മേല്‍പ്പാല ദുരന്തം രാഷ്ട്രീയ ആയുധമാക്കി പാര്‍ട്ടി നേതൃത്വം

Posted on: April 2, 2016 9:00 am | Last updated: April 2, 2016 at 9:23 am
SHARE

vangaravam copyകൊല്‍ക്കത്ത: അമിത് ഷായുടെ വാക്ക് അറംപറ്റിയത് പോലെയായിരുന്നു കൊല്‍ക്കത്തയിലുണ്ടായ മേല്‍പ്പാല ദുരന്തം. പശ്ചിമ ബംഗാളില്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്നാല്‍ വീഴ്ചയും അധഃപതനവുമാണ് ഉണ്ടാകാനിരിക്കുന്നത്. എന്നായിരുന്നു ഗിരീഷ് പാര്‍ക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിന് രണ്ട് ദിവസം മുമ്പ് കൊല്‍ക്കത്തയില്‍വെച്ച് അമിത് ഷാ പറഞ്ഞിരുന്നത്. ബി ജെ പിയുടെ ദേശീയ നേതാവ് ഉന്നം വെച്ചത് തൃണമൂലിന്റേയും കോണ്‍ഗ്രസ് ഇടത് സഖ്യങ്ങളുടെയും പരാജയമായിരുന്നെങ്കിലും വാക്ക് അറംപറ്റിയെന്നാണ് കൊല്‍ക്കത്തയിലെ ജനങ്ങള്‍ അടക്കം പറയുന്നത്.
എന്നാല്‍, മുഖ്യധാരയിലെ ചര്‍ച്ചയില്‍ ഇതൊന്നുമില്ല. 25 പേരുടെ മരണത്തിനും നൂറോളം പേരുടെ പരുക്കിലേക്കും നയിച്ച ദുരന്തം സര്‍ക്കാറിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് ബി ജെ പി, സി പി എം – കോണ്‍ഗ്രസ് സഖ്യങ്ങളുടെ തീരുമാനം.
തൃണമൂലിനെയും മമതയേയും തൊഴിക്കാനുള്ള രാഷ്ട്രീയ ആയുധമായി മേല്‍പ്പാല അപകടത്തെ മാറ്റാന്‍ ബി ജെ പി നിശ്ചയിച്ചിട്ടുണ്ട്. ഈ മണ്ഡലത്തില്‍ അപകടാനന്തരമുള്ള പ്രചാരണങ്ങള്‍ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഗിരീഷ് പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന ജൊറാസാന്‍കോ മണ്ഡലത്തിലെങ്കിലും ബി ജെ പിക്ക് അനുകൂല തരംഗം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ തൃണമൂലിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ നേട്ടമുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അപകടം എന്നതും ശ്രദ്ധേയമാണ്. അപകടത്തിന് കാരണം സര്‍ക്കാറിന്റെ അനാസ്ഥയാണെന്ന രീതിയില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
മേല്‍പ്പാല ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ പാര്‍ട്ടികള്‍. അപകടത്തിന് തൊട്ടുപിന്നാലെ പ്രചാരണ പരിപാടികള്‍ മാറ്റിവെച്ച് മുഴുവന്‍ കക്ഷി നേതാക്കളും അപകട സ്ഥലത്തെത്തി. മുമ്പ് പലപ്പോഴും കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ ദുരന്തങ്ങളോടും അപകടങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായ സമീപനമായിരുന്നില്ല ഗിരീഷ് പാര്‍ക്കിലെ മേല്‍പ്പാല ദുരന്തത്തോട് ഉണ്ടായത്. പല നേതാക്കളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവസ്ഥലത്തെത്തിയെന്ന് മാത്രമല്ല. പശ്ചിമ ബംഗാളിലെ കുഗ്രാമങ്ങളില്‍ നിന്ന് വരെ നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി അപകട സ്ഥലം സന്ദര്‍ശിച്ചുവെന്നതാണ് ഏറെ കൗതുകം.
അപകടം അഴിമതിയുടെ വ്യക്തമായ ഉദാഹരണമാണെന്നും സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കൊല്‍ക്കത്തയില്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ചില്ലെന്നും എന്നാല്‍ തങ്ങള്‍ തിരിച്ച് അങ്ങോട്ട് രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മേല്‍പ്പാല ദുരന്തത്തിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയും സന്നദ്ധ സേവനങ്ങളും സഹായങ്ങളും എത്തിച്ചുകൊടുത്തും ഇടപെടല്‍ നടത്താനാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും നീക്കം.