11 ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗത്തിനും വീടില്ല: സര്‍വേ

Posted on: March 30, 2016 12:01 am | Last updated: March 29, 2016 at 11:47 pm

ബാങ്കോക്ക്: മ്യാന്‍മറില്‍ 10നും 17നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ സ്‌കൂളില്‍ പോകാതെ തൊഴിലിലേര്‍പ്പെട്ടതായി കണക്കുക്കള്‍. തൊഴില്‍ സംബന്ധമായി പൂര്‍ത്തിയായ സര്‍വേയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് പത്തിനും 17നും ഇടയില്‍ പ്രായമുള്ള 17 ലക്ഷം കുട്ടികള്‍ വിദ്യാഭ്യാസം നേടാനാകാതെ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നു. ഇത് വളര്‍ന്നുവരുന്ന പുതിയ തലമുറയുടെ ഭാവിയെ മോശമായി ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തതു കൊണ്ട് മികച്ച ജോലികള്‍ തിരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് അവസരം നഷ്ടമാകുമെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
മ്യാന്‍മറിന്റെ പല ഭാഗങ്ങളിലും ദാരിദ്ര്യം ശക്തമാണ്. പത്ത്‌ലക്ഷത്തിലധികം പേര്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണ്. ആഭ്യന്തര സംഘര്‍ഷവും പ്രകൃതി ദുരന്തങ്ങളും ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു സര്‍വേ നടക്കുന്നത്. 2014ല്‍ നടന്ന ഈ സര്‍വേയില്‍ നിന്ന് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മ്യാന്‍മര്‍ സര്‍ക്കാറിന്റെ ഒത്താശയോടെ തന്നെ കടുത്ത വിവേചനം നേരിടുന്ന വിഭാഗമാണ് റോഹിംഗ്യകള്‍. പതിനൊന്ന് ലക്ഷം റോഹിംഗ്യകളില്‍ ഭൂരിഭാഗവും കഴിയുന്നത് വീടുകളില്ലാതെയാണ്. 2015ല്‍ പൂര്‍ത്തിയായ ജനസംഖ്യാ കണക്കെടുപ്പില്‍ മ്യാന്‍മറിലെ മൊത്തം ജനസംഖ്യ 51.4 മില്യനാണ്.