തിരഞ്ഞെടുപ്പ്: ആദിവാസി മേഖലകളില്‍ പോലീസ് വന്‍സന്നാഹമൊരുക്കുന്നു

Posted on: April 22, 2016 12:40 pm | Last updated: April 22, 2016 at 12:40 pm
SHARE

കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വന്‍ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ നീക്കം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ ആദിവാസി ഊരുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ആഭ്യന്തരവ കുപ്പിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നത്. മാവോയിസ്റ്റ് അനുഭാവികളുടെ പുതിയ സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സംസ്ഥാന ജാഥയിലാണ് ആദിവാസി മേഖലകളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ഇത് ഈ മേഖലയില്‍ വന്‍തോതിലുള്ള സംഘര്‍ഷത്തിന് വഴിവെക്കുമെന്നതാണ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.

രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ ജനകീയ പ്രതിരോധം എന്ന പേരിലാണ് യാത്ര സംഘടിപ്പിച്ചത്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി, ആവേറ ഉള്‍പ്പെടെ ഇരുപതോളം പ്രവര്‍ത്തകരാണ് അന്ന് ജാഥയിലുണ്ടായിരുന്നത്.
മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, ആദിവാസി മേഖലകളില്‍നിന്ന് തണ്ടര്‍ ബോള്‍ട്ടിനെ പിന്‍വലിക്കുക, യു എ പി എ, എന്‍ എസ് എന്നീ കരിനിയമങ്ങള്‍ റദ്ദാക്കുക തുടങ്ങി ആറ് ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. യാത്രയുടെ മറവില്‍ ആദിവാസികോളനികളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ഇവര്‍ ആഹ്വാനം നല്‍കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസി മേഖലകളില്‍ വോട്ടെടുപ്പ് ദിവസം കനത്ത പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുന്നത്. ഭൂരഹിതരും ഭവനരഹിതരുമായ ആദിവാസികളെ കൂട്ടുപിടിച്ചുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനാണ് മാവോയിസ്റ്റുകള്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിച്ച എറണാകുളം ജില്ലയിലെ താളുംകണ്ടം, പൊങ്ങിന്‍ ചുവട് ആദിവാസി കോളനികളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വോട്ട് ബഹിഷ്‌കരണാഹ്വാനവുമായി മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായാണ് ഉന്നത പോലീസ് മേധാവികള്‍ക്ക് ലഭിച്ച വിവരം. സഞ്ചരിക്കാന്‍ റോഡും ദാഹമകറ്റാന്‍ കുടിവെള്ളവും വെളിച്ചത്തിന് വൈദ്യുതിയുമില്ലാത്ത ആദിവാസി ഊരുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ആതുരാലയങ്ങളും ചികിത്സിക്കാന്‍ ഡോക്ടറുമില്ലാത്ത കേരളത്തിലെ പല ആദിവാസി കോളനികളിലും പ്രാഥമികവിദ്യാഭ്യാസം നേടാന്‍പോലും സൗകര്യമില്ല. അങ്കണ്‍വാടിയിലാകട്ടെ പഠിപ്പിക്കാന്‍ അധ്യാപകരും ജീവനക്കാരുമില്ല. ഇവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയെന്നതാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. സംസ്ഥാനത്ത് ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയ മുപ്പതോളം ആദിവാസി കോളനികളുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഭൂരഹിതരായ 9,208 ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. 4762 പട്ടിക വര്‍ഗ സങ്കേതങ്ങളിലായി 30,308 ഭവനരഹിതരുമുണ്ട്. ഇവരെ ഏകോപിപ്പിക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നും പോലീസ് വിലയിരുത്തുന്നു.
കേരളത്തിലെ ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചിരുന്നു. ഇവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് ആദിവാസി ഊരുകളിലെത്തുന്നത് വന്‍തോതിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here