേസ്ബുക്കില്‍ കുറിച്ച ചോദ്യങ്ങള്‍: 1. ഭാരതീയ ജനസംഘം ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുമായി സി പി എം 1977 ല്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കി. അത് നിഷേധിക്കുമോ? 2. ഉദുമ നിയോജക മണ്ഡലത്തില്‍ ജനസംഘം നേതാവ് കെ ജി മാരാര്‍ക്ക് വേണ്ടി സി പിഎം നേതാക്കാള്‍ വോട്ട് പിടിച്ചു. അത് ശരിയല്ലേ? 3. കൂത്തുപറമ്പില്‍ പിണറായി വിജയന് വേണ്ടി ജനസംഘം നേതാക്കള്‍ വോട്ട് പിടിച്ചത് നിഷേധിക്കുമോ?. 4. ജനസംഘം കൂടി ഉള്‍പ്പെട്ട അന്നത്തെ ജനതാപാര്‍ട്ടി കേന്ദ്ര സര്‍ക്കാറിന് സി പി എം പിന്തുണ നല്‍കിയത് യാഥാര്‍ഥ്യമല്ലേ? അത് നിഷേധിക്കുമോ?.

5. വി പി സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് പിന്തുണ നല്‍കിയതും ആ മന്ത്രിസഭയെ നിലനിര്‍ത്താന്‍ പരിശ്രമിച്ചതും ബി ജെ പിയും സി പി എമ്മും ചേര്‍ന്നുകൊണ്ടല്ലേ?. 6. അക്കാലത്ത് വി പി സിംഗ് നടത്തിയ അത്താഴ വിരുന്നുകളില്‍ ബി ജെ പി -സി പി എം നേതാക്കള്‍ ഒന്നിച്ച് പങ്കെടുത്തത് നിഷേധിക്കുമോ? 7. ലോക്‌സഭ പാസാക്കിയ പഞ്ചായത്തീരാജ് നഗരപാലികാ ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയുടെ പരിഗണനക്ക് വന്നപ്പോള്‍ സി പി എമ്മും ബി ജെ പിയും ഒന്നിച്ച് വോട്ട് ചെയ്ത് അതിനെ പരാജയപ്പെടുത്തിയില്ലേ? 8. ഒന്നാം യു പി എ സര്‍ക്കാറിനെ ആണവ കരാറിന്റെ പേരില്‍ താഴെയിറക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ബി ജെ പിയും സി പി എമ്മും ഒന്നി ച്ച് ചേര്‍ന്ന് വോട്ട് ചെയ്ത് പരിശ്രമിച്ചത് നിഷേധിക്കാനാവുമോ? 9. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മതേതര മഹാസഖ്യത്തിന് എതിരെ കുറുമുണി ഉണ്ടാക്കി മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബി ജെ പിയെ സി പി എം സഹായിച്ചില്ലെ? 10. ചുരുങ്ങിയത് പത്ത് സീറ്റുകളെങ്കിലും ബി ജെ പിക്ക് കൂടുതല്‍ സീറ്റ് കിട്ടിയത് സി പി എമ്മിന്റെ ആ നിലപാടിന്റെ ഫലമല്ലേ?. 11. ബി ജെ പി. എം പി കീര്‍ത്തി ആസാദ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ലോക്‌സഭ ചര്‍ച്ച ചെയ്തപ്പോള്‍ എന്തുകൊണ്ട് സി പി എം മൗനം പാലിച്ചു? ബി ജെ പിയോടുള്ള മൃദുസമീപനത്തിന്റെ ഭാഗമല്ലേയിതെന്ന് ചോദിക്കുന്നു.
ജനങ്ങള്‍ ഈ കാര്യങ്ങളെല്ലാം ഓര്‍ക്കുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരെ സി പി എം നടത്തുന്ന നുണപ്രചരണം ഇനിയെങ്കിലും നിര്‍ത്തണമെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.