വി എസും പിണറായിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: April 25, 2016 6:57 pm | Last updated: April 26, 2016 at 10:06 am
SHARE

പാലക്കാട്/ കണ്ണൂര്‍: അണികളുടെ ആവേശം വാനോളമുയര്‍ന്ന അന്തരീക്ഷത്തില്‍ പ്രതിപക്ഷ നേതാവും മലമ്പുഴയിലെ സി പി എം സ്ഥാനാര്‍ഥിയുമായ വി എസ് അച്യുതാനന്ദനും കണ്ണൂരിലെ ധര്‍മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും നാമനിര്‍ദേശ പത്രിക നല്‍കി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സിവില്‍ സ്‌റ്റേഷനിലെ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ശശിഭൂഷന്‍ മുമ്പാകെയാണ് വി എസ് പത്രിക നല്‍കിയത്. വി എസ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സിവില്‍ സ്‌റ്റേഷനും പരിസരവും ജനനിബിഡമായിരുന്നു.

പ്രസ് ക്ലബ്ബില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനത്തിന് ശേഷമാണ് വി എസ് പത്രിക നല്‍കാനെത്തിയത്. സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ബി രാജേഷ് എം പി, വി എസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എ പ്രഭാകരന്‍, ഏരിയാ സെക്രട്ടറിമാരായ സുഭാഷ് ചന്ദ്രബോസ്, പി എ ഗോകുല്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളും ഇന്നലെ ഉച്ചയോടെ പത്രിക നല്‍കി.
ഒരു ലക്ഷത്തില്‍ രണ്ടായിരത്തില്‍ 899 ബേങ്ക് ബാലന്‍സ്, കൈവശം മൂവ്വായിരം രൂപ മാത്രമാണ്. ഭാര്യ വസുമതിയുടെ പേരില്‍ പത്ത് സെന്റ് സ്ഥലവും വീടും ഉണ്ട്. ഇതിനെ പുറമെ 100ഗ്രാം സ്വര്‍ണ്ണാഭരണമുണ്ട്. മൊത്തം 16 ലക്ഷത്തില്‍ 70,149 ആസ്തിയുള്ളതായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ നാമനിര്‍ദ്ദേശിക സത്യവാങ് മൂലത്തില്‍ അറിയിച്ചു
കണ്ണൂര്‍ കലക്ടറേറ്റിലെ അസിസ്റ്റന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) സാജു സെബാസ്റ്റ്യന് മുമ്പാകെയാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്.
എന്‍ ബാലന്‍, കെ കെ രാജന്‍, കെ കെ നാരായണന്‍ എന്നിവരാണ് പേര് നിര്‍ദേശിച്ചത്. പി കെ ശ്രീമതി എം പി, കെ കെ രാഗേഷ് എം പി, നേതാക്കളായ കെ പി സഹദേവന്‍, എം ചന്ദ്രന്‍, കെ കെ നാരായണന്‍ തുടങ്ങിയവര്‍ക്കൊപ്പം സി പി എം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിന് മുമ്പ് മുന്‍മുഖ്യമന്ത്രി ഇ കെ നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുടെ വസതികളില്‍ പിണറായി സന്ദര്‍ശനം നടത്തി. മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എം വി നികേഷ്‌കുമാര്‍, കെ എം ഷാജി ( അഴീക്കോട്), സതീശന്‍ പാച്ചേനി, കടന്നപ്പള്ളി രാമചന്ദ്രന്‍ ( കണ്ണൂര്‍), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), മന്ത്രി കെ പി മോഹനന്‍, കെ കെ ശൈലജ ( കൂത്തുപറമ്പ്), ടി വി രാജേഷ് ( കല്യാശേരി), എന്‍ എം ഷംസീര്‍ ( തലശേരി) എന്നിവരും ഇന്നലെ പത്രിക സമര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here