Connect with us

Kerala

എസ് എസ് എല്‍ സി മൂല്യനിര്‍ണയം തുടങ്ങി: ചിലയിടത്ത് തര്‍ക്കവും പ്രതിഷേധവും

Published

|

Last Updated

തിരുവനന്തപുരം: 54 കേന്ദ്രങ്ങളിലായി എസ് എസ് എല്‍ സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങി. മൂല്യനിര്‍ണയത്തിന് അധ്യാപകരെ നിയോഗിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ചിലയിടങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കി. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍, മാവേലിക്കര, കോട്ടയം സി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്യാമ്പുകളിലാണ് തര്‍ക്കമുണ്ടായത്. മൂല്യനിര്‍ണയത്തിനെത്തിയ അധ്യാപകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും സീനിയോരിറ്റി മറികടന്ന് ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയ ജോലി ഏല്‍പ്പിച്ചെന്നുമായിരുന്നു പരാതി.
11,059 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി ഇത്തവണ നിയോഗിച്ചിരിക്കുന്നത്. റിസര്‍വായി ആയിരം അധ്യാപകരുടെ പട്ടികയുമുണ്ട്. മലയാളം വിഷയത്തിനാണ് ഏറ്റവും കൂടുതല്‍ അധ്യാപകരുള്ളത്. ഇത്തവണ 343 അധ്യാപകരെയാണ് മലയാളം വിഷയത്തിനായി നിയോഗിച്ചത്. ഇതിന് പുറമെ ക്യാമ്പുകളില്‍ റിസര്‍വ് അധ്യാപകരെയും നിയോഗിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ അധ്യാപകരും മൂല്യനിര്‍ണത്തിനെത്തിയതോടെ റിസര്‍വ് അധ്യാപകര്‍ പുറത്തായി. ഇതെത്തുടര്‍ന്നാണ് ഇവര്‍ ക്യാമ്പുകളില്‍ ബഹളംവെച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്ന് പല അധ്യാപകരും ക്യാമ്പുകളിലെത്തിയപ്പോഴാണ് ജോലിയില്ലെന്ന കാര്യം അറിയുന്നത്. നൂറോളം അധ്യാപകരാണ് മാവേലിക്കര സ്‌കൂളില്‍ പുറത്തുനില്‍ക്കേണ്ടി വന്നത്. തങ്ങളെ മുന്‍കൂട്ടി വിവരം അറിയിച്ചില്ലെന്നും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെയും അധ്യാപകരുടെയും എണ്ണം തമ്മില്‍ തിട്ടപ്പെടുത്തുന്നതില്‍ പരീക്ഷാ ഭവനുണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തി. ചിലയിടത്ത് അര മണിക്കൂര്‍ വൈകിയെത്തിയ അധ്യാപകരെ ഹാളില്‍ പ്രവേശിപ്പിക്കാതിരുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കി. കോട്ടയം സി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കൂടുതല്‍ തര്‍ക്കം. ഡ്യൂട്ടിക്കെത്തേണ്ട അധ്യാപകര്‍ വൈകിയതിനെത്തുടര്‍ന്ന് റിസര്‍വ് അധ്യാപകര്‍ക്ക് ഉദ്യോഗസ്ഥര്‍ ചുമതല നല്‍കുകയായിരുന്നു. സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയച്ചുമതല ഏല്‍പ്പിച്ചെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ മൂല്യനിര്‍ണയത്തിനായി അധ്യാപകരെ നിയമിക്കുന്നതില്‍ യാതൊരുവിധ വീഴ്ചകളുമുണ്ടായിട്ടില്ലെന്ന് പരീക്ഷാ സെക്രട്ടറി കെ ഐ ലാല്‍ അറിയിച്ചു. മൂല്യനിര്‍ണയ ചുമതല ഏല്‍പ്പിച്ച അധ്യാപകര്‍ എല്ലാവരുമെത്തിയ പശ്ചാതലത്തിലാണ് റിസര്‍വ് അധ്യാപകരെ ഒഴിവാക്കിയത്. ചുമതല ഏല്‍പ്പിക്കുമ്പോള്‍ തന്നെ റിസര്‍വ് അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള വ്യവസ്ഥ അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയെത്തിയ അധ്യാപകരെയാണ് ഒഴിവാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് വെയ്‌റ്റേജ് നല്‍കുമ്പോള്‍ ജൂനിയറായ അധ്യാപകര്‍ക്ക് മുന്‍ഗണന ലഭിക്കുന്നത് സ്വാഭാവികമാണ്.
അധ്യാപകരുടെ എണ്ണം കണക്കാക്കിയതില്‍ യാതൊരു തെറ്റും പരീക്ഷാ ഭവന് പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് മേഖലകളിലായി ശരാശരി 13 മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ വീതമാണുള്ളത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെയാണ് ക്യാമ്പ്. 16ന് ക്യാമ്പ് അവസാനിക്കും. മാര്‍ക്കുകള്‍ എന്‍ ഐ സി തയാറാക്കിയ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതില്‍ ഗുരുതര പിഴവ് സംഭവിക്കുകയും ഫലപ്രഖ്യാപനം തകിടം മറിയുകയും ചെയ്തിരുന്നു. അതിനാല്‍ ഇത്തവണ കൂടുതല്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ക്യാമ്പുകളില്‍ തന്നെ രണ്ട് തവണ പരിശോധിക്കും. തുടര്‍ന്ന് ക്യാമ്പുകളില്‍ നിന്നും എന്‍ട്രി ചെയ്യുന്ന മാര്‍ക്കുകള്‍ കൃത്യമാണോയെന്ന് പരീക്ഷാ ഭവനില്‍ പരിശോധന ഉണ്ടാകും. ഏപ്രില്‍ അവസാന വാരം ഫലം പ്രഖ്യാപിക്കും.

 

---- facebook comment plugin here -----

Latest