കടലാസ് രഹിത ഖത്വര്‍

Posted on: April 6, 2016 7:01 pm | Last updated: April 7, 2016 at 6:43 pm
SHARE

No paper 2ദോഹ : സുസ്ഥിരമായ പരിസ്ഥിതിക്കും സുരക്ഷിതമായ ആരോഗ്യത്തിനും വേണ്ടി നാളെ രാജ്യത്ത് കടലാസില്ലാത്ത ഖത്വര്‍ ദിനമായി ആചരിക്കും. ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഹ് കൗണ്‍സിലിന്റെ ആഭിമുഖത്തില്‍ കടലാസ് ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണത്തില്‍ പങ്കുചേരാന്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ കമ്പനികളോടും വ്യക്തികളോടും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
രാജ്യത്ത് ജനങ്ങള്‍ക്കിടയിലും സ്ഥാപനങ്ങള്‍ക്കിടയിലും സുസ്ഥിരതക്കായി നടത്തിവരുന്ന പ്രകൃതിസൗഹൃദ ആശയ ബോധവത്കരണത്തിന്റെ ഭാഗമായാണ് കടലാസ് രഹിതദിനം ആചരിക്കന്നതെന്ന് കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളും ജനങ്ങളും ജീവിത്തിതത്തിന്റെ എല്ലാ മേഖലകളിലും പ്രകൃതിസൗഹൃദരീതി സ്വീകരിക്കണമെന്നും കടലാസിന്റെ ഉപയോഗം ഗണ്യമായി കുറക്കണമെന്നും കൗണ്‍സില്‍ അഭ്യര്‍ഥിക്കുന്നു.രാജ്യത്തെ വിഭവങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ട് ബിസിനസ് കാര്യക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം എന്ന അന്വേഷണവും ബോധവത്കരണവും കാംപയിന്റെ ഭാഗമാണ്. പ്രകൃതിസൗഹൃദ മാര്‍ഗം സ്വീകരിക്കുക വഴി ലഭ്യമാകുന്ന പാരിസ്ഥിതിക, ആരോഗ്യ സുരക്ഷകള്‍ എടുത്തു പറയുന്നു.
കടലാസിന്റെ പുനരുപയോഗവും ബദല്‍ ഉപയോഗവും പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനും കൗണ്‍സില്‍ ശ്രമിക്കുന്നു. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച കടലാസ് രഹിതദിനം പദ്ധതിക്ക് ഓരോ വര്‍ഷവും പ്രതികരണം കൂടിവരികയാണെന്ന് ഗ്രീന്‍ബില്‍ഡിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ മിശാല്‍ അല്‍ ശമരി പറഞ്ഞു.
രാജ്യത്തെ കടലാസ് ഉപയോഗം വര്‍ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് ശരാശരി അഞ്ചു ദശലക്ഷം ഷീറ്റ് പേപ്പറുകളാണ് ഒരു ദിവസം ഉപയോഗിച്ചിവരുന്നുവെന്നാണ് കണക്ക്. കമ്പനികള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവക്ക് എങ്ങിനെ പേപ്പര്‍ ഉപയോഗം കുറക്കാമെന്നതില്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനത്തില്‍ ഫലം ഉണ്ടായി.
രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 50ലധികം സ്ഥാപനങ്ങളും സംഘടനകളും കാംപയിനില്‍ പങ്കു ചേരാന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍മാണമേഖല, ഹോസ്പിറ്റാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, വിദ്യാഭ്യാസം, സസ്റ്റൈനബിലിറ്റി, ഫസിലിറ്റി മാനേജ്‌മെന്റ്, കാറ്ററിംഗ്, കണ്‍സള്‍ട്ടിംഗ്, കമ്യൂണിക്കേഷന്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍നിന്നെല്ലാം പ്രചാരണത്തിന് പിന്തുണയും പങ്കാളിത്തവും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രകൃതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ ഉത്തരവാദിത്ത നിര്‍വഹണമാണെന്ന് മിശാല്‍ അല്‍ ശമരി പറഞ്ഞു.
നിത്യജീവിതത്തില്‍ എങ്ങനെ കടലാസ് ഉപയോഗം കുറക്കാം എന്നതു സംബന്ധിച്ച് കാംപയിന്റെ ഭാഗമായി പരിശീലനം സംഘടിപ്പിക്കും. വീട്, ഓഫീസ്, സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം ബോധവത്കണ പ്രവര്‍ത്തനങ്ങളുണ്ടാകും. കൂടാതെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെയും പ്രചാരണം നടത്തും.
#NPDQatar എന്ന ഹാഷ് ടാഗിലാണ് ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നത്. ഖത്വര്‍ ഫൗണ്ടേഷന്റെ ഭാഗമായ ഖത്വര്‍ ഗ്രീന്‍ബില്‍ഡിംഗ് കൗണ്‍സില്‍ ഫൗണ്ടേഷന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതതിനും വേണ്ടി നിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here