National
വിജയകാന്തിന്റെ പാര്‍ട്ടി പിളര്‍പ്പിലേക്ക്
ചെന്നൈ: പാര്‍ട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്തായ പത്ത് ഡി എം ഡി കെ നേതാക്കന്മാര്‍ പാര്‍ട്ടി മേധാവി വിജയകാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി മൂന്ന് എം എല്‍ എമാരടക്കമുള്ള സംഘം പാര്‍ട്ടിക്കെതിരെ വിമത നീക്കവും ആരംഭിച്ചിട്ടുണ്ട്. സി പി എം, സി പി ഐ തുടങ്ങിയ ചെറിയ പാര്‍ട്ടികളുമായി ഒന്നിച്ച് പ്രധാന മുന്നണിക്കെതിരെ ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്നത് ഏകപക്ഷീയമായ നടപടിയാണെന്നും ഇത് പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി മേധാവി വിജയകാന്ത് ഇവരെ പുറത്താക്കിയത്. അച്ചടക്കലംഘനം ആരോപിച്ചായിരുന്നു നടപടി.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി നിനില്‍ക്കുന്നതല്ലെന്ന് പുറത്താക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ സെക്രട്ടറിയായിരുന്ന ചന്ദ്രകുമാര്‍ വ്യക്തമാക്കി.
ഡി എം ഡി കെയിലെ വിമത സ്വരവും പ്രമുഖ നേതാക്കളെ പുറത്താക്കിയ വിജയകാന്തിന്റെ നടപടിയും ജനക്ഷേമ മുന്നണിയെ ബാധിച്ചേക്കും. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായുള്ള ഈ പൊട്ടിത്തെറി പുതിയ പാര്‍ട്ടിയുടെ പിറവിക്കും കാരണമായേക്കും. മോശമല്ലാത്ത ജനപിന്തുണയുള്ളവരാണ് മൂന്ന് എം എല്‍ എമാരും പാര്‍ട്ടിയുടെ പ്രധാന നേതാക്കളങ്ങുന്ന പത്ത് പേര്‍. ജനക്ഷേമ മുന്നണിയുടെ വോട്ട് ചോരുന്നതിന് ഇത് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ജയലളിതക്കും കരുണാനിധിക്കുമെതിരായി ശക്തമായ ഒരു മൂന്നാം മുന്നണിയാണ് വിജയകാന്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടത്. സീറ്റ് വിഭജന ചര്‍ച്ചയും മുന്നണി പൂര്‍ത്തിയാക്കിയിരുന്നു. വിജയകാന്തിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നണി പ്രഖ്യാപിച്ചത്.


