Connect with us

Gulf

സ്ത്രീകളുടെ വസ്ത്രശാലകളില്‍ പുരുഷ ജീവനക്കാരെ മാറ്റാന്‍ ആവശ്യം

Published

|

Last Updated

ദോഹ: സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്‍മാര്‍ സെയില്‍സ്മാന്‍മാരായി പ്രവര്‍ത്തിക്കുന്നത് തടയുന്നതിന് നിയമം കര്‍ക്കശമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിന്റെ ദൈ്വമാസ യോഗമാണ് പുരുഷന്‍മാര്‍ വനിതകള്‍ക്ക് ശല്യമാകുമെന്ന് അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും യോജിച്ചതല്ലാത്തതിനാല്‍ ഈ രീതി നിരുത്സാഹപ്പെടുത്തണം. സി എം സി അധ്യക്ഷന്‍ മഹമൂദ് ആണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടിവസ്ത്ര വില്‍പ്പനശാലകളിലാണ് പുരുഷസാന്നിധ്യം കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് സി എം സിയിലെ വനിതാ അംഗത്തെ ഉദ്ധരിച്ച് ദോഹന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരം സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരെ ജോലിക്കെടുക്കുന്നുണ്ടെന്ന് സി എം സി ഡെപ്യൂട്ടി ചെയര്‍മാന്‍ ഹമദ് ബിന്‍ ലഹ് ദാന്‍ അല്‍ മുഹന്നദി അഭിപ്രയാപ്പെട്ടു. എന്നാല്‍ ഖത്വറില്‍ ഈ സംവിധാനം ഫലപ്രദമായിട്ടില്ല. പുരുഷ സെയില്‍മാന്‍മോരോട് തങ്ങളുടെ സ്വകാര്യ അളവുകളും വിവരങ്ങളും പങ്കു വെക്കേണ്ടിവരുന്നത് ശുഭകരമല്ല. 2011ല്‍ സ്ത്രീകളുടെ വസ്ത്രവില്‍പ്പന ശാലകളില്‍ പുരുഷ സെയില്‍സ്മാന്‍മാരെ ജോലിക്കെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഷോപ്പുടമകള്‍ക്ക് ഇതിനായി മൂന്നു മാസം സമയം നല്‍കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശം നടപ്പായില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സെയില്‍സ് മേഖലയില്‍ വനിതകളെ കിട്ടാനില്ലാത്തതാണ് ഇതിനു പ്രധാന തടസ്സമായി വരുന്നതെന്ന് സി എം സി അംഗം ശൈഖ അല്‍ ജുഫൈരി പറഞ്ഞു.
സ്ത്രീ തൊഴിലാളികള്‍ക്കായി തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് വിസ സംഘടിപ്പിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. അതുകൊണ്ടു തന്നെ ലഭ്യമായവരെ വെച്ച് സ്ഥാപനം നടത്തുകയാണ്. എങ്കിലും അഞ്ചു വര്‍ഷമെന്നത് ദീര്‍ഘമായ കാലാവധിയാണെന്നും സി എം സി അംഗങ്ങള്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ശൈഖ ജുഫൈരി പറഞ്ഞു. വനിതകളുടെയും ഖത്വരി സമൂഹത്തിന്റെയും സ്വകാര്യത നിലനിര്‍ത്താനുള്ള നടപടികള്‍ പരിശോധനകള്‍ വഴിയും മറ്റും സ്വീകരിക്കണമെന്ന് സി എം സി അംഗം നാസര്‍ ഇബ്രാഹിം ഈസ അല്‍ മുഹന്നദി നിര്‍ദേശിച്ചു.

Latest