മോദിക്ക് മറുപടി: ഭീകരവിരുദ്ധ നിലപാടുകളില്‍ മാറ്റമില്ലെന്ന് യു എന്‍

Posted on: April 7, 2016 5:46 am | Last updated: April 7, 2016 at 12:47 am

യുനൈറ്റഡ് നാഷന്‍: ഭീകരവാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയുമുള്ള നിലപാടുകളില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്ര സഭ. ഇത്തരം അപകടങ്ങളെ ചെറുക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട പ്രതികരണം തന്നെയാണ് ഐക്യരാഷ്ട്ര സഭക്കുള്ളതെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് വ്യക്താക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതക്കെതിരെ യു എന്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാടില്‍ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി യു എന്‍ രംഗത്തെത്തിയത്.
ആഗോള തലത്തില്‍ ഐക്യരാഷ്ട്ര സഭ ഭീകരതക്കെതിരെ സംയുക്ത പോരാട്ടം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണക്ക് വേണ്ടി ഐക്യരാഷ്ട്ര സഭ ശ്രമങ്ങള്‍ നടത്താറുമുണ്ട്. ഭീകരവാദികള്‍ നടത്തുന്ന ബോംബാക്രമണങ്ങളാണെങ്കിലും ഭീകരവാദികളുടെ സാമ്പത്തിക മേഖലയാണെങ്കിലും എല്ലാം ഐക്യരാഷ്ട്രസഭയുടെ പരിഗണനയില്‍ വരാറുണ്ടെന്നും വക്താവ് ഹര്‍ഫാന്‍ ഹഖ് ചൂണ്ടിക്കാട്ടി. എന്താണ് ഭീകരവാദമെന്നും എങ്ങനെയാണിത് കൈകാര്യം ചെയ്യേണ്ടതെന്നും ഐക്യരാഷ്ട്ര സഭക്കറിയില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഈ പ്രതികരണം. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭ തീവ്രവാദത്തെ നേരിടുന്നത് സംബന്ധിച്ച നിര്‍ണായക യോഗം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.