കുറ്റത്തിനൊടുക്കുന്ന പിഴ

അനുമതി നിഷേധിച്ചിട്ടും അതിന് രേഖയുണ്ടായിട്ടും മത്സര വെടിക്കെട്ട് നടന്നു. മത്സര വെടിക്കെട്ടുണ്ടാകുമെന്ന അറിയിപ്പ് ക്ഷേത്ര ഭരണസമിതി അച്ചടിച്ച നോട്ടീസിലൂടെ ദിവസങ്ങള്‍ക്ക് മുമ്പേ നാട്ടുകാരെ മുഴുവന്‍ അറിയിച്ചിരുന്നു. നോട്ടീസിലെ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ളവരാരും അറിഞ്ഞില്ലെന്നാണോ അറിഞ്ഞിട്ടും ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നാണോ കരുതേണ്ടത്? അറിഞ്ഞിട്ടും മൗനം പാലിച്ചതാകാനാണ് സാധ്യത. ആ മൗനത്തിന് മികച്ച പ്രതിഫലം ലഭിച്ചിട്ടുണ്ടാകണം. വെടിക്കെട്ട് ആചാരമായി തുടരുമ്പോള്‍ അപകടങ്ങളും ആചാരം പോലെ തുടരട്ടെ എന്ന മനോഭാവമാണ് ഭരണാധികാരികള്‍ തുടര്‍ന്നത്.
Posted on: April 11, 2016 4:04 am | Last updated: April 11, 2016 at 12:09 am
SHARE

paravur4എഴുതേണ്ടത് അപകടത്തെക്കുറിച്ചാണ്. എന്തൊക്കെ അപകടത്തെക്കുറിച്ച് എന്ന് മാത്രമേ സംശയമുള്ളൂ. നൂറിലേറെപ്പേരെ ജീവനെടുത്തുവെന്നതിനാല്‍ വെടിക്കെട്ട് അപകടത്തിന്റെ ചൂടാറിയിട്ടില്ല. മുമ്പുള്ള ദിവസങ്ങളില്‍ ആനകള്‍ ഇടഞ്ഞ് ഏതാനും പേരുടെ ജീവനെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചാണോ എഴുതേണ്ടത്, അതോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊക്കെ തുടരാന്‍ അനുവദിക്കുന്ന അപകടത്തെക്കുറിച്ചോ? ദുരന്തമുഖത്ത് പാലിക്കേണ്ട സാമാന്യ മര്യാദകള്‍ ലംഘിക്കപ്പെടുന്നതിലെ അപകടം വേറെ. നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ചടങ്ങിന്റെ ഭാഗമായി അനുമതികള്‍ നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഭരണസംവിധാനമെന്ന അപകടം മറ്റൊന്നാണ്. അതിലെ അഴിമതി ഇത്തരം അപകടങ്ങളിലേക്ക് വഴിമരുന്നിടുന്നുവെന്ന അപകടം വേറൊന്നും.
കൊല്ലം പരവൂരിലെ ക്ഷേത്രവളപ്പിലുണ്ടായത് കേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലുതാണ്. പടക്കങ്ങളും മറ്റ് വെടിക്കോപ്പുകളും നിര്‍മിക്കുന്നതിനിടെയും വെടിക്കെട്ട് നടത്തുന്നതിനിടെയുമായി ചെറുതും വലുതുമായ ആയിരത്തോളം അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. മനുഷ്യജീവനുകള്‍ പൊലിഞ്ഞതും അല്ലാത്തതുമായി. കൊല്ലത്തെ അപകടമുണ്ടാകുന്നതിന് ഏതാനും ദിവസം മുമ്പാണ് പാലക്കാട് ജില്ലയിലെ പ്രസിദ്ധമായ നെന്മാറ – വല്ലങ്കി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിനിടെ ചെറിയ അപകടമുണ്ടായത്. ഇവിടെ പ്രയോഗിക്കുന്ന കരിമരുന്നിന്റെ അളവ് പരിഗണിച്ചാല്‍ ഭാഗ്യം കൊണ്ട് വ്യാപ്തി വലുതായില്ലെന്ന് പറയേണ്ടിവരും. പരവൂരിലേത് പോലെ തന്നെ മത്സര വെടിക്കെട്ടാണ് നെന്മാറ – വല്ലങ്കിയിലേതും.
