ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ഇനി ദുബൈയില്‍

Posted on: April 25, 2016 3:17 pm | Last updated: April 25, 2016 at 3:17 pm
SHARE

ദുബൈ:ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് ദുബൈയില്‍ വരുന്നു. ആഗസ്റ്റ് 15ന് പാര്‍ക്ക് തുറക്കുമെന്ന് ഇല്യാസ് ആന്റ് മുസ്തഫ ഗലദാരി ഗ്രൂപ്പ് (ഐ എം ജി) അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പാര്‍ക്കില്‍ ഒഴിവുവേളകളെ ഉല്ലാസഭരിതമാക്കാന്‍ നിരവധി റൈഡുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഐ എം ജി. സി ഇ ഒ ലെനാര്‍ഡ് ഓട്ടോ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹമും കുട്ടികള്‍ക്ക് 250 ദിര്‍ഹമുമായിരിക്കും ടിക്കറ്റ് നിരക്ക്. ഇന്ന് (തിങ്കള്‍) മുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.
പാര്‍ക്കിലെത്തുന്ന അതിഥികളെ വിനോദത്തിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ ഉല്ലാസത്തിന്റെ ഒരു ലോകമാണ് ഇവിടെയൊരുക്കിയിരിക്കുന്നതെന്ന് ഐ എം ജി എക്‌സിക്യുട്ടീവ് കോ-ചെയര്‍മാന്‍മാരും ഉടമകളുമായ ഇല്യാസ് ഗലദാരിയും മുസ്തഫ ഗലദാരിയും പറഞ്ഞു. വര്‍ഷത്തില്‍ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ പ്രതിദിനം 30,000 പേരെ ഉള്‍കൊള്ളാനാവും. ആദ്യ വര്‍ഷം 45 ലക്ഷം പേര്‍ക്ക് സന്ദര്‍ശനം നടത്താനാകും. വിനോദസഞ്ചാര മേഖലയില്‍ ലോകത്തെ മികച്ച ഹബ്ബായി ദുബൈയെ മാറ്റാന്‍ സഹായിക്കുന്നതാണ് പാര്‍ക്ക്.
പാര്‍ക്കിന്റെ 96 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായി സി ഇ ഒ ലെനാര്‍ഡ് ഓട്ടോ അറിയിച്ചു. അവസാന മിനുക്കുപണികളാണ് ബാക്കിയുള്ളത്. 20 റൈഡുകളാണ് ആദ്യഘട്ടത്തിലുണ്ടാവുക. അതിനുശേഷം നോവോ സിനിമയുടെ 12 സ്‌ക്രീനുകളും ഒരുക്കും.
മാര്‍വല്‍ സോണ്‍, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് സോണ്‍, ലോസ്റ്റ് വാലി സോണ്‍, ഐ എം ജി ബോള്‍വാര്‍ഡ് എന്നിങ്ങനെ നാലു സോണുകളായുള്ള പാര്‍ക്കിന്റെ ആകെ ചെലവ് 100 കോടി യു എസ് ഡോളറാണ്. 4,500 പാര്‍ക്കിംഗ് ഇടങ്ങളും 1,600 ജീവനക്കാരുമുണ്ടാകും തീം പാര്‍ക്കില്‍. ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിന്റെ തീം പാര്‍ക്കും അടുത്ത ഒക്‌ടോബറില്‍ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.