സുധീരന്റെ നിര്‍ദേശം തള്ളി; സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡമില്ല

Posted on: March 29, 2016 10:52 am | Last updated: March 29, 2016 at 6:59 pm

vm sudheeranന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുമാനദണ്ഡം വേണമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണയായി. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന എഐസിസി മാനദണ്ഡവും പരിഗണിക്കും. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുകയും ഇല്ലാത്തവയില്‍ ഇന്ന് ധാരണയിലെത്തുകയും ചെയ്യും.

കൊല്ലം, കൊയിലാണ്ടി, നിലമ്പൂര്‍ എന്നീ സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കെ.ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.സി. ജോസഫ് എന്നിവരുടെ മണ്ഡലങ്ങളിലും പാനല്‍ തയ്യാറുമെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായുള്ള കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുന്നോട്ടുവച്ച മത്സരമാനദണ്ഡങ്ങളോടു ഇന്നലെ നടന്ന കേരളത്തിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ വിയോജിപ്പുയര്‍ന്നിരുന്നു. ആരോപണവിധേയരും തുടര്‍ച്ചയായി മത്സരിക്കുന്നവരും മാറിനില്‍ക്കേണ്ടതുണ്ടെന്ന അഭിപ്രായമാണു സുധീരന്‍ സ്‌ക്രീനിങ് കമ്മിറ്റിയിലും ആവര്‍ത്തിച്ചത്.കൂടുതല്‍ തവണ ജയിച്ചത് അയോഗ്യതയായി കാണേണ്ടതില്ലെന്ന നിര്‍ദേശത്തിനാണ് യോഗത്തില്‍ മുന്‍ഗണന ലഭിച്ചത്.