Connect with us

Kerala

പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിപ്പിക്കും. ഗവണര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുനഃപ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സ്പീക്കര്‍ എന്‍ ശക്തനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരനും ഇന്ന് പത്രിക നല്‍കും.

കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ശക്തന്‍ ഉച്ചക്ക് 12.30നാണ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക നല്‍കാവുന്നത്. ഈ മാസം 29 ആണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന മുപ്പതിന് നടക്കും. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതുകൂടി കഴിഞ്ഞാലേ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ലഭ്യമാകൂ. സംസ്ഥാനത്തെ സി പി എം സ്ഥാനാര്‍ഥികള്‍ 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് പത്രികകള്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 29ന് പത്രികകള്‍ നല്‍കും.
വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പത്ത് ലക്ഷത്തിലേറെ പുതിയ അപേക്ഷകള്‍ ലഭിച്ചു. പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി 10,39,954 അപേക്ഷകള്‍ വിവിധ ജില്ലകളിലായി ലഭിച്ചു. തിരുവനന്തപുരത്തായിരുന്നു കൂടുതല്‍ അപേക്ഷകള്‍- 1,24,169. കുറവ് വയനാട്ടിലായിരുന്നു- 23,206. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച മണ്ഡലം താനൂരാണ്- 15,452. കുറവ് ആലത്തൂരിലായിരുന്നു 3,675. മറ്റ് ജില്ലകളില്‍ നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം: കൊല്ലം: 89,012, പത്തനംതിട്ട: 34,116, ആലപ്പുഴ: 69,019, കോട്ടയം: 52,913, ഇടുക്കി: 35,154, എറണാകുളം: 1,06,245, തൃശൂര്‍: 96,135, പാലക്കാട്: 78,663, മലപ്പുറം: 1,14,539, കോഴിക്കോട്: 1,09,559, കണ്ണൂര്‍: 66,137, കാസര്‍കോട്: 41,087. അപേക്ഷകളില്‍ 5,88,708 എണ്ണത്തില്‍ ഇതുവരെ തീരുമാനമായി.