സ്മാര്‍ട് ഫോണുകളെ അപകടപ്പെടുത്തുന്ന മാല്‍വെയറുകള്‍ വര്‍ധിച്ചെന്ന്‌

Posted on: March 29, 2016 6:37 pm | Last updated: March 30, 2016 at 8:49 pm

malദുബൈ: സ്മാര്‍ട് ഫോണുകളുടെ സുരക്ഷിതമായ ഉപയോഗത്തെ അപകടപ്പെടുത്തുന്ന മാല്‍വെയറുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് സംഭവിച്ചതായി കണക്കുകള്‍. 2015 അവസാന പാദത്തിലെ കണക്കനുസരിച്ച് മാല്‍വെയറുകളുടെ എണ്ണത്തില്‍ 72 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ‘ഇന്റല്‍ സെക്യൂരിറ്റി’ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ മാത്രം സ്മാര്‍ട് ഫോണുകളെ അപകടപ്പെടുത്തുന്ന നാല് കോടിയിലധികം മാല്‍വെയറുകളാണ് കണ്ടെത്തിയതെന്ന് ഇന്റല്‍ സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കായ സ്മാര്‍ട് ഫോണുകള്‍ ഇത്തരം മാല്‍വെയറുകളുടെ ആക്രമണത്തിനിരയായതായും അധികൃതര്‍ പറഞ്ഞു. സ്മാര്‍ട് ഫോണുകളിലെ ഉടമസ്ഥനുമായി ബന്ധപ്പെട്ടതും സ്വകാര്യമായതുമായ വിവരങ്ങള്‍ മോഷ്ടിക്കുന്നവയായിരുന്നു കണ്ടെത്തിയ മാല്‍വെയറുകളിലധികവും. മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കുന്നതിന് ചില സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 325 ഡോളര്‍ വരെ ചെലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും പഠനം പറയുന്നു. പഠനത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി മേഖലയിലെ വിദഗ്ധരായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 500 പേരെ ഉള്‍പെടുത്തിക്കൊണ്ടുള്ള ഒരു അഭിപ്രായ സര്‍വേ ‘ഇന്റല്‍ സെക്യൂരിറ്റി’ സംഘടിപ്പിക്കുകയുണ്ടായി.
ഇലക്‌ട്രോണിക് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചുള്ള അവബോധത്തിന്റെ തോത് കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 91 ശതമാനം പേരും തങ്ങളുടെ സ്മാര്‍ട് ഫോണുകളെ അപകടപ്പെടുത്തുകയും വിലപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന മാല്‍വെയറുകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവാന്മാരാണെന്ന് വ്യക്തമായതായും ഇന്റല്‍ സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കി.