കൊച്ചി മെട്രോ സ്ഥലമെടുപ്പ്: കലക്ടര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

Posted on: March 30, 2016 9:43 am | Last updated: March 30, 2016 at 9:43 am

rajamanikyamകൊച്ചി: കൊച്ചി മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ശീമാട്ടി ഉടമ ബീന കണ്ണനെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തില്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. സ്ഥലമെടുപ്പ് നടപടിക്രമങ്ങളില്‍ രാജമാണിക്യത്തിന്റെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കെ എം ആര്‍ എല്ലിനെയും സര്‍ക്കാറിനെയും വന്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷിക്കുകയാണ് കലക്ടര്‍ ചെയ്തതെന്നും പരാതി സംബന്ധിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ എസ് പി. പി വി ചാക്കോ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ 23ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശീമാട്ടിയുടെ സ്ഥലം ഉഭയകക്ഷി സമ്മത പ്രകാരം മാത്രമേ ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നും ഏകപക്ഷീയമായി ഏറ്റെടുക്കാന്‍ നിയമപരമായി സാധിക്കുമായിരുന്നില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്കമാക്കുന്നു. ശീമാട്ടിയുമായി അനുരഞ്ജനത്തിനായി കെ എം ആര്‍ എല്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തിരുന്നത്. ശീമാട്ടിയുടെ സ്ഥലം മാത്രമാണ് ഈ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ശീമാട്ടിയുടെ സ്ഥലമെടുപ്പ് വൈകുന്നത് പദ്ധതിയെയാകെ ബാധിക്കുമെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടി കെ എം ആര്‍ എല്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കരാറില്‍ ശീമാട്ടി ഉടമയുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ബന്ധിതനായി. കെ എം ആര്‍ എല്ലും ശീമാട്ടിയുമായി ധാരണാപത്രം ഉണ്ടാക്കുന്നതിനും ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം വരെ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലം ഏറ്റെടുത്ത് കൈമാറാന്‍ കെ എം ആര്‍ എല്‍ മാര്‍ച്ച് 10ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെയും കെ എം ആര്‍ എല്ലിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കലക്ടര്‍ കരാറില്‍ ഒപ്പുവെച്ചത്.
ഭൂമി വിട്ടു നല്‍കുന്നത് മെട്രോ റെയിലിന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള കരാറിലെ വ്യവസ്ഥ കെ എം ആര്‍ എല്ലിനെ ദോഷകരമായി ബാധിക്കുമെന്ന വാദം വിജിലന്‍സ് തള്ളി.
സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള കരാറില്‍ ശീമാട്ടി ആവശ്യപ്പെട്ട 80 ലക്ഷം രൂപയുടെ കാര്യം ഉള്‍പ്പെടുത്തിയത് കൊണ്ട് നിയമപരമായി തിരിച്ചടിയുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ ഇത്തരമൊരു നടപടി എടുത്തില്ലായിരുന്നുവെങ്കില്‍ മെട്രോ റെയില്‍ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണത്തെ പ്രതികൂലമായി ബാധിക്കുകയും സര്‍ക്കാറിനും കെ എം ആര്‍ എല്ലിനും വന്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരികയും ചെയ്യുമായിരുന്നുവെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി.