Connect with us

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: അത്ഭുതം പ്രതീക്ഷിച്ച് റയല്‍

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡിന് ഇന്ന് മരണക്കളി. ജര്‍മന്‍ ക്ലബ്ബ് വിഎഫ്എല്‍ വുള്‍സ്ബര്‍ഗിനെതിരെ 2-0ന് പിറകില്‍ നില്‍ക്കുന്ന സിനദിന്‍ സിദാന്റെ റയലിന് സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിക്കണമെങ്കില്‍ ഗംഭീര തിരിച്ചുവരവ് നടത്തണം. ഹോംഗ്രൗണ്ടിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 3-0 മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. നിശ്ചിത സമയത്ത് 2-0 മാര്‍ജിനില്‍ ജയിച്ചാല്‍, മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയെടുക്കാം.
ഇന്ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയെ നേരിടും. ഫ്രാന്‍സിലെ ആദ്യ പാദം 2-2ന് തുല്യമായിരുന്നു. ഇതില്‍ ഇംഗ്ലീഷ് ക്ലബ്ബിന് രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കമുണ്ട്.
രണ്ട് ഗോളുകള്‍ തിരിച്ചടിക്കുക, അതിന് ശേഷം നാടകീയമായി വിജയഗോള്‍ നേടുക. റയല്‍ കാണുന്ന സ്വപ്‌നം അവര്‍ക്ക് അപ്രാപ്യമല്ല. വൂള്‍സ്ബര്‍ഗിനെ വീഴ്ത്താനുള്ള കരുത്ത് റയലിന്റെ ആയുധപ്പുരയിലുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമില്‍ നില്‍ക്കുന്നുവെന്നത് തന്നെ പ്രധാനം.
തുടരെ ആറ് സീസണുകളില്‍ റയലിനായി മുപ്പത് ഗോളുകള്‍ തികച്ച് ക്രിസ്റ്റ്യാനോ റെക്കോര്‍ഡിട്ടതിന്റെ ആവേശം അടങ്ങിയിട്ടില്ല. കോച്ച് സിനദിന്‍ സിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ നേരിട്ടത് പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ്. അത്ഭുതം സംഭവിക്കും, റയല്‍ ഇതിന് മുമ്പും ഇത്തരം സാഹചര്യങ്ങള്‍ വിജയകരമായി തരണം ചെയ്തിട്ടുണ്ട്- സിദാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
റയലിന്റെ ആരാധക വൃന്ദത്തിലാണ് ക്രിസ്റ്റ്യാനോ എല്ലാം അര്‍പ്പിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ ഇരച്ചെത്തുന്ന പതിനായിരങ്ങള്‍ക്ക് മാത്രമേ, റയലിനെ സഹായിക്കാന്‍ സാധിക്കൂ. ആ രാത്രിയില്‍ റയലിന് ജയം സമ്മാനിക്കുവാന്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണക്കേ സാധിക്കൂവെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.
തുടക്കത്തില്‍ തന്നെ ലീഡ് നേടുക പ്രധാനമാണ്. ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയാല്‍ റയലിന് വലിയ സാധ്യതയുണ്ട്. ആക്രമണ ഫുട്‌ബോള്‍മാത്രമാണ് രക്ഷ – മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപാനിക്ക് ഇന്നും കളത്തിലിറങ്ങാനാകില്ല. പേശീവലിവ് ഭേദമായെങ്കിലും ബെല്‍ജിയം ഡിഫന്‍ഡര്‍ നൂറ് ശതമാനം ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് സിറ്റി കോച്ച് മാനുവല്‍ പെല്ലെഗ്രിനി പറഞ്ഞു. 2008 ല്‍ സിറ്റിയിലെത്തിയ കൊംപാനി ഇത് പതിനാലാം തവണയാണ് പരുക്കേറ്റ് കളത്തിന് പുറത്താകുന്നത്.
ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട കൊംപാനി ഇന്നലെ രാവിലെ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഉച്ചക്ക് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോച്ച് മാനുവല്‍ പെല്ലെഗ്രിനി കൊംപാനിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി. അതേ സമയം, ആംഗിളിന് പരുക്കേറ്റ ഡിഫന്‍ഡര്‍ നികോളാസ് ഓടമെന്‍ഡി പരിശീലന സെഷനില്‍ നിന്ന് വിട്ടു നിന്നെങ്കിലും രണ്ടാം പാദത്തിനുള്ള സ്‌ക്വാഡില്‍ ഇടം പിടിച്ചു. 2011 ല്‍ എഫ് സി പോര്‍ട്ടോക്കൊപ്പം യൂറോപ ലീഗ് ജേതാവാണ് നികോളാസ് ഓടമെന്‍ഡി.
കൊംപാനിയുടെ അഭാവത്തില്‍ ഓടമെന്‍ഡിക്കാകും പ്രതിരോധനിരയിലെ നേതൃസ്ഥാനം. എലിയാക്വും മംഗാലയാണ് സിറ്റിയുടെ മറ്റൊരു പ്രധാന ഡിഫന്‍ഡര്‍. ഗോള്‍മാര്‍ജിനില്‍ മാറ്റമില്ലാതെ, സമനില പിടിച്ചെടുത്താല്‍ തന്നെ സിറ്റിക്ക് സെമി ഉറപ്പിക്കാം. ആ നിലക്ക്, പ്രതിരോധത്തിലാകും സിറ്റിയുടെ ശ്രദ്ധയത്രയും. പി എസ് ജിയാകട്ടെ, ടോപ് സ്‌കോറര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചില്‍ പ്രതീക്ഷയര്‍പ്പിച്ച് മുഴുവന്‍ സമയം ആക്രമണ മൂഡിലായിരിക്കും.
കൊംപാനി പ്രതിരോധത്തില്‍ ഇല്ലെന്നത് പി എസ് ജിക്ക് മാനസിക മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. കാരണം, കൊംപാനി കളിച്ചപ്പോള്‍ സിറ്റി മൂന്ന് തവണ മാത്രമാണ് തോറ്റത്. ഇതിലൊരു തോല്‍വി സെപ്തംബറില്‍ യുവെന്റസിനെതിരെ ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഇതിലാകട്ടെ, കൊംപാനിയെ സബ് സ്റ്റിറ്റിയൂട്ട് ചെയ്തപ്പോഴായിരുന്നു യുവെന്റസ് സിറ്റിക്കെതിരെ വിജയഗോള്‍ നേടിയതും.
എന്നാല്‍, പ്രതിരോധ നിരയെ കുറിച്ച് തനിക്ക് ആവലാതികളില്ലെന്ന് സിറ്റി കോച്ച് പെല്ലെഗ്രിനി പറയുന്നു. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരുമിച്ചു കളിച്ചതിന്റെ പരിചയം എന്റെ ഡിഫന്‍ഡര്‍മാര്‍ക്കുണ്ട്. ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളാണ് ടീമിലുള്ളത്. പി എസ് ജിക്കെതിരെ ആദ്യ പാദത്തില്‍ സംഭവിച്ച പ്രതിരോധപ്പിഴവുകള്‍ പരിഹരിച്ചു കഴിഞ്ഞു. രണ്ട് എവേ ഗോളുകളുടെ ബലമുണ്ടെന്ന് കരുതി നെഗറ്റീവ് ഫുട്‌ബോള്‍ കളിക്കില്ലെന്ന് പെല്ലെഗ്രിനി പറഞ്ഞു. സ്‌കോര്‍ ചെയ്യാനാണ് സിറ്റി കളിക്കുന്നത്. ഫുട്‌ബോളില്‍ സ്‌കോറിംഗിനാണ് പ്രാധാന്യം കല്പിക്കുന്നതെന്നും പെല്ലെഗ്രിനി പറഞ്ഞു.
2014 ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സെമി കളിച്ചതിന് ശേഷം ആ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാകുവാന്‍ കൂടിയാണ് സിറ്റി ഒരുങ്ങുന്നത്.
സിറ്റിയില്‍ സീസണോടെ കോച്ചിംഗ് കരിയര്‍ അവസാനിക്കുന്ന പെല്ലെഗ്രിനി സെമിബെര്‍ത് ഏതുവിധേനയും നേടിയെടുക്കാനുള്ള പ്രയത്‌നത്തിലാണ്. ഇതിനായി, പരമാവധി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്റ് പ്രയത്‌നിക്കുന്നു.