വിഷു വിപണിയിലേക്ക് ജൈവ പച്ചക്കറിയുമായി സി പി എം

Posted on: April 5, 2016 11:16 am | Last updated: April 5, 2016 at 11:16 am
SHARE

vegeteble marketകോഴിക്കോട്: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 85 വിഷു പച്ചക്കറി ചന്തകള്‍ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 11, 12, 13 തീയതികളിലാണ് പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുക. വിളവെടുപ്പ് കഴിഞ്ഞ 20 കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ ചന്തകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷു ചന്തകള്‍ക്കായി 2060 ടണ്‍ ജൈവ പച്ചക്കറി വിളവെടുപ്പിനായി തയ്യാറായിട്ടുണ്ട്. 645.5 ഏക്കര്‍ സ്ഥലത്താണ് വിഷു വിളവെടുപ്പ് ലക്ഷ്യമിട്ട് ജില്ലയില്‍ കൂട്ടു കൃഷി ആരംഭിച്ചത്. ഇത്തരമൊരു ജനകീയ ഇടപെടലിന്റെ ഭാഗമായി വിഷു സീസണില്‍ ജില്ലയില്‍ ആവശ്യമായ പച്ചക്കറിയുടെ അമ്പത് ശതമാനം ഇവിടെത്തന്നെ ഉത്പാദിപ്പിക്കാന്‍ സാധിച്ചു.

കഴിഞ്ഞ സീസണില്‍ 1075 ടണ്‍ പച്ചക്കറി ജില്ലയില്‍ ഉത്പാദിപ്പിച്ചിരുന്നു. മലയോര പ്രദേശങ്ങളിലാണ് കൂടുതലായും പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. കൈവേലി, കൈനാട്ടി, വടകര നടക്കുതാഴ, വില്ല്യാപ്പള്ളി. ബാലുശ്ശേരി മുക്ക്, ടൗണ്‍, പന്നൂര്‍, കായണ്ണ, പന്നിക്കോട്, പുതുപ്പാടി, ചെറുവണ്ണൂര്‍, ഫറോക്ക്, രാമനാട്ടുകര, ഒളവണ്ണ, കാവില്‍ റോഡ്, കൊയിലാണ്ടി ടൗണ്‍, കാട്ടില്‍ പീടിക, പൊയില്‍കാവ്, കാവുംവട്ടം, കാപ്പാട് എന്നിവിടങ്ങളിലാണ് നിലവില്‍ ചന്തകള്‍ തുടങ്ങിയിട്ടുള്ളത്.
പതിനായിരം വീടുകളില്‍ അടുക്കളത്തോട്ടവും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷയോടൊപ്പം പച്ചക്കറിയുടെ വിലക്കയറ്റവും തടയാന്‍ ജനകീയ ഇടപെടല്‍ കൊണ്ട് സാധിച്ചതായി പി മോഹനന്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ പി വിശ്വന്‍, പി രാജന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here