Connect with us

Articles

ശ്ലഥജീവിതങ്ങള്‍ പകര്‍ത്തിയെഴുതിയ ഒരാള്‍

Published

|

Last Updated

രക്തം പൊടിഞ്ഞ വാക്കുകളാല്‍ വിസ്മയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍, വിയോജിപ്പിന്റെ സ്വാതന്ത്ര്യവും രാഷ്ട്രീയ ജാഗ്രതയും കാത്തുസൂക്ഷിച്ച മാധ്യമപ്രവര്‍ത്തകന്‍, ജീവിതത്തിന്റെ വസന്തം വിപ്ലവത്തിനായി പകുത്തുനല്‍കിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഇതിലേതു വിശേഷണമാണ് ബാബു ഭരദ്വാജിന് ഏറ്റവും യോജിക്കുകയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എഴുത്തിലും മാധ്യമ പ്രവര്‍ത്തനത്തിലും മാത്രമല്ല ജീവിതത്തിലുടനീളം രാഷ്ട്രീയബോധം പുലര്‍ത്തുകയും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
എത്രത്തോളം ശ്ലഥവും ശിഥിലവുമായിരുന്നു പ്രവാസി മലയാളിയുടെ ജീവിതമെന്ന് കേരളമറിയുന്നത് ബാബു ഭരദ്വാജിന്റെ എഴുത്തിലൂടെയാണ്. പ്രവാസിമലയാളിയുടെ ജീവിതാനുഭവങ്ങള്‍ ആഖ്യാനത്തിന്റെ സവിശേഷതയാല്‍ മനോഹരമായി ആവിഷ്‌കരിച്ചതിലൂടെ പ്രവാസത്തിന്റെ സ്വന്തം എഴുത്തുകാരനായി അദ്ദേഹം മാറി. പ്രവാസിയുടെ കുറിപ്പുകള്‍ പ്രവാസത്തിന്റെ വേദപുസ്തകം പോലെയാണ് വായനാലോകം സ്വീകരിച്ചത്. പിന്നീട് പ്രവാസത്തിന്റെ മുറിവുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രവാസാനുഭവങ്ങളെ അധികരിച്ച് എഴുതി. മനുഷ്യയാതനകള്‍ക്കെല്ലാം രാഷ്രീയമുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. പ്രവാസത്തിന്റെ കുറിപ്പുകളുടെ രാഷ്ട്രീയം പ്രവാസത്തിന്റെയും അതിജീവനത്തിന്റെയും പ്രകൃതിയുടേതുമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയാഭയം തേടിയാണ് സഊദിയിലേക്ക് ബാബു ഭരദ്വാജ് യാത്രതിരിക്കുന്നത്. തന്റെ എഴുത്തിലെ‘അധിനിവേശവിരുദ്ധ രാഷ്ട്രീയം മറ്റാരെക്കാളും പ്രവാസികള്‍ക്കാണ് മനസ്സിലാക്കാനാവുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്റെ പ്രത്യക്ഷതെളിവായിരുന്നു പ്രവാസിലോകം ആ എഴുത്തുകാരനോട് കാണിച്ച സ്‌നേഹവായ്പുകള്‍. പ്രവാസിമലയാളി സുഹൃദ്‌സംഗമങ്ങളിലും ലേബര്‍ കോളനികളിലും പ്രണയിനിക്കെഴുതുന്ന കത്തിലും വരെ പ്രവാസിയുടെ കുറിപ്പുകള്‍ ചര്‍ച്ച ചെയ്തു. ഒഴിവുകാലങ്ങളില്‍ നാട്ടിലെത്തുമ്പോള്‍ തങ്ങളിലൊരാളായി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രവാസികള്‍ കാണിച്ച നിഷ്‌കളങ്കമായ ഈ സ്‌നേഹം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
കമ്യൂണിസം ഒരു മതമാണെങ്കില്‍ ആ മതത്തില്‍ ജനിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മതത്തിന്റെ തത്വങ്ങള്‍ പോലെ കമ്യൂണിസവും ജീവിതത്തിന്റെ ആദര്‍ശമായി സ്വീകരിക്കുകയായിരുന്നു. കഥയും കവിതയും രാഷ്ട്രീയപ്രവര്‍ത്തകന്റെ മാര്‍ഗമല്ലെന്ന് കരുതി വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തു. എസ് എഫ് ഐയുടെ ആദ്യത്തെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വരെയായെങ്കിലും പ്രത്യക്ഷ്യരാഷ്ട്രീയത്തിന്റെ വഴി അദ്ദേഹത്തിന് യോജിച്ചതായിരുന്നില്ല. എന്‍ജിനീയറിംഗിലായിരുന്നു ബിരുദമെങ്കിലും അതും അദ്ദേഹത്തിന്റെ വഴിയായില്ല. പിന്നീട് കമ്യൂണിസത്തിന്റെ പല തത്വങ്ങളെയും നിരാകരിച്ചെങ്കിലും തന്റെ ദര്‍ശനങ്ങളും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല.
എന്നാല്‍ എഴുത്തിന്റേതാണ് തന്റെ വഴിയെന്ന് അദ്ദേഹം ഉള്‍ക്കൊള്ളുന്നത് അവസാനകാലത്താണ്. അവസാനമായി കോഴിക്കോട്ടെ ഭൂമിക എന്ന അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കണ്ടപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനെ കുറിച്ചാണ് സംസാരിച്ചത്. ഇനി എനിക്ക് അധികകാലമില്ലെന്നും കുറേ കാലം എഴുതാതിരുന്ന് മറ്റുപലതിനുമായി സമയം കളയേണ്ടി വന്നെന്നും സങ്കടപ്പെട്ടു. ആയിരത്തിയെണ്ണൂറുകള്‍ മുതലുള്ള കോഴിക്കോടിന്റെ ചരിത്രം ഇതിവൃത്തമാക്കിയുള്ള, ഇരുനൂറ് വര്‍ഷത്തെ നഗരത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം പറയുന്ന നോവല്‍ പൂര്‍ത്തീകരിക്കാനാകാതെയാണ് മടക്കം. അല്ലെങ്കിലും ക്രമം തെറ്റിക്കലായിരുന്നു ബാബു ഭരദ്വാജിന്റെ ക്രമം. ജീവിത്തതിന്റെ ശൈഥില്യം എഴുത്തിലും കാണാമെന്ന് അദ്ദേഹം തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ പായക്കപ്പലേറി പുതിയ കേരളം സൃഷ്ടിച്ച പ്രവാസികള്‍ ഓര്‍മിക്കപ്പെടുന്ന കാലമത്രയും ബാബു ഭരദ്വാജും ഓര്‍മിക്കപ്പെടും.

 

Latest