ഏറനാട് നിലനിര്‍ത്താനുറച്ച് യു ഡി എഫ്, പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ്

Posted on: April 4, 2016 12:19 pm | Last updated: April 4, 2016 at 12:19 pm
SHARE

അരീക്കോട്:2008 ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ നിലവില്‍ വന്ന പുതിയ നിയമസഭാ മണ്ഡലമായ ഏറനാട് അതിന്റെ രണ്ടാമത്തെ പ്രതിനിധിയെ നിയമസഭയിലെത്തിക്കാനുള്ള പോരാട്ടത്തെിനൊരുങ്ങി കഴിഞ്ഞു.

സിറ്റിംഗ് എം എല്‍ എ. പി കെ ബശീര്‍ രണ്ടാമങ്കത്തിനായി ആഴ്ചകള്‍ക്കു മുമ്പേ ഗോഥയിലിറങ്ങിയിരുന്നെങ്കിലും ഇടതു മുന്നണി സ്ഥാനാര്‍ഥി ആരെന്നറിയാന്‍ വോട്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നു. അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇടതുമുന്നണി കെ ടി അബ്ദുര്‍റഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു തുടങ്ങിയിട്ടുണ്ട്. പഴയ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാവനൂര്‍, അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കുഴിമണ്ണ പഞ്ചായത്തുകളും നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ചാലിയാര്‍ പഞ്ചായത്തും വണ്ടൂര്‍ മ
ണ്ഡലത്തിന്റെ ഭാഗമായിരുന്ന എടവണ്ണ പഞ്ചായത്തും ചേര്‍ന്നതാണ് ഏറനാട് മണ്ഡലം. 2011 ല്‍ മണ്ഡലത്തിലെ പ്രഥമ എം എല്‍ എ ആയി പി കെ ബശീര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏഴ് പഞ്ചായത്തുകളും ഭരിച്ചിരുന്നത് യു ഡി എഫ് ആയിരുന്നു.
2016 ല്‍ സ്ഥിതിക്ക് മാറ്റം വന്നു. എടവണ്ണ, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ് പഞ്ചായത്തുകളില്‍ മാത്രമായി യുഡി എഫ് ഭരണം ചുരുങ്ങി. കുഴിമണ്ണയില്‍ നറുക്കെടുപ്പിലൂടെയും കീഴുപറമ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പാനന്തര ധാരണയിലുമാണ് ഭരണം നിലനിര്‍ത്താനായത്. 11246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011 ല്‍ പി കെ ബശീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിക്കു വേണ്ടി സി പി ഐയിലെ അശ്‌റഫലി കാളിയത്താണ് മത്സര രംഗത്തുണ്ടായിരുന്നത്. ബി ജെ പിക്കും താഴെ നാലാം സ്ഥാനത്തായിരുന്നു ഇടതുമുന്നണി.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തു വന്ന പി വി അന്‍വര്‍ ആയിരുന്നു മുഖ്യ എതിരാളി. ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കനുകൂലമായ വോട്ടായി മാറുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. നിര്‍മിച്ചതും നവീകരിച്ചതുമായ 313 റോഡുകള്‍, മൂലേപ്പാടം, ചിറപ്പാലം, മൈത്ര പാലങ്ങള്‍, പ്രവൃത്തി ആരംഭിച്ച പെരുങ്കടവ്, മൊടവണ്ണക്കടവ് പാലങ്ങള്‍, ഭരണാനുമതി ലഭിച്ച ആര്യന്തൊടിക, ചോറ്റുകടവ് പാലങ്ങള്‍, പ്രവൃത്തി ആരംഭിച്ച എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണം, എടവണ്ണ സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി, അരീക്കോട് സി എച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്, സംസ്ഥാനത്തെ ആദ്യത്തെ റൂറല്‍ ഐടി ആന്റ് ഇലക്‌ട്രോണിക്‌സ് പാര്‍ക്കിന് ഭരണാനുമതി, പ്രവൃത്തി ആരംഭിച്ച മലബാറിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്‌ബോള്‍ സ്റ്റേഡിയം, കാവനൂര്‍ കുടിവെള്ള പദ്ധതി, ഊര്‍ങ്ങാട്ടീരി ജലനിധി, ആഢ്യന്‍പാറ ടൂറിസം പദ്ധതി, സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ഹാച്ചറി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നിരവധി സഹായങ്ങള്‍, നിരവധി സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയാണ് വികസന നേട്ടങ്ങളായി യു ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ക്ഷീണം അസംബ്ലി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയും യുഡി എഫ് ക്യാമ്പ് വെച്ചു പുലര്‍ത്തുന്നു. ഏതാനും റോഡുകള്‍ കറുപ്പിച്ചതു കൊണ്ടു മാത്രം വികസനമാകുന്നില്ലെന്നാണ് ഇടതു ഭാഷ്യം. മണ്ഡലത്തിലുടനീളം കുന്നിടിക്കലും വയല്‍ നികത്തലുമാണ് നടക്കുന്നത്.
പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ നിര്‍വാഹമില്ല. പ്രകൃതിയേയും മണ്ണിനേയും സംരക്ഷിച്ചു കൊണ്ടുള്ള സന്തുലിത വികസന പദ്ധതികളാണ് എല്‍ ഡി എഫിന്റെ വികസന വാഗ്ദാനം. 2011 ല്‍ സ്ഥാനാര്‍ഥി സംബന്ധിച്ച അനിശ്ചിതത്വവും മുന്നണിയിലെ കെട്ടുറപ്പില്ലായ്മയും കഴിഞ്ഞ തവണ തിരിച്ചടിയായെങ്കില്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങളില്ലെന്നതും യു ഡി എഫിനകത്തെ അനൈക്യവും ഇടതുമുന്നണിക്ക് ഗുണം ചെയ്യും. യു ഡി എഫ് കോട്ടയായ വെറ്റിലപ്പാറ ഡിവിഷനില്‍ നിന്ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ ടി അബ്ദുര്‍റഹിമാനെയാണ് ഇടതു മുന്നണി മണ്ഡലം പിടിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്.

