ഇന്‍ഡോ- ഗള്‍ഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശ്രമം നടന്നു വരുന്നതായി കെ എം എ മേത്തര്‍

Posted on: April 8, 2016 8:59 pm | Last updated: April 8, 2016 at 8:59 pm
കെ എം എ മേത്തര്‍
കെ എം എ മേത്തര്‍

ദോഹ: ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിക്കാവുന്ന മേഖലയാണ് ഫുട്‌ബോളെന്നും ഇന്‍ഡോ ഗള്‍ഫ് ടൂര്‍ണമെന്റ് ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കളിക്കാര്‍ക്കും ഫുട്ബാളിന് മൊത്തത്തിലും ഏറെ ഗുണം ചെയ്യുമെന്നും ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ എം ഐ മേത്തര്‍. ദോഹയില്‍ ഖിയ ഫുട്ബാള്‍ ടൂര്‍ണമന്റ് ഉദ്ഘാടനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖരോടു സംസാരിക്കുകയായിരുന്നു.
ഇന്‍ഡോ ഗള്‍ഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സാധ്യമാക്കാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പരിശ്രമം തുടരും. പ്രിയരഞ്ജന്‍ദാസ് മുന്‍ഷി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റായതു മുതല്‍ ടൂര്‍ണമെന്റിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. യു എ ഇ പ്രസിഡന്റുമായി ഇതു സംബന്ധിച്ച് താന്‍ നേരത്തെ സംസാരിച്ചിരുന്നു. അവര്‍ക്കും താത്പര്യമുണ്ട്. കാലാവസ്ഥ അനുസരിച്ച് വേദികള്‍ തീരുമാനിക്കാം. കേരള ഫുട്ബാള്‍ താരങ്ങള്‍ക്ക് ഇതുവഴി ഏറെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബാളില്‍ സമീപകാലത്ത് കാണുന്ന ഉണര്‍വ് പ്രതീക്ഷ നല്‍കുന്നു. കളിക്കാര്‍ക്ക് തുടര്‍ച്ചയായി അവസരം ലഭിച്ചില്ലെങ്കില്‍ അവരുടെ കളിമികവ് ദുര്‍ബലമാകും. പ്രഫഷനല്‍വത്കരിക്കാന്‍ വൈകിയതാണ് ഇന്ത്യന്‍ ഫുട്ബാളിനും കളിക്കാര്‍ക്കും മികവിലെത്താന്‍ കഴിയാതെ പോയതിനു പ്രധാന കാരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഈ രംഗത്തേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഐ എസ് എല്‍ ടൂര്‍ണമെന്റ് കാണികളുടെ പങ്കാളിത്തം കൊണ്ടു മാത്രമായിരുന്നില്ല വിജയകരമായത്. നമ്മുടെ കളിക്കാര്‍ക്ക് വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതുവഴി കളിമികവും വേഗവും പരിചയിക്കാന്‍ സാധിച്ചു. ഫുട്ബാളിന് കൂടുതല്‍ ജനകീയത സൃഷ്ടിക്കാനും കാല്‍പന്തു കളിയിലേക്കു പുതുപ്രതിഭകളെ കൊണ്ടുവരാനും ടൂര്‍ണമെന്റ് വഴിവച്ചിരിക്കുന്നു. സചിന്‍ ടെണ്ടുല്‍ക്കറാണ് ഉടമയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനെ കേരളീയര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. കൊച്ചി വേദിയെ ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ അംഗീകരിച്ചതു കേരളത്തിന്റെ കളിക്കമ്പത്തിനു ലഭിച്ച വലിയ അംഗീകാരമാണ്. കായിക മേഖലക്കും ഫുട്ബാളിനും ഖത്വര്‍ നല്‍കുന്ന പരിഗണന ശ്രദ്ധേയമാണ്. 2022ലെ ഫിഫ ലോകകപ്പ് വിജയകരമാകുമെന്നാണ് പ്രതീക്ഷയെന്നും കെ എം ഐ മേത്തര്‍ പറഞ്ഞു.