സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

Posted on: April 5, 2016 12:06 am | Last updated: April 5, 2016 at 12:06 am
SHARE

powerതിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. കനത്ത ചൂടിനെ അതിജീവിക്കാന്‍ എയര്‍ കണ്ടീഷനുകളുടെയും കൂളറുകളുടെയും ഫാനുകളുടെയും ഫ്രിഡ്ജിന്റെയും ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് ഇപ്പോഴുള്ളതിലും അധികമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം ഇതിലും വര്‍ധിക്കും. രണ്ട് മാസത്തോളം ഈ സാഹചര്യം നിലനിന്നാല്‍ സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്കാകും കൂപ്പുകുത്തുക. ജലവൈദ്യുത സ്രോതസുകളിലെയെല്ലാം ജലനിരപ്പ് ആശങ്കാകരമാം വിധം താഴ്ന്നിട്ടുണ്ട്. കേരളത്തിലെ പ്രധാന ജലവൈദ്യുത സ്രോതസായ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110.50 അടിയായി താഴ്ന്നു. ഇതോടൊപ്പം തേക്കടി തടാകത്തിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വൈദ്യുതി ഉപഭോഗം കൂടിയതനുസരിച്ച് കെ എസ് ഇ ബി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതോത്പാദനം 9.915 ദശലക്ഷം യൂനിറ്റാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രതിദിനം 1948.039 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ജലസംഭരണികളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം പ്രതിദിനം 2143.465 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ടായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറച്ച് പകരം പുറത്ത് നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണുകയാണ് വൈദ്യുത ബോര്‍ഡ്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ 6.13 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്. എന്നാല്‍, ഈ മാസം ഉപഭോഗം വീണ്ടും കൂടിയതോടെ ഉത്പാദനം 8.1 ദശലക്ഷമായും അതിന് ശേഷം 9.915 ദശലക്ഷമായും ഉയര്‍ത്തി. അതേസമയം, വേനല്‍ കൂടുതല്‍ കടുത്താല്‍ ഇനിയും ഉത്പാദനം കൂട്ടുകയല്ലാതെ നിവൃത്തിയില്ല. എന്നാല്‍, ഡാമിലെ ജലനിരപ്പ് സമുദ്ര നിരപ്പില്‍നിന്ന് 2335 അടിയായി കുറഞ്ഞിട്ടുണ്ട്. സംഭരണശേഷിയില്‍ 34 ശതമാനത്തിന്റെ കുറവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഉണ്ടായിരുന്ന 142 അടി വെള്ളമാണ് ഇപ്പോള്‍ 110.50 അടിയായി കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും മഴ ലഭിച്ചെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ തേക്കടി, കുമളി എന്നിവിടങ്ങളില്‍ മഴ ലഭിക്കാത്തതാണ് ജലനിരപ്പ് കുറയാനിടയാക്കിയത്. മാത്രമല്ല തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നതിനാല്‍ അവിടേക്ക് സെക്കന്‍ഡില്‍ 150 ഘന അടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതും ജലനിരപ്പ് കുറക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here