മണ്ഡലത്തില്‍ പൊതു രംഗത്തെ നിറസാന്നിധ്യവും കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയുമാണ് അബ്ദുര്‍റഹിമാനെ സ്ഥാനാര്‍ഥിയാക്കുന്നതിന് സി പി ഐയെ പ്രേരിപ്പിച്ച ഘടകം. എല്‍ ഡി എഫ് വോട്ടുകള്‍ക്കു പുറമേ യു ഡി എഫിലെ അനൈക്യം വോട്ടായി പ്രതിഫലിച്ചാല്‍ അബ്ദുര്‍റഹിമാന് മണ്ഡലത്തില്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. ഊര്‍ങ്ങാട്ടീരി, കീഴുപറമ്പ്, കുഴിമണ്ണ തുടങ്ങിയ പഞ്ചായത്തുകളില്‍ ലീഗ് കോണ്‍ഗ്രസ് ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ യു ഡി എഫിനെ കാര്യമായി ബാധിക്കാനിടയുണ്ട്.

ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായിരുന്ന കൊറളിയാടന്‍ ചെറിയാപ്പുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടഞ്ഞതാണ് ഇരുപത്തിയഞ്ച് വര്‍ഷമായി യു ഡി എഫ് ഭരിക്കുന്ന ഊര്‍ങ്ങാട്ടീരിയിലെ അട്ടിമറിക്ക് കാരണം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ എം എല്‍ എ സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പാണ് ചെറിയാപ്പു കടുത്ത നിലപാടെടുക്കാന്‍ കാരണം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മത്സരിച്ച വാര്‍ഡില്‍ ലീഗ് റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം മരവിപ്പിക്കുകയും ചെയ്യേണ്ടി വന്നതിലുള്ള അപമാനം പേറി നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെടുക്കുന്ന നിലപാട് നിര്‍ണായകമാകും.

നറുക്കെടുപ്പിലൂടെ ഭരണം നിലനിര്‍ത്തിയ കുഴിമണ്ണയില്‍ ലീഗിന് വോട്ടു ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പരസ്യമായി പ്രസംഗിക്കുകയുണ്ടായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച വാര്‍ഡുകളിലെല്ലാം ലീഗ് റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതാണ് പ്രകോപനത്തിന് കാരണം.

കുഴിമണ്ണ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒരു വാര്‍ഡ് മെമ്പര്‍ പോലുമില്ല. യു ഡി എഫ് ഉരുക്കു കോട്ടയായ കാവനൂരില്‍ ഇടതു പക്ഷമാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഐ ടി പാര്‍ക്കിനെ ചൊല്ലിയുണ്ടായ സമരവും പ്രതിഷേധവും വാക്കാലൂര്‍, സൗത്ത് പുത്തലം ഭാഗങ്ങളില്‍ എം എല്‍ എക്ക് എതിരായി വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സാധ്യത കൂടുതലാണ്. ഇരിവേറ്റി ഭാഗങ്ങളിലും ലീഗിനെതിരായി സാമുദായിക ദ്രുവീകരണം ദൃശ്യമാണ്.

കീഴുപറമ്പിലും കോണ്‍ഗ്രസ് ലീഗ് ബന്ധം അവതാളത്തിലാണ്. സിറ്റിംഗ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ എം എല്‍ എ തന്നെ പ്രചാരണം നടത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷുഭിതരാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ ലീഗ് കക്ഷി ചേര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെ യു ഡി എഫ് വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സമീപനമാണ് തുടര്‍ന്നു വരുന്നത്. അവഗണന വോട്ടായി പ്രതിഫലിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here