വികസനത്തിന്റെ ചതിയന്‍ ചിന്തകള്‍

Posted on: March 29, 2016 5:50 am | Last updated: March 29, 2016 at 12:14 am

provertyദാരിദ്ര്യം കുറക്കുകയെന്നു പറഞ്ഞാല്‍ ദാരിദ്ര്യ രേഖ താഴ്ത്തി വരച്ചാല്‍ മതിയെന്നു തമാശ പറഞ്ഞാണ് എണ്‍പതുകളില്‍ നമ്മള്‍ ചില രാഷ്്ട്രീയ പ്രതിസന്ധികളെ നേരിട്ടത്. എന്നാല്‍ 1990കളാകുമ്പോഴേക്കും അത് നമ്മുടെ സാമ്പത്തിക തത്വശാസ്ത്രമായി മാറുന്നു. മുണ്ടു മുറുക്കാനും ഉപവസിക്കാനുമായിരുന്നു ആഹ്വാനം. 90കൡ ആരംഭിച്ച ഈ ചതിയന്‍ ചിന്ത അതിന്റെ എല്ലാഅര്‍ഥത്തിലും ഇന്ന് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ തിളങ്ങുകയാണെന്നും സമ്പദ്്് വ്യവസ്ഥയെ ഉദാരവത്കരിക്കുകയാണെന്നും മാറ്റങ്ങള്‍ക്കൊത്ത് നമുക്ക് നീങ്ങാതിരിക്കാന്‍ ആകില്ലെന്നുമാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ ഏറിവരുന്ന സാമ്പത്തിക ദൗര്‍ബല്യങ്ങളാണ് ഇതിന്റെയെല്ലാം രാഷ്ട്രീയ മൂലധനമെന്നത് നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചും നമുക്ക് കുറച്ചുകാണാന്‍ കഴിയില്ല. സാമ്പത്തിക വികേന്ദ്രീകരണമെന്ന കേവല സങ്കല്‍പത്തിനു പോലും എതിരാണ് ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും യുക്തിയെന്നത് നേരത്തെതന്നെ ബോധ്യപ്പെട്ടതാണ്. ഉള്ളതെല്ലാം നമുക്ക്് എല്ലാവര്‍ക്കുമായി തുറന്നിടുകയെന്നതാണ് ഇതിന്റെ യുക്തി. ആരും ഒന്നും വിലക്കരുത്. കിട്ടുന്നതെല്ലാം ഓരോരുത്തരും നേടിക്കൊള്ളാമെന്നും നമ്മെ പഠിപ്പിച്ചുതരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റിലെ ഉദാരതയും സബ്‌സിഡി വെട്ടിച്ചുരുക്കലും മറ്റും ഇത്തരം ചിന്ത ആവശ്യപ്പെടുന്നതാണ്.
ഒരു രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സഹിഷ്ണുതയുമെല്ലാം നിലനില്‍ക്കുന്നതില്‍ ആ രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം വളരെ പ്രധാനമാണെന്ന് പണ്ടുതൊട്ടേ ബോധ്യപ്പെട്ട കാര്യമാണ്. അതിനാല്‍തന്നെ സ്വരാജിന് വേണ്ടിയുള്ള നമ്മുടെ സമരങ്ങളെല്ലാം സാമ്പത്തിക രാജിന് വേണ്ടിയുള്ളതായിരിക്കണമെന്ന് ഗാന്ധിജി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. അതുകൊണ്ടാണ് ഉപ്പിന് നികുതി ചുമത്തി സാമ്രാജ്യത്വം അതിന്റെ വന്യത തെളിയിച്ചപ്പോള്‍ ഉപ്പ് കുറുക്കിക്കൊണ്ട് ക്ഷതമേറ്റ ഇന്ത്യക്കാരന്റെ വികാരത്തെ ഗാന്ധിജി തട്ടിയുണര്‍ത്തിയതും. കൂടുതല്‍ നെയ്യുന്തോറും നിങ്ങള്‍ കൂടുതല്‍ കരുത്തുള്ള പോരാളികളായി മാറുന്നുവെന്നാണ് ഗാന്ധിജി പറഞ്ഞുകൊണ്ടിരുന്നതും.
സ്വരാജിനും സാമ്പത്തിക രാജിനുംവേണ്ടി ലോകമെമ്പാടും സഞ്ചരിച്ച് മേക്ക് ഇന്‍ ഇന്ത്യയിലൂടെ മോദി സര്‍ക്കാര്‍ നടത്തുന്ന പ്രചാരവേല ഇന്ത്യയെ എവിടെത്തേക്കാണ് നയിക്കുന്നതെന്ന് വ്യക്തമാണ്. ഒരു ഭാഗത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖലയാകെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന പദ്ധതികളുമായി, കോര്‍പറേറ്റുകളുടെ വിനീത ദാസരായി മാറുന്നു. മറുഭാഗത്ത് പി എഫ് ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് വരുന്ന പാവങ്ങളുടെ നിക്ഷേപങ്ങളില്‍ കൈവെക്കുന്ന വാര്‍ത്തകളാണ് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ഓഹരി വിപണികളെ പ്രോത്സാഹിക്കാനും പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കാനുമാണ്. കയറ്റുമതി അനുദിനം കുറയുന്നു. വ്യവസായ വളര്‍ച്ച മുരടിപ്പിലാണ്. പ്രതിരോധമേഖല ഉള്‍പ്പെടെയുള്ളവ അനിയന്ത്രിതമായി സ്വകാര്യവത്കരിക്കുകയാണ്. കോര്‍പറേറ്റ് സ്വാധീനം ഇന്ത്യന്‍ പ്രതിരോധ മേഖലയെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് ഇതിനകം പലരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. നാം ഏത് ആയുധങ്ങള്‍, ഏത് രാജ്യത്തു നിന്നു വാങ്ങണമെന്നു തീരുമാനിക്കുക കോര്‍പറേറ്റുകളായിരിക്കും.
ഉത്പാദനത്തേക്കാളേറെ ഉപഭോഗം നടക്കുന്ന, രാഷ്ട്ര നിര്‍മിതിയേക്കാള്‍ രാഷ്ട്ര ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോര്‍പറേറ്റുകള്‍ക്ക് അടിയറവു വെച്ചും കടം വാങ്ങിയും പരിഹരിക്കാമെന്ന ചതിയന്‍ ചിന്ത ഇവിടെ പൂര്‍വാധികം ശക്തി പ്രാപിച്ചുവരികയാണ്. നമ്മുടെ വിദേശ കടം ഒരിക്കലും തിരിച്ചടക്കാനാകാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ പൊതുമുതലുകളുടെ സ്ഥിതിയോ. 1.14 ലക്ഷം കോടി രൂപ ദേശസാല്‍കൃത ബേങ്കുകള്‍ എഴുതി തള്ളിയാണ് ഈയടുത്ത് വാര്‍ത്തവന്നത്. 2015 ഡിസംബറോടെ ഇന്ത്യയിലെ ബേങ്കുകളുടെ മൊത്തം കിട്ടാക്കടം 3,61,731ലക്ഷം കോടി രൂപയാണ്. ഇത് സാധരണക്കാരുടേതല്ല; കുറച്ച് അംബാനിമാരുടെയും മല്ലിമാരുടെതുമാണ്. 1990കളില്‍ ആരംഭിച്ച ഈ സാമ്പത്തിക ക്രമം നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോഴേക്കും അവ ഏറെ സുതാര്യമായി കഴിഞ്ഞിരിക്കുന്നു. 9000കോടി രൂപ അടക്കാനുള്ള, വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വിജയമല്യ ഇതില