ഇന്ത്യന്‍ എംബസിയും നവയുഗവും തുണച്ചു: ഷക്കീല നാട്ടിലേക്ക് മടങ്ങി

Posted on: April 4, 2016 6:33 pm | Last updated: April 4, 2016 at 6:33 pm

navayugamദമ്മാം: സ്‌പോണ്‍സറുടെ പിടിവാശി മൂലം ദുരിതാവസ്ഥയിലായ മുംബൈ സ്വദേശിനി ഇന്ത്യന്‍ എംബസിയുടെയും, നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ വനിതാ തര്‍ഹീല്‍ (നാട്കടത്തല്‍ കേന്ദ്രം) വഴി നാട്ടിലേ്ക്ക് മടങ്ങി.

മുംബൈ സ്വദേശിനിയായ ഷക്കീല ഭാക്ഷു മിയാന്‍ മനിയാര്‍ നാലു മാസങ്ങള്‍ക്ക് മുമ്പാണ് ദമാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൗസ്‌മൈഡ് ആയി ജോലിക്കെത്തിയത്. ഷക്കീലക്കും അവരുടെ അനുജത്തിക്കും, ഒരേ സ്‌പോണ്‍സര്‍ നാട്ടിലുള്ള ഒരു ഏജന്റ് വഴി ഹൗസ്‌മൈഡ് വിസ നല്‍കുകയായിരുന്നു. അനുജത്തിയുടെ വിസയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം നേരിട്ടതിനാല്‍, ഷക്കീല മാത്രമായി സൗദിയില്‍ വീട്ടുജോലിക്കെത്തുകയായിരുന്നു.

എന്നാല്‍ ആ വീട്ടിലെ ജോലി സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. രാപകല്‍ ഇല്ലാതെ ആ വലിയ വീട്ടില്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. വിവരം നാട്ടിലറിയിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ സ്‌പോണ്‍സര്‍ ശമ്പളം പോലും നല്‍കിയില്ല. തുടര്‍ന്ന് സ്‌പോണ്‍സര്‍ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം ഷക്കീല ആ വീടിനു വെളിയില്‍ ഒളിച്ചു കടന്ന്, ദമാമിലുള്ള ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക്കില്‍ അഭയം തേടുകയായിരുന്നു. അവര്‍ ഷക്കീലയെ സൗദി പോലീസിന്റെ സഹായത്തോടെ വനിതാ തര്‍ഹീലില്‍ എത്തിച്ചു.

തര്‍ഹീല്‍ അധികാരികള്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടന്‍ അടക്കമുള്ള നവയുഗം പ്രവര്‍ത്തകര്‍ ഇടപെട്ട് ഷക്കീലയെ നാട്ടിലേക്കയക്കുകയായിരുന്നു.