യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യ നയമെന്ന് വി.എസ്

Posted on: April 22, 2016 12:21 pm | Last updated: April 23, 2016 at 1:05 am
SHARE

v s achuthanandhanതിരുവന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യ നയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവര്‍ജ്ജനം നടപ്പിലാക്കുകയും ആണ് ആ നയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇപ്പോഴത്തെ മദ്യനയത്തില്‍ എല്‍ഡിഎഫ് മാറ്റം വരുത്തും എന്ന പ്രചാരണം തെറ്റാണെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. മദ്യ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുമെന്നും യെച്ചുരി പറഞ്ഞിരുന്നു.
അടച്ച ബാറുകള്‍ തുറക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇതില്‍ ഒരിടത്തും ആശയക്കുഴപ്പമില്ല. എന്നാല്‍ ഒരു ആശയക്കുഴപ്പവും ഇല്ലാത്ത കാര്യങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടേയും പ്രധാന പരിപാടിയെന്നും വിഎസ് ആരോപിച്ചു. ബാറുകള്‍ പൂട്ടിയെന്ന യുഡിഎഫിന്റെ അവകാശവാദം തെറ്റാണെന്നും ഒരു ബാറും പൂട്ടിയിട്ടില്ലെന്നും അവിടെയെല്ലാം വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും യഥേഷ്ടം വില്‍ക്കുന്നുവെന്നും വിഎസ് ആരോപിക്കുന്നു. യു.ഡി.എഫ് നേതാക്കളാകട്ടെ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ചെയ്യുകയാണെന്നും വി.എസ് പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ബാറും തുറക്കുകയില്ല. നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ച് പണിയും. മദ്യത്തിന്റെ ഉപഭോഗം യഥാര്‍ത്ഥത്തില്‍ കുറയ്ക്കുന്നതിനുള്ള അഴിച്ചു പണിയായിരിക്കും അത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവര്‍ജ്ജനത്തിന് സഹായകമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയും ആണ് വേണ്ടത്. പുകവലിക്കെതിരെ അങ്ങനെയൊരു സംസ്‌കാരം വളര്‍ന്ന് വന്നിട്ടുണ്ട്. ഇതിന്റെ ചുവട്പിടിച്ചുള്ള നടപടിയായിരിക്കും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here