Connect with us

Gulf

സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പരീക്ഷണം ആരംഭിച്ചു

Published

|

Last Updated

ദോഹ: സ്മാര്‍ട്ട് എയര്‍പോര്‍ട്ട് ആകാനുള്ള പരീക്ഷണ ഘട്ടത്തിന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ തുടക്കം കുറിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍ സുലൈത്വി സംബന്ധിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്വതന്ത്രവും സുഗമവുമായ സേവനങ്ങള്‍ നല്‍കുന്ന സൗകര്യങ്ങള്‍ നല്‍കുന്ന സംവിധാനങ്ങള്‍ പ്രധാനന്ത്രിക്കും ഗതാഗത മന്ത്രിക്കും ഹമദ് എയര്‍പോര്‍ട്ട് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്‍ജി. ബ്രിഗേഡിയര്‍ മുഹമ്മദലി മീര്‍ വിശദീകരിച്ചു കൊടുത്തു. ചെക്ക് ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെ യാത്രക്കാര്‍ക്ക് സ്വന്തമായി ചെയ്യാവുന്ന സെല്‍ഫ് സര്‍വീസ് സൗകര്യമാണ് എയര്‍പോര്‍ട്ടില്‍ സജ്ജമാക്കുന്നത്. കാത്തുനില്‍പ്പു സമയം കുറക്കുകയും കാര്യക്ഷമമായ സേവനം ഉറപ്പു വരുത്തുകയും ചെയ്യുന്നതിലൂയെ യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യം.
എയര്‍പോര്‍ട്ടിലെ സൗജന്യ വൈഫൈ, ഐ ബീക്കണ്‍ മൊബൈല്‍ ആപ്പ് സേവനങ്ങള്‍ ഉപയോഗിച്ച് എല്ലാ എയപോര്‍ട്ട് സേവനങ്ങളും സ്ഥാനനങ്ങളും യാത്രക്കാര്‍ക്ക് അതിവേഗം കണ്ടു പിടിക്കാന്‍ സാധിക്കും. ലോകോത്തര സംവിധാനങ്ങള്‍ സജ്ജീകരിച്ച് മികച്ച സേവനം നല്‍കുന്നതിനാണ് എല്ലായെപ്പോഴും ശ്രമിച്ചു വരുന്നതെന്ന് സി ഒ ഒ മുഹമ്മദലി മീര്‍ പറഞ്ഞു. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ക്കും സുരക്ഷക്കും വേണ്ടി സജ്ജമാക്കിയ സാങ്കേതികവിദ്യകള്‍ ലോകത്തെ മുന്‍നിര എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കുന്നതാണ്. ഹോം പ്രിന്റഡ് ബാഗ് ടാഗ് ഏര്‍പ്പെടുത്തിയ ലോകത്തെ ആദ്യ എയര്‍പോര്‍ട്ടായി ഇതിനകം ഹമദ് മാറിയിട്ടുണ്ട്.
സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സേവനം എയര്‍പോര്‍ട്ടില്‍ സജ്ജമായിട്ടുണ്ട്. എന്നാല്‍ നെക്സ്റ്റ് ജനറേഷന്‍ കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പ് എന്നിവ ഉടന്‍ സജ്ജമാക്കും. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെത്തി സ്വന്തമായി തന്നെ ചെക്ക് ഇന്‍ നടത്തി ബോര്‍ഡിംഗ് പാസ് പ്രിന്റെടുക്കുകയും ബാഗേജ് ടാഗ് സ്വീകരിച്ച അവ ബാഗേജില്‍ പതിച്ച് നിശ്ചിത സ്ഥാനത്ത് നിക്ഷേപിക്കുകയും ചെയ്യുന്ന സേവനമാണിത്. അധികം വരുന്ന ബാഗേജിന് പണമടക്കാനുള്ള സംവിധാനവും ലോഞ്ച് സൗകര്യമുള്‍പ്പെടെയുള്ള അധിക സേവനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള സംവിധാനവും സജ്ജമാക്കും. വിമാനക്കമ്പനികളുമായി ചേര്‍ന്നാണ് ഇത്തരം സേവനങ്ങള്‍ സജ്ജമാക്കുക.
വിമാനത്താവളത്തില്‍ ഇപ്പോള്‍ 63 ഓട്ടോമാറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ ഇ ഗേറ്റുകളാണുള്ളത്. സ്വദേശികള്‍ക്കും രാജ്യത്ത് റസിഡന്റ്‌സ് പെര്‍മിറ്റുള്ളവര്‍ക്കും ഇ ഗേറ്റുകള്‍ ഉപയോഗിക്കും. ബയോ മെട്രിക് ഐ ഡി കാര്‍ഡുള്ളവര്‍ക്കാണ് ഇതു സാധ്യമാകുക. രാജ്യത്ത് സന്ദര്‍ശനം നടത്തുന്നവര്‍ക്കുകൂടി ഉപയോഗപ്പെടുത്താവുന്ന വിധം സേവനങ്ങള്‍ വിപുലീകരിക്കുന്നതന് വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ലോകത്തു തന്നെ അപൂര്‍വം എയര്‍പോര്‍ട്ടുകളില്‍ മാത്രമുള്ള സ്മാര്‍ട്ട് സെക്യൂരിറ്റി സംവിധാനമാണ് ഹമദ് എയര്‍പോര്‍ട്ടിലുള്ളത്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള സെക്യൂരിറ്റി പരിശോധന പരീക്ഷണഘട്ടത്തിലാണ്. നടപടികള്‍ വേഗത്തിലാക്കുന്ന സംവിധാനമാണിത്. സെല്‍ഫ് ബോര്‍ഡിംഗ് ഗേറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
ഭാവിതലമുറ സിംഗിള്‍ ടോക്കണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു വേണ്ടി വിവിധ ഗവണ്‍മെന്റ് അതോറിറ്റികളുമായും ഇതര എയര്‍പോര്‍ട്ട് കമ്പനികളുമായും നിരന്തരം ആശയവിനിമയം നടത്തി വരികയാണെന്ന് സി ഒ ഒ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഒരേ രേഖകള്‍ പലയിടത്തായി പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക ലക്ഷ്യമാണ്. ഇതിനകം ഒട്ടേറെ സ്മാര്‍ട്ട് സേവനങ്ങള്‍ അവതരിപ്പിച്ച എയര്‍പോര്‍ട്ട് ഭാവിയില്‍ കൂടുതല്‍ സ്മാര്‍ട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest