ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Posted on: March 30, 2016 5:34 pm | Last updated: March 31, 2016 at 10:34 am

HARISH RAWATന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കേസ് അടുത്ത മാസം ആറിന് പരിഗണിക്കും. രാഷ്ട്രപതിഭരണം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ തുഷാര്‍ മേത്ത, മനീന്ദര്‍ സിംഗ് എന്നിവര്‍ കോടതിയെ അറിയിച്ചു.

കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്‌വിയും വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കണമെന്ന വാദത്തെ പിന്തുണച്ചു. ചൊവ്വാഴ്ച്ചയാണ് ഹരീഷ് റാവത്ത് സര്‍ക്കാറിനോട് വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടായത്.