Connect with us

Gulf

ദുബൈ വാര്‍ഷിക നിക്ഷേപ സംഗമത്തിന് ഇന്ത്യന്‍ പ്രദര്‍ശനവും സെമിനാറും

Published

|

Last Updated

ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും മറ്റു പ്രമുഖരും മേക് ഇന്‍ ഇന്ത്യ ലോഗോയുമായി

ദുബൈ: ഈ മാസം 11 മുതല്‍ 13 വരെ ദുബൈയില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ഇന്ത്യയുടെ മേക് ഇന്‍ ഇന്ത്യ പവലിയന്‍ ശ്രദ്ധേയമാകുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താലേഖകരെ അറിയിച്ചു. ഇതോടൊപ്പം മേക് ഇന്‍ ഇന്ത്യ സെമിനാറും നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടാകും. യു എ ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് ഇതിന് പിന്തുണ നല്‍കുന്നത്. ഇന്ത്യയുടെ എണ്ണ പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനും യു എ ഇ വിദേശ വാണിജ്യ വ്യവസായ ഉപ മന്ത്രി അബ്ദുല്ല അല്‍ സാലിഹും സംയുക്തമായി പവലിയന്‍ ഉദ്ഘാടനം ചെയ്യും.

നിക്ഷേപത്തിന് ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ബഹുരാഷ്ട്ര കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ദേശീയ കമ്പനികള്‍ സജീവമായി രംഗത്തുണ്ട്. 2014 സെപ്തംബര്‍ 25നാണ് പ്രധാനമന്ത്രി മേക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 25 മേഖലകളുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വന്‍തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും പ്രതീക്ഷിക്കുന്നു. മേക് ഇന്‍ ഇന്ത്യ പവലിയന്‍ 11ന് രാവിലെ 11നാണ് ഉദ്ഘാടനം ചെയ്യുക. സെമിനാര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തന്നെയായിരിക്കും.
ഇന്ത്യയില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്. ഫിക്കി 25 അംഗ പ്രതിനിധി സംഘവുമായാണ് എത്തുന്നത്. അടിസ്ഥാന സൗകര്യം, ഭക്ഷ്യ സംസ്‌കരണം, ഐ ടി തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള ചര്‍ച്ചകളും നടക്കും. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ പ്രത്യേക സംഘവും എത്തുന്നുണ്ടെന്നും സെമിനാര്‍ ഏപ്രില്‍ 11 ഉച്ചക്ക് 2.30നാണ് ആരംഭിക്കുന്നതെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

 

Latest