എ ടി എമ്മുകളില്‍ രാത്രി എട്ടിന് മുമ്പ് പണം നിറക്കണമെന്ന് നിര്‍ദേശം

Posted on: April 3, 2016 11:56 pm | Last updated: April 3, 2016 at 11:56 pm
SHARE

ന്യൂഡല്‍ഹി: എ ടി എമ്മുകളിലേക്കുള്ള പണം വഹിച്ച് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രാത്രി എട്ടിന് ശേഷം എ ടി എമ്മുകളില്‍ പണം നിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എ ടി എമ്മില്‍ നിറക്കാനുള്ള പണം ബേങ്കുകളില്‍ നിന്ന് ഉച്ചക്ക് മുമ്പ് ശേഖരിക്കണമെന്ന് സ്വകാര്യ പണമിടപാട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
നക്‌സലുകളുടെ പിടിയിലകപ്പെട്ട ജില്ലകളില്‍ വൈകുന്നേരം മൂന്നിനും അഞ്ചിനുമിടയില്‍ പണം നിറക്കണമെന്നും പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യണമെന്നും സി സി ടി വി ക്യാമറകളും ജി പി എസ് സംവിധാനവും വാഹനങ്ങളില്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ഒരു തവണ കൊണ്ടുപോകുന്നതിന്റെ പണ പരിധി അഞ്ച് കോടിയായി നിജപ്പെടുത്തി. വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയാണെങ്കില്‍ അവ ചെറുക്കാനായി തോക്കുധാരികളായ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കണം.
പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അഭ്യന്തര സുരക്ഷാ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്തുടനീളം എട്ടായിരം വാഹനങ്ങളിലായി 15,000 കോടി രൂപയാണ് ദിനേന എ ടി എമ്മുകളില്‍ നിറക്കുന്നത്. ഇതിന് പുറമെ സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ രാത്രികാലങ്ങളില്‍ അയ്യായിരം കോടി രൂപയും എ ടി എമ്മുകളില്‍ നിറക്കുന്നുണ്ട്. ഒരു ട്രിപ്പില്‍ അഞ്ച് കോടിയില്‍ അധികം പണം കൊണ്ട് പോകരുത്. പണവുമായി പോകുന്ന എല്ലാ യാത്രകളും എ ടി എമ്മില്‍ പണം നിറക്കുന്നതും ബേങ്കിലെ ഒരു ജീവനക്കാരന്‍ പരിശോധനക്ക് വിധേയമാക്കണം.
പണം കൊണ്ടുപോകുന്ന ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കണമെന്നും അതാത് സമയങ്ങളില്‍ ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പ്രൈവറ്റ് സെക്യൂരിറ്റി റെഗുലേഷന്‍ ആക്ട് അനുശാസിക്കുന്നുണ്ട്. പണം നിറക്കാന്‍ ഒരു കമ്പാര്‍ട്ട്‌മെന്റും യാത്രികര്‍ക്ക് ഒരു കമ്പാര്‍ട്ടുമെന്റുമടക്കം രണ്ട് സ്വതന്ത്ര കമ്പാര്‍ട്ടുമെന്റുകള്‍ പണം കൊണ്ടുപോകുന്ന വാഹനത്തില്‍ വേണം. പണം സൂക്ഷിച്ച കമ്പാര്‍ട്ട്‌മെന്റ് സ്റ്റീലിനാല്‍ കവചം തീര്‍ക്കണം. ഈ വാതില്‍ ഇലക്ട്രോണിക് സംവിധാന ത്തിലൂടെ തുറക്കാന്‍ സാധിക്കണം. പണം കോണ്ടുപോകുന്ന സംഘത്തിന്റെ ഹാജര്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.