ഖത്വര്‍ ജയിലില്‍ 141 ഇന്ത്യക്കാര്‍

Posted on: April 1, 2016 8:27 pm | Last updated: April 1, 2016 at 8:27 pm
SHARE

jailദോഹ: വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടും വിധികാത്തും ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 141 ഇന്ത്യക്കാര്‍. 190 പേര്‍ രാജ്യത്തേക്കു തിരിച്ചയക്കപ്പെടാനായി നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ആവശ്യമായി സഹായങ്ങള്‍ നല്‍കി വരുന്നു.
ഇന്നലെ നടന്ന എംബസി ഓപ്പണ്‍ ഹൗസിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവരങ്ങളുള്ളത്. ഓപ്പണ്‍ ഹൗസില്‍ പരാതികളുമായി എത്തിയവരെ അംബാസിഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് എന്നിവര്‍ കണ്ട് പരിഹാര നിര്‍ദേശങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് അരവിന്ദ് പാട്ടീലും ഓപ്പണ്‍ ഹൗസില്‍ സംബന്ധിച്ചു.
ഈ വര്‍ഷം ഇന്ത്യക്കാരില്‍ നിന്നും 1103 പരാതികളാണ് ലഭിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ച പരാതികള്‍ 4132 ആയിരുന്നു. ഈ വര്‍ഷം ഇതുവരെയായി 79 ഇന്ത്യക്കാരുടെ മരണം എംബസിയിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആകെ മരിച്ചവര്‍ 279 ആയിരുന്നു. ഖത്വര്‍ അധികൃതരില്‍ നിന്നു ലഭിച്ച അഭ്യര്‍ഥനയെത്തുടര്‍ന്ന് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞു വന്ന 16 ഇന്ത്യക്കാര്‍ക്ക് യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുത്തു. നാട്ടിലെത്താന്‍ പ്രയാസപ്പെട്ട 33 പേര്‍ക്ക് വിമാന ടിക്കറ്റുകളും അനുവദിച്ചു.
ഐ സി ബി എഫിന്റെ നേതൃത്വത്തിലുള്ള സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു വരുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ആറു വിമാന ടിക്കറ്റുകളാണ് ഫോറം കഴിഞ്ഞ മാസം അനുവദിച്ചത്. മറ്റു സഹായ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here