നീതിനിര്‍വഹണത്തിലെ കാലതാമസം

Posted on: March 31, 2016 6:00 am | Last updated: March 30, 2016 at 11:26 pm

SIRAJ.......വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേനലവധിക്കാലം ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് കേരള ഹൈക്കോടതി. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അവധിക്കാലത്തും സിറ്റിംഗ് നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. ഏപ്രില്‍ എട്ട് മുതല്‍ മേയ് 16 വരെ കോടതികളുടെ വേനലവധിക്കാലത്തും ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി ഡിവിഷന്‍ ബഞ്ചുള്‍പ്പെടെ നാലോ അഞ്ചോ ബഞ്ചുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇതിന് പുറമെ പഴയ കേസുകള്‍ കേള്‍ക്കാനായി കുറച്ച് അവധി ദിവസങ്ങള്‍ കൂടി ഉപയോഗപ്പെടുത്താനാണ് പദ്ധതി. കക്ഷികളുടെ അഭിഭാഷകര്‍ തമ്മില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പരസ്പര ധാരണയുണ്ടാക്കിയാല്‍ നല്ല ശതമാനം കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് നിയമ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ഹൈക്കോടതിയില്‍ 1,57,369 കേസുകളും 413 കീഴ്‌കോടതികളിലായി 13,45,127 കേസുകളും തീര്‍പ്പാക്കാനുണ്ടെന്നാണ് കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്ക്. പത്ത് വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന 14,781 കേസുകളുണ്ട്. കീഴ്‌ക്കോടതികളിലെ കേസുകളില്‍ അഞ്ച് ലക്ഷം രണ്ട് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയും രണ്ട് ലക്ഷം കേസുകള്‍ 25 വര്‍ഷം പഴക്കമുള്ളവയും അമ്പതിനായിരത്തോളം 50 വര്‍ഷം പഴക്കമുള്ളവയുമാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ വിചാരണാ തടവുകാരായി കഴിയുന്നുണ്ട്. രാജ്യത്തെ ജയിലുകളിലുള്ള നാല് ലക്ഷത്തോളം തടവുകാരില്‍ 66 ശതമാനവും വിചാരണത്തടവുകാരാണ്. ഇതില്‍ ഭൂരിഭാഗവും പെറ്റിക്കേസുകളുടെ പേരില്‍ പിടിക്കപ്പെട്ടവയാണെന്ന് നാഷനല്‍ ജ്യുഡീഷ്യല്‍ ഡേറ്റ ഗ്രിഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറ്റക്കാരോ നിരപരാധികളോ എന്ന വിധിക്ക് കാത്തിരിക്കുന്നവ ഇവരില്‍ മിക്കവരും ശിക്ഷാ കാലാവധിയെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നവരാണ്.
ചില അപൂര്‍വ സംഭവങ്ങളിലൊഴിച്ചു കേസുകളില്‍ കാലതാമസമില്ലാതെ വിധി കല്‍പ്പിക്കുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അത്യപൂര്‍വമാണ്. സിവില്‍ തര്‍ക്കവുമായി ഒരാള്‍ കോടതിയെ സമീപിച്ചാല്‍ അത് തീര്‍പ്പാകാന്‍ അനേക വര്‍ഷങ്ങള്‍ എടുക്കും. ഇത് പലപ്പോഴും നിയമത്തിനപ്പുറമുള്ള മാര്‍ഗം അവലംബിക്കാന്‍ അന്യായക്കാരെ നിര്‍ബന്ധിതരാക്കാറുണ്ട്. സ്വന്തം കെട്ടിടത്തില്‍ അന്യായമായി താമസിക്കുന്ന വാടകക്കാരനെ ഒഴിപ്പിക്കാനായി വര്‍ഷങ്ങളോളം കോടതിപ്പടി കയറി നിരാശരായവര്‍ ഒടുവില്‍ ഗുണ്ടാസംഘങ്ങളെ സമീപിച്ച അനുഭവങ്ങളുണ്ട്. ഒരൊറ്റ ദിവസം ഇവിടെ കാര്യം സാധിക്കുന്നു.
ആയിരത്തിലേറെ അതിവേഗ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് രാജ്യത്ത്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ 2004 മുതല്‍ 2013 വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍ 3.2 ദശലക്ഷം കേസുകളാണ് ഇവ തീര്‍പ്പാക്കിയത്. നീതിന്യായ സംവിധാനം 32 ദശലക്ഷം കേസുകളുടെ ഭാരത്തില്‍ നട്ടംതിരിയുമ്പോള്‍ ഇത്രയും കേസുകളാണ് അതിവേഗ കോടതികള്‍ക്ക് സാധ്യമായതെങ്കില്‍ അവയുടെ പ്രവര്‍ത്തനവും നിരാശാജനകമാണ്.
കോടതികളില്‍ കേസുകള്‍ കുന്നുകൂടിക്കിടക്കുന്നത് നീതിന്യായ വ്യവസ്ഥക്കുണ്ടാക്കുന്ന പേരുദോഷം പല പ്രമുഖരും ചൂണ്ടിക്കാട്ടുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തതാണ്. വാരാന്ത അവധി, വേനലവധി, ശീതകാല അവധി തുടങ്ങി എല്ലാ അവധികളും ഒഴിവാക്കി വര്‍ഷത്തില്‍ 365 ദിവസവും കോടതികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ മുന്നോട്ടുവെച്ചിരുന്നു. രാജ്യത്തെ കോടതികളില്‍ മൂന്ന് കോടിയിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ നിര്‍ദേശം. എന്നാല്‍, ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ ഇത് തള്ളിക്കളയുകയായിരുന്നു. വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും കോടതികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലെന്നും കോടതികളുടെ എണ്ണവും പ്രവര്‍ത്തിസമയവും വര്‍ധിപ്പിക്കുക മാത്രമേ പ്രായോഗികമാകുകയുള്ളൂവെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ അഭിപ്രായം.
കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ മുറകള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ കേസുകളുടെ എണ്ണം കുറക്കാനാകുമെന്ന അഭിപ്രായവും നിയമജ്ഞര്‍ക്കിടയില്‍ ഉണ്ട്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ കെ ടി എസ് തുല്‍സി എം പി ഈ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. ശിക്ഷ എത്ര കര്‍ശനമാകുന്നോ അത്രയും ശിക്ഷാനിരക്കിന്റെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ശിക്ഷ ലഘുവാകുമ്പോള്‍ പ്രതിക്ക് ശിക്ഷയിലുള്ള ഭയം കുറയുകയും അത് കുറ്റകൃത്യങ്ങളുടെ വര്‍ധനക്കിടയാക്കുകയും ചെയ്യും.
നീതി വിളംബം നീതി നിഷേധത്തിന് തുല്യമാണെന്ന് വിശ്വസിക്കുന്ന നീതിന്യായ വ്യവസ്ഥയുള്ള രാജ്യത്ത് കേസുകള്‍ ഇഴഞ്ഞു നീങ്ങൂന്നതും തീര്‍പ്പിന് ദശകങ്ങളുടെ താമസം നേരിടുന്നതും ആശാസ്യമല്ല. ഇതിന് പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് കാലതാമസത്തിന്റെ കാരണം കണ്ടെത്തി പ്രശ്‌നപരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഈ ലക്ഷ്യത്തില്‍ ഹൈക്കോടതി കൈക്കൊള്ളുന്ന നടപടി സ്വാഗതാര്‍ഹമാണ്.