കന്‍ഹയ്യകുമാര്‍ ചൊവ്വാഴ്ച തലസ്ഥാനത്ത്

Posted on: April 10, 2016 12:46 am | Last updated: April 10, 2016 at 12:46 am

kanayya copyതിരുവനന്തപുരം: ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എ ഐ എസ് എഫ് നേതാവുമായ കന്‍ഹയ്യകുമാര്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തും. ആദ്യമായാണ് കനയ്യ കുമാര്‍ കേരളത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കില്ല. പുത്തരിക്കണ്ടം മൈതാനത്ത് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യകുമാര്‍ എത്തുന്നത്.
എ ഐ എസ് എഫ്, എ ഐ വൈ എഫ് എന്നീ സംഘടനകളുടെ നേത്വത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലിനാണ് പരിപാടി. പാളയത്ത് നിന്ന് യുവജന വിദ്യാര്‍ഥി റാലിയുടെ അകമ്പടിയോടെ കനന്‍ഹയ്യകുമാറിനെ സ്വീകരണവേദിയിലേക്ക് ആനയിക്കും.
അതേസമയം പരിപാടിയിലെ വേദിയില്‍ രാഷ്ട്രീയ നേതാക്കളുണ്ടാകില്ല. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായി മാത്രം പരിപാടിയെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിവാദങ്ങളൊഴിവാക്കാനാണ് സി പി ഐ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. വിവാദങ്ങളുണ്ടായാല്‍ ബി ജെ പി രാഷ്ട്രീയമായി മുതലെടുക്കുമെന്ന ഭയവും ഇടതു നേതൃത്വത്തിനുണ്ട്.
എ ഐ എസ് എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെ എന്‍ യു. എ ഐ എസ് എഫ് യൂനിറ്റ് പ്രസിഡന്റ് അപരാജിത രാജ, യൂനിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, ചരിത്രകാരനും മുന്‍ ജെ എന്‍ യു അധ്യാപകനുമായ ഡോ. കെ എന്‍ പണിക്കര്‍, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ , എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ പി ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം, കന്‍ഹയ്യകുമാറിന് സുരക്ഷാ ഭീഷണി ഉണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കി. തലസ്ഥാനത്തെത്തുന്ന കനയ്യ കുമാറിനെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു തുറന്ന ജീപ്പില്‍ കിഴക്കേക്കോട്ടയിലെ നായനാര്‍ പാര്‍ക്കിലെത്തിക്കാനാണ് പാര്‍ട്ടി പരിപാടി. പരിപാടിയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമം ഉണ്ടാകുമെന്ന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുര്‍ന്ന് കൂടുതല്‍ പോലീസിനെ നഗരത്തില്‍ വിന്യസിക്കും.