പരവൂരിലെ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്താന്‍ അനുവദിക്കരുതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തഹസീല്‍ദാരും പോലീസ് ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കി. 12 കിലോഗ്രാം വെടിമരുന്ന് ഉപയോഗിച്ച് വെടിക്കെട്ട് നടത്താനുള്ള അനുമതിക്കാണ് അപേക്ഷിച്ചിട്ടുള്ളതെങ്കിലും അതിലധികം ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ ദുരന്ത സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിഗണിച്ച് കൊല്ലം ജില്ലാ ഭരണകൂടം മത്സര വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ഇപ്പോഴത്തെയൊരു രീതി പരിഗണിച്ചാല്‍ അനുമതി നിഷേധിച്ചതിന് രേഖയുണ്ടെന്നും അതിന്റെ പകര്‍പ്പ് ദുരന്താനന്തരം എല്ലാ മാധ്യമങ്ങള്‍ക്കും ലഭിച്ചുവെന്ന് കൂടി പറയാം.
അനുമതി നിഷേധിച്ചിട്ടും അതിന് രേഖയുണ്ടായിട്ടും മത്സര വെടിക്കെട്ട് നടന്നു. മത്സര വെടിക്കെട്ടുണ്ടാകുമെന്ന അറിയിപ്പ് ക്ഷേത്ര ഭരണസമിതി അച്ചടിച്ച നോട്ടീസിലൂടെ ദിവസങ്ങള്‍ക്ക് മുമ്പേ നാട്ടുകാരെ മുഴുവന്‍ അറിയിച്ചിരുന്നു. നോട്ടീസിലെ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ളവരാരും അറിഞ്ഞില്ലെന്നാണോ അറിഞ്ഞിട്ടും ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നാണോ കരുതേണ്ടത്? അറിഞ്ഞിട്ടും മൗനം പാലിച്ചതാകാനാണ് സാധ്യത. ആ മൗനത്തിന് മികച്ച പ്രതിഫലം ലഭിച്ചിട്ടുണ്ടാകണം. 12 കിലോഗ്രാം കരിമരുന്ന് ഉപയോഗിച്ച് വെടിക്കെട്ടു നടത്താന്‍ അനുമതി വാങ്ങിയവര്‍ അതിന്റെ പലമടങ്ങ് കരിമരുന്ന് ഉപയോഗിച്ചിച്ചുണ്ടെങ്കില്‍ അത് നേരത്തെ സംഭരിച്ചുവെച്ചിട്ടുണ്ടാകണം. കണക്കില്‍ കവിഞ്ഞ് കരിമരുന്ന് സംഭരിക്കാന്‍ കരാറുകാര്‍ക്ക് സാധിക്കുന്നത് എങ്ങനെ? ഇത്തരം കരാറുകാര്‍ മാത്രമല്ല, കേരളത്തിലെ ക്വാറി മുതലാളിമാരൊക്കെ കണക്കില്‍ കവിഞ്ഞ് സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ച് സൂക്ഷിക്കുന്നുണ്ട്. ഇതൊക്കെ സാധിക്കണമെങ്കില്‍ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ വേണം. ഉചിതമായ പ്രതിഫലമില്ലാതെ ഈ പിന്തുണ കിട്ടുകയുമില്ല.
