ഗുരുദാസന് സീറ്റില്ല; കൊല്ലത്ത് മുകേഷ് തന്നെ

Posted on: March 29, 2016 5:19 am | Last updated: March 29, 2016 at 12:21 am

mukesh (1)കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തില്‍ പി കെ ഗുരുദാസനെ മത്സരിപ്പിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഗുരുദാസനുവേണ്ടി ആരും ആവശ്യം ഉന്നയിക്കേണ്ട. ഗുരുദാസനെ മത്സരിപ്പിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമാണ്. ഗുരുദാസന് ലഭിച്ച വോട്ടുകള്‍ ചോരാതിരിക്കാനാണ് മുകേഷിനെ നിര്‍ദേശിച്ചത്. ഈ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടിക്കു പിന്നോട്ടു പോകാനാകില്ല. മുകേഷിനെ പിന്‍വലിച്ചാല്‍ അതു പാര്‍ട്ടിക്ക് ക്ഷീണമാകും. മാധ്യമ ചര്‍ച്ചക്കുവേണ്ടി ആരും അഭിപ്രായം പറയേണ്ടെന്നും സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ പിണറായി പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിച്ചിട്ടും മുകേഷിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം കമ്മിറ്റി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പിണറായി വിജയന്‍ നേരിട്ടെത്തി നേതൃയോഗത്തില്‍ സംബന്ധിച്ചത്. രണ്ടുതവണ എം എല്‍ എയായവരെ മത്സരിപ്പിക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവു നല്‍കി പി കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി പി എം ജില്ലാ കമ്മിറ്റി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുകേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെ പാര്‍ട്ടിയുടെ കീഴ്ഘടങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതേസമയം ആര്‍ എസ് പി മുന്നണി വിട്ടതോടെ എല്‍ ഡി എഫില്‍ ഒഴിവുവന്ന ഇരവിപുരം സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി മുന്‍ ഡെപ്യൂട്ടി മേയര്‍ എം നൗഷാദിനെ മത്സരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.