ലോകാരോഗ്യ സംഘടനയുടെ 20 നഗരങ്ങളില്‍ ദോഹയും

Posted on: March 30, 2016 9:35 pm | Last updated: March 30, 2016 at 9:35 pm

dohaദോഹ: ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മികച്ച 20 നഗരങ്ങളില്‍ ദോഹയും. 12 ാം സ്ഥാനമാണ് ദോഹക്ക് ലഭിച്ചത്.
ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹൈവേയ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഈയടുത്ത് നടത്തിയ സെമിനാറില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഖത്വറില്‍ നടക്കുന്ന വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പശ്ചാത്തലത്തില്‍ സുസ്ഥിരത പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് രണ്ട് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന പരിസ്ഥിതി നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് റിച്ചര്‍ എന്‍വയോണ്‍മെന്റ്‌സ് കണ്‍സള്‍ട്ടിംഗിലെ ഡോ. അസ്പ ഡി ചത്സിഫ്തിമ്യോ പറഞ്ഞു. പരിസ്ഥിതി സര്‍വേകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിസ്ഥിതി ആഘാത വിശകലനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. മരുഭൂ അന്തരീക്ഷത്തിന്റെ കാഠിന്യമുണ്ടെങ്കിലും ഖത്വറില്‍ എല്ലായിടത്തും മനുഷ്യവാസമുണ്ട്. മാത്രമല്ല, സമ്പന്നമായ ജൈവവൈവിധ്യവും സ്വാഭാവിക വാസസ്ഥലവും രാജ്യത്തുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വായു മലിനീകരണ വെല്ലുവിളികളും തരണം ചെയ്യേണ്ടതുണ്ടെന്ന് ഗള്‍ഫ് കോണ്‍ട്രാക്ടിംഗിലെ ആന്‍ഡി ഫോര്‍ഡ് പറഞ്ഞു. നിര്‍മാണ സ്ഥലങ്ങളിലെ വായുമലിനീകരണം കുറക്കുന്നതിന് വെള്ളം ചീറ്റല്‍, വിന്‍ഡ് സ്‌ക്രീന്‍, വെന്റിലേഷന്‍, ഈര്‍പ്പമില്ലാതാക്കല്‍, ഡ്രില്ലിംഗ് തന്ത്രങ്ങള്‍, വെള്ളം കുറക്കുന്ന പദ്ധതികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കണം. ബയോണെസ്റ്റ് മലിന ജല പുനരുപയോഗ സംവിധാനവും നടപ്പാക്കാവുന്നതാണ്.
ബയോണെസ്റ്റ് യൂനിറ്റുകളില്‍ നിന്ന് 2015ല്‍ 300 മില്യന്‍ ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.