ദേശീയ ദുരന്തമായി കാണണം: കാന്തപുരം

Posted on: April 10, 2016 10:38 pm | Last updated: April 11, 2016 at 4:21 pm

Kanthapuram AP Aboobacker Musliyarകോഴിക്കോട്: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 110 പേര്‍ക്ക് ജീവഹാനി നേരിടാനിടയായ സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഗാധ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണിത്. നൂറിലേറെ പേര്‍ക്ക് ജീവഹാനി നേരിടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത, ഈ ദുരിതത്തെ ദേശീയ ദുരന്തമായി കാണണം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ സഹായം ലഭ്യമാക്കണമെന്നും പരുക്കേറ്റവര്‍ക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. രാജ്യത്തെ നടുക്കിയ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ വന്നുപെടാതിരിക്കാന്‍ സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് കര്‍ശന നിയന്ത്രങ്ങള്‍ ഉണ്ടാകണമെന്നും പ്രസ്താവനയില്‍ കാന്തപുരം ആവശ്യപ്പെട്ടു.