തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കും; മത്സരിക്കുന്നത് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന്

Posted on: April 18, 2016 10:32 am | Last updated: April 18, 2016 at 1:34 pm
SHARE

SREESANTHകൊച്ചി: ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തിരിച്ചുവരവ് നടത്തിയേക്കും. അദ്ദേഹത്തിന് ബി സി സി ഐ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച ബി ജെ പി നേതൃത്വത്തില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രീശാന്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നാണ് സൂചന.

ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശവും ശ്രീശാന്തിന് അനുകൂലമായിരുന്നു. തുടക്കത്തില്‍ അനുരാഗ് ഠാക്കൂര്‍ സ്വീകരിച്ചിരുന്ന നിലപാട് ശ്രീശാന്തിന് അനുകൂലമായിരുന്നില്ല. എന്നാല്‍ ശ്രീശാന്ത് ബി ജെ പി സ്ഥാനാര്‍ഥിയായതോടെ നിലപാട് മാറിയതായാണ് വിവരം. ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ വിവാദത്തില്‍ കാര്യമില്ലെന്നായിരുന്നു ബി ജെ പി എംപി കൂടിയായ അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ശ്രീശാന്തിനായി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്ക് ശ്രീശാന്ത് വീണ്ടും മടങ്ങിവരുമെന്ന സൂചനയാണ് അനുരാഗ് ഠാക്കൂറിന്റെ വാക്കുകളിലുള്ളത്.
ഇന്ത്യന്‍ താരമായിരുന്ന ശ്രീശാന്ത് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്നതിനിടയിലായിരുന്നു കോഴ വാങ്ങി ഒത്തുകളിച്ചുവെന്നാരോപിക്കപ്പെട്ട് മുംബൈയില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

ശ്രീശാന്തിനൊപ്പം കളിച്ചിരുന്ന രാജസ്ഥാന്റെ താരങ്ങളായ അജിത് ചാണ്ഡില, അങ്കിത് ചവാന്‍ എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് മക്കോക്ക ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി ശ്രീശാന്തിനെ തിഹാര്‍ ജയിലില്‍ അടച്ചു.
പിന്നീട് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്തിനെയും സഹതാരങ്ങളെയും ഡല്‍ഹി പട്യാല ഹൗസ്് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കു നീക്കാന്‍ ബി സി സി ഐ തയ്യാറായിരുന്നില്ല. വിലക്ക് നീക്കാന്‍ ശ്രീശാന്ത് നിരവധി ശ്രമം നടത്തിയെങ്കിലും ഇതുവരെ ഇതില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐ യെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് തത്കാലം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബി സി സി ഐ.

ബി സി സി ഐയുടെ അനുകൂല നിലപാട് വരും വരെ കാത്തിരിക്കുമെന്നും ഇന്ത്യക്ക് വേണ്ടി വീണ്ടും ക്രിക്കറ്റ് കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്നു ശ്രീശാന്ത് നടത്തിയ പ്രതികരണം.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീശാന്ത് തിരുവനന്തപുരത്ത് ബി ജെ പിയുടെ നിയമസഭാ സ്ഥാനാര്‍ഥിയായി രംഗ പ്രവേശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് ശ്രീശാന്ത് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇടത് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ശ്രീശാന്തിന്റെ മാതാപിതാക്കളെങ്കിലും രാജസ്ഥാനിലെ രാജകുടുംബത്തില്‍പ്പെട്ട ശ്രീശാന്തിന്റെ ഭാര്യയുടെ കുടുംബം ബി ജെ പി രാഷ്ട്രീയത്തോടും കേന്ദ്ര നേതാക്കളുമായും അടുപ്പം പുലര്‍ത്തുന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here