കോഹിനൂര്‍ നിലപാടില്‍ ദുരൂഹത

Posted on: April 22, 2016 6:20 am | Last updated: April 21, 2016 at 11:54 pm
SHARE

SIRAJ.......വിഖ്യാതമായ കോഹിനൂര്‍ രത്‌നത്തിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് ദുരൂഹമാണ്. രത്‌നം തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നു കാണിച്ച് ‘ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ്’ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ, രത്‌നത്തില്‍ അവകാശമുന്നയിക്കാന്‍ ഇന്ത്യക്കവകാശമില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ബലപ്രയോഗത്തിലൂടെയോ മോഷണത്തിലൂടെയോ അല്ല കോഹിനൂര്‍ ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് കൊണ്ട് പോയത്. രത്‌നം ബ്രിട്ടീഷ് രാജ്ഞിക്ക് സമ്മാനിക്കാനായി പഞ്ചാബ് രാജാവായിരുന്ന രഞ്ജിത് സിംഗ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നും ഇതു സംബന്ധിച്ചു സോളിസിറ്റര്‍ ജനറല്‍ കോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മറ്റൊരു രാജ്യത്തിന്റെ മ്യൂസിയത്തിലുള്ള വസ്തു നാം ആവശ്യപ്പെട്ടാല്‍ മറ്റു രാജ്യങ്ങള്‍ നമ്മുടെ കൈയിലുള്ള അവരുടെ വസ്തുക്കള്‍ ആവശ്യപ്പെട്ടു തുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. സത്യവാങ്മൂലം വിവാദമായതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. രത്‌നം ഇന്ത്യക്കവകാശപ്പെട്ടതാണെന്നും അത് മടക്കിക്കൊണ്ടുവരാന്‍ ആകുന്നതെല്ലാം ചെയ്യുമെന്നുമായിരുന്നു തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ വിശദീകരണം. കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് കോഹിനൂര്‍ ഖനനം ചെയ്‌തെടുത്തതെന്നാണ് ചരിത്രം. മുഗള്‍ രാജാക്കന്‍മാര്‍ അഭിമാന ചിഹ്നമാക്കി കൈവശം വെച്ചിരുന്ന ഈ അമൂല്യ രത്‌നം ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ മയൂര സിംഹാസനത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്നു. അതോടെയാണ് കോഹിനൂര്‍ ലോക പ്രശസ്തമാകുന്നത്. പിന്നീട് ഔറംഗസീബ് ലാഹോറിലെ ബാദ്ഷാഹി മസ്ജിദിലാണ് ഈ രത്‌നം സൂക്ഷിച്ചിരുന്നത്. കാലക്രമേണ ഇത് സിഖുകാരുടെ കൈകളിലെത്തുകയും 1850ലെ യുദ്ധത്തില്‍ ഇംഗ്ലണ്ട് പഞ്ചാബിനെ പരാജയപ്പെടത്തിയപ്പോള്‍ രത്‌നം അവര്‍ കൈയിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് രാഞ്ജി അവരുടെ കിരീടത്തില്‍ ഇത് പിടിപ്പിച്ചു. രത്‌നം പതിച്ച ഈ കിരീടം ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ് ബ്രിട്ടന്‍ ഭരണകൂടം.
കോഹിനൂര്‍ തിരികെ കിട്ടാന്‍ സ്വതന്ത്ര്യാനന്തരം ഇന്ത്യ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. 1976ല്‍ രത്‌നം ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി. രാജ്ഞിയോടു കോഹിനൂര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടില്ലെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജിം കല്ലഹാന്റെ പ്രതികരണം. 1997ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 50 വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി എലിസബത്ത് റാണി ഇന്ത്യയില്‍ എത്തിയപ്പോഴും രത്‌നം തിരികെ നല്‍കണമെന്ന ആവശ്യമുയര്‍ന്നു. അവര്‍ അത് നിരസിച്ചു. 2013 ഫെബ്രുവരില്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മറുപടിയും നിഷേധാത്മകമായിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം പി കീത്ത് വാസും ഈ ആവശ്യമുന്നയിച്ചു ബ്രിട്ടീഷ് സര്‍ക്കാറിന് കത്തയക്കുകയുണ്ടായി. ശശി തരൂരിന്റെ ഓക്‌സ്‌ഫോര്‍ യൂനിയന്‍ പ്രഭാഷണത്തിനുടനെയായിരുന്നു സംഭവം. കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടന്‍ ഇന്ത്യയെ സാമ്പത്തികമായി വളരെയേറെ ചൂഷണം ചെയ്തിരുന്നുവെന്നും ബ്രിട്ടന്‍ അതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെടുന്ന തരൂരിന്റെ പ്രസംഗം ഏറെ ശ്രദ്ധേയവും ബ്രിട്ടന്‍ മാധ്യമങ്ങളില്‍ വളരെക്കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാകുകയും ചെയ്തതാണ്. അതിനിടെ കോഹിനൂര്‍ പാക്കിസ്ഥാനില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാക് ഹൈക്കോടതി അവിടുത്തെ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. വിഭജനത്തിന് മുമ്പ് പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് ബ്രിട്ടന്‍ രത്‌നം തട്ടിയെടുത്തതെന്ന ന്യായത്തിന്മേല്‍ അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.
കോഹിനൂര്‍ ഇന്ത്യക്കവകാശപ്പെട്ടതാണെന്നും ബ്രിട്ടീഷ് ഭരണകൂടം വിലപിടിപ്പുള്ള പല വസ്തുക്കളും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് ഈ അമൂല്യരത്‌നമെന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാലങ്ങളായി അത് തിരിച്ച് ഇന്ത്യയിലെത്തിക്കുന്ന പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍നടക്കുന്നിതിനിടെയാണ് സര്‍ക്കാറിനു വേണ്ടി ഹാജറായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. എന്താണ് രാജ്യതാത്പ്യത്തിന് വിരുദ്ധമായ ഇത്തരമൊരു മൊഴിയുടെ പിന്നാമ്പുറം? സര്‍ക്കാറിന്റെ അറിവോടെ തന്നെയാണോ ഈ പരാമര്‍ശം? ചിലര്‍ ആരോപിക്കുന്നത് പോലെ വിദേശ രാഷ്ട്രങ്ങള്‍ക്കിടയില്‍ നല്ല പിള്ള ചമയാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രങ്ങളുടെ ഭാഗമോ? ആരാണിവിടെ ഒളിച്ചു കളിക്കുന്നത്; സര്‍ക്കാറോ ഉദ്യോഗസ്ഥരോ? സോളിസിറ്റര്‍ ജനറലിന്റെ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സന്ദേഹങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. പ്രശ്‌നങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് വരുത്തി രക്ഷപ്പെടാന്‍ ബന്ധപ്പെട്ടവര്‍ക്കാകില്ല.