വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും:മുഖ്യമന്ത്രി

Posted on: April 18, 2016 10:38 am | Last updated: April 18, 2016 at 3:41 pm

oommen chandyതിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഇന്ന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റവന്യുമന്ത്രിയും, റവന്യുസെക്രട്ടറിയും കൂടിയാലോചിച്ച് ഇത് സംബന്ധിച്ച് വിശദമായ കണക്കുകള്‍ തയ്യാറാക്കി 117 കോടി രൂപയുടെ സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ, വീടുകളും കിണറുകളും തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ജോലിചെയ്യാന്‍ സാധിക്കാത്തവിധം അംഗവൈകല്യം സംഭവിച്ചവരുടെ പുനരധിവാസം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് കേന്ദ്രസഹായം തേടുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മന്ത്രിസഭാ ഉപസമിതി ദുരന്തമുണ്ടായ പ്രദേശം സന്ദര്‍ശിക്കുകയും ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരും നല്‍കിയിരുന്നു. മന്ത്രിസഭാ ഉപസമിതിയും ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കേന്ദ്രസഹായമായി 117 കോടി ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ നേതാക്കള്‍ ദുരന്ത സ്ഥലത്ത് എത്തിയതിനെ ഇപ്പോഴും തങ്ങള്‍ സ്വാഗതം ചെയ്യുക തന്നെയാണെന്നും, അവരുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.