ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി യു എ ഇ

Posted on: April 9, 2016 2:52 pm | Last updated: April 9, 2016 at 2:52 pm
SHARE

Saud-Al-Nowaisദുബൈ: എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ കാര്‍ഷികമേഖലയില്‍ നിക്ഷേപം നടത്താന്‍ യു എ ഇ പദ്ധതിയിടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തി സമ്പദ് വ്യവസ്ഥക്ക് പിന്തുണ നല്‍കാനാണ് യു എ ഇയുടെ തീരുമാനം. ഭക്ഷ്യോത്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷക്കുള്ള രാജ്യാന്തര ശ്രമങ്ങളില്‍ പങ്കാളികളാകുകയുമാണ് യു എ ഇയുടെ ലക്ഷ്യമെന്നു യു എസിലെ യു എ ഇ സ്ഥാനപതികാര്യാലയത്തിലെ കൊമഴ്‌സ്യല്‍ കോണ്‍സുലര്‍ സഊദ് അല്‍ നുവൈസ് വ്യക്തമാക്കി. ബ്രസീലിലും റൊമാനിയയിലും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും കാര്‍ഷിക രംഗത്ത് സഹകരിക്കാന്‍ യു എ ഇ ധാരണയായിട്ടുണ്ട്. സെര്‍ബിയ, മൊറോക്കോ, പാക്കിസ്ഥാന്‍, ഈജിപ്ത്, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയവിടങ്ങളില്‍ യു എ ഇ കാര്‍ഷിക മേഖലയില്‍ ഒന്നിച്ചുള്ള സഹകരണം തേടിയിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന സെര്‍ബിയന്‍ ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ യു എ ഇ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് എ അല്‍ നുഐമി വ്യക്തമാക്കിയിരുന്നു.
എണ്ണ ആശ്രിതത്വം പൂര്‍ണമായും ഉപേക്ഷിച്ച് എണ്ണയിതരമേഖലയില്‍ വിവിധ പദ്ധതികളുമായി യു എ ഇ വന്‍മുന്നേറ്റമാണ് നടത്തുന്നതെന്ന് അല്‍ നുവൈസ് പറഞ്ഞു. വിപണിയില്‍ തുറന്ന സമീപനത്തോടെ ഇടപെട്ട് രാജ്യാന്തര പങ്കാളിത്തം ശക്തമാക്കും. കാര്‍ഷിക-ഭക്ഷ്യോത്പാദന രംഗങ്ങളില്‍ യു എ ഇ ഇതിനോടകം ആര്‍ജിച്ച അറിവുകള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ രംഗത്ത് പല രാജ്യങ്ങളും യു എ ഇയുമായി സഹകരിക്കുന്നുണ്ട്.
യു എ ഇയുടെ ഭൂമിശാസ്ത്ര സവിശേഷതകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, നിയമ പരിരക്ഷ എന്നിവ കാര്‍ഷിക പദ്ധതികള്‍ക്കും കാര്‍ഷികോത്പന്ന കയറ്റുമതിക്കും സഹായകമാണ്. ലോകത്തിലെ പ്രധാന വാണിജ്യ വിപണന കേന്ദ്രങ്ങളിലേക്ക് യു എ ഇ വഴി വേഗത്തില്‍ എത്തിച്ചേരാനാകും. മികച്ച തുറമുഖങ്ങളും സംഭരണകേന്ദ്രങ്ങളും രാജ്യത്തുണ്ട്. യു എസില്‍നിന്നുള്‍പെടെ കൂടുതല്‍ കമ്പനികള്‍ യു എ ഇയിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു എ ഇയുടെ കാര്‍ഷികപദ്ധതികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം നിരവധി ലോകരാഷ്ട്രങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഹൈഡ്രോപോണിക് രീതിയുള്‍പെടെ പരീക്ഷിച്ച് മരുഭൂമിയില്‍ നൂറുമേനിവിളയിക്കാമെന്നു തെളിയിച്ച യു എ ഇയുടെ സഹായം പ്രയോജനപ്പെടുത്താന്‍ സെര്‍ബിയ സഹായം തേടിയിരുന്നു.
വിവോഡിന മേഖലയിലെ 13 കേന്ദ്രങ്ങളില്‍ 24,000 ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷികമേഖലയില്‍ കൃഷി ഊര്‍ജിതമാക്കാനാണു പദ്ധതി. ലോകരാജ്യങ്ങള്‍ക്ക് ഹരിതസാങ്കേതികവിദ്യകള്‍ കൈമാറുന്ന പ്രമുഖ രാജ്യമായി യു എ ഇയെ മാറ്റുകയാണു വിഷന്‍ 2021ന്റെ ലക്ഷ്യം. നിര്‍മാണമേഖലയിലടക്കം ഹരിതപദ്ധതികള്‍ക്കാവശ്യമായ ഉപകരണങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാനുള്ള ശേഷി ഈ കാലയളവിനുള്ളില്‍ കൈവരിക്കും. ഇതര ജി സി സി രാജ്യങ്ങള്‍ക്കും യു എ ഇ മാതൃകയാണ്.
യു എ ഇയില്‍ ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം ഭൂമിയില്‍ ജൈവകൃഷി വ്യാപിപ്പിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ജൈവകൃഷിയിടങ്ങളുടെ വ്യാപ്തി 200 ഹെക്ടറില്‍നിന്ന് 4,286 ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. ജൈവ ഭക്ഷ്യസാധനങ്ങളോടൊപ്പം വിത്തിനങ്ങളും വളവും കൂടുതലായി അവതരിപ്പിക്കുകയും കര്‍ഷകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്യാനും ആലോചിക്കുന്നതായും സഊദ് അല്‍ നുവൈസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here