ചെറുതും വലുതുമായ ആയിരത്തോളം അപകടങ്ങളുണ്ടായിട്ടും ഈ ശൃംഖലയിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം ഉണ്ടായിട്ടേയില്ല. ഓരോ സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷണമുണ്ടാകും. വെടിക്കോപ്പ് നിര്‍മാണത്തിനും വെടിക്കെട്ട് നടത്തുന്നതിനും ലൈസന്‍സുണ്ടായിരുന്നോ എന്നതാണ് പ്രാഥമികമായ അന്വേഷണം. അതില്ലെങ്കിലൊരു കേസ്. അതിന്റെ അന്വേഷണവും വിചാരണയും മുറക്ക് നടക്കും. ലൈസന്‍സില്ലാതെ ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെട്ടവര്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കപ്പെട്ടതായോ വീഴ്ച വരുത്തിയവരെ ആരെയെങ്കിലും ശിക്ഷിച്ചതായോ വിവരമില്ല. ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ എന്തെങ്കിലും നിര്‍ദേശിക്കപ്പെട്ടതായോ നടപ്പാക്കപ്പെട്ടതായോ അറിയുകയുമില്ല. വെടിക്കെട്ട് ആചാരമായി തുടരുമ്പോള്‍ അപകടങ്ങളും ആചാരം പോലെ തുടരട്ടെ എന്ന മനോഭാവമാണ് ഭരണാധികാരികള്‍ തുടര്‍ന്നത്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇവ ഒഴിവാക്കാമെന്ന തോന്നല്‍ ജനത്തിനും ഉണ്ടാകാറില്ല. ആഘോഷം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി വര്‍ഷാവര്‍ഷം വെടിക്കെട്ടിന്റെ വലുപ്പം വര്‍ധിപ്പിക്കാന്‍ ഉത്സാഹക്കമ്മിറ്റികള്‍ ഉത്സാഹിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലൊരു അപകടമുണ്ടായാല്‍ പിന്നെ കാണുന്ന കാഴ്ച, അപകടസ്ഥലത്തേക്കും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിലേക്കമുള്ള നേതാക്കളുടെ പ്രവാഹമാണ്. നേതാക്കളെത്തിയില്ലെങ്കില്‍ തിരിഞ്ഞുനോക്കിയില്ലെന്ന പരാതി ഉയര്‍ത്താന്‍ ആളുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പറയട്ടെ, ഈ പ്രവാഹം നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കണം, പരമാവധിപേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ പാകത്തിലുള്ള സൗകര്യങ്ങളൊരുക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റും സാധിക്കണം, ബന്ധുക്കളാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് തെരഞ്ഞെത്തുന്നവര്‍ക്ക് വിവരം ലഭിക്കണം ഇതൊക്കെയാണ് പ്രാഥമികമായി നടക്കേണ്ടത്. അപകടത്തില്‍ ജീവഹാനിയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് ഭൗതിക ശരീരം വേഗം കൈമാറാനും സാധിക്കണം. അപകടം നടന്നയിടത്ത് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതൊക്കെ സാധിക്കുന്നതിന് അപകടമുണ്ടായിടത്തേക്കും ആശൂപത്രികളിലേക്കും നേതാക്കള്‍ പ്രവഹിക്കേണ്ട ആവശ്യമില്ല. അതിന് ചുമതലപ്പെട്ട വിഭാഗത്തിലെ ആളുകള്‍ എത്തിയാല്‍ മതി. അവരെ പ്രവര്‍ത്തനസജ്ജമാക്കുക എന്ന ജോലിയാണ് നേതാക്കള്‍ ചെയ്യേണ്ടത്. അതു കഴിഞ്ഞിട്ടുമതി സന്ദര്‍ശനമെന്ന് നേതാക്കള്‍ കൂട്ടായി തീരുമാനിക്കണം. അത് ജനത്തെ അറിയിക്കുകയും വേണം. അപ്പോള്‍ പിന്നെ അപകടമുണ്ടായ ഉടന്‍ തിരിഞ്ഞുനോക്കിയില്ല എന്ന പരാതി ഒഴിവാക്കാം.
നേതാക്കള്‍ക്കൊപ്പം ചില നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കും വേണം. ദൃശ്യമാധ്യമങ്ങളുടെ എണ്ണം കൂടുകയും തത്സമയ സംപ്രേഷണമില്ലാതെ കഴിയില്ലെന്ന് അവയൊക്കെ തീരുമാനിക്കുകയും ചെയ്തതോടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളുടെ വേഗത്തെ ബാധിക്കും വിധത്തിലേക്ക് മാധ്യമ പ്രവര്‍ത്തനം എത്തിയിരിക്കുന്നു. സംഭവ സ്ഥലത്ത് വാഹന – ജന ബാഹുല്യമുണ്ടാക്കാന്‍ മാധ്യമ സാന്ദ്രത കാരണമാകുന്നുണ്ട്. എത്തുന്ന നേതാക്കള്‍ക്കൊക്കെ പിറകെ മൈക്കുമായി പായുന്നത് മൂലമുള്ള പ്രശ്‌നം വേറെ. കൊല്ലത്തെ ജനറല്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി എത്തിയ സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. മുഖ്യമന്ത്രി എത്തുമ്പോള്‍ മൈക്ക് കാണിക്കാന്‍ തിരക്ക് കൂട്ടുന്ന മാധ്യമപ്പട. അദ്ദേഹം തിരിച്ചിറങ്ങുമ്പോഴും മൈക്ക് കാണിക്കാന്‍ തിരക്ക്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനപ്രതിനിധികളോ മറ്റ് നേതാക്കളോ ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൈക്കുമായി വളഞ്ഞാല്‍ മതിയെന്ന നിശ്ചയം മാധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്ന് എടുക്കണം. അപകടമുണ്ടായാലുള്ള കൂട്ടപ്രയാണവും അതിന് പിറകെയുള്ള മാധ്യമ പ്രയാണവും സൃഷ്ടിക്കുന്ന ഔചിത്യ മര്യാദകളുടെ ലംഘനമെന്ന അപകടം ഒരു പരിധിവരെ കുറക്കനാകും.
യാദൃച്ഛികമായുണ്ടാകുന്ന അപകടങ്ങള്‍ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വലിയ അപകടങ്ങളും കാണാതിരുന്നുകൂടാ. പരവൂരിലെ അപകടത്തിന് പിറകെ സി പി എം – മുസ്‌ലിം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനമാണിതെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച വര്‍ഗീയവാദികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത് അതിനാണ്. ഏതപകടവും മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വിഗണിക്കാവുന്ന അപകടകാരികളല്ല. പരവൂരിലെ വെടിക്കെട്ട് തടയാന്‍ ശ്രമിക്കുന്നത് അന്യമതക്കാരിയായ ജില്ലാ കളക്ടറാണെന്ന് പ്രചിരിപ്പിച്ച് സമ്മര്‍ദമുയര്‍ത്തി അനുമതി വാങ്ങിെയെടുക്കാന്‍ ശ്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അത് വസ്തുതയെങ്കില്‍ അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരും അപകടത്തിന് ഉത്തരവാദികളാണ്. വെടിക്കട്ടപകടത്തിന് മാത്രമല്ല, വര്‍ഗീയ അപകടത്തിനും.
മരണങ്ങള്‍ വിതക്കുന്ന ഇത്തരം വിനോദങ്ങള്‍ നിരോധിക്കുക എന്നതാണ് ലളിതമായ പരിഹാരം. വിശ്വാസി സമൂഹത്തിന്റെ വോട്ടുകള്‍ നഷ്ടമാകുമെന്ന് ഭയമുള്ള രാഷ്ട്രീയക്കാര്‍ അതിന് തയ്യാറാകില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, കൂടുതല്‍ അഴിമതിക്ക് വഴിവെക്കുക എന്നതിനാകും അവര്‍ തയ്യാറാകുക. അപകടങ്ങളെപ്പോലും മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ് മറ്റൊന്ന് ചെയ്യാനുള്ളത്. അതിനും നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രചാരണം നടത്തിയത് ‘രാജ്യ ദ്രോഹി’കളല്ലാത്തതിനാല്‍ പ്രത്യേകിച്ചും.
ക്രൈം ബ്രാഞ്ച് മുതല്‍ ജുഡീഷ്യല്‍ വരെ നീളുന്ന ഒരന്വേഷണമാണ് നടക്കാനിടയുള്ളത്. വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചവരും നടത്തിപ്പ് കരാറെടുത്തവരും കുറ്റക്കാരാണെന്ന് കണ്ടെത്തി അവസാനിക്കുന്നതാകും ക്രൈം ബ്രാഞ്ച് അന്വേഷണം. അതിനപ്പുറത്തുള്ള കണ്ണികളിലേക്ക് അത് നീളുകയേ ഇല്ല. ജൂഡീഷ്യല്‍ അന്വേഷണമാണെങ്കില്‍ സര്‍ക്കാറിന്റെ അലമാരകളില്‍ അലങ്കാരമാകാന്‍ മറ്റൊരു റിപ്പോര്‍ട്ട് കൂടി തയ്യാറാകും. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളൊക്കെ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് കാട്ടി, ഒരു നടപടി റിപ്പോര്‍ട്ട് നിയമസഭക്ക് മുന്നിലെത്തുകയും ചെയ്യും.
അപകടത്തെക്കുറിച്ച് പ്രതികരിക്കവെ പലകുറി ആവര്‍ത്തിച്ചിട്ടും നാമൊന്നും പഠിച്ചില്ലെന്ന പിണറായി വിജയന്റെ വാക്കുകളില്‍ യാഥാര്‍ഥ്യ ബോധത്തിന്റെ പ്രതിഫലനമുണ്ട്. മെയ് പതിനാറിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയാലും ഒന്നും സംഭവിക്കില്ലെങ്കില്‍പ്പോലും.

LEAVE A REPLY

Please enter your comment!
Please enter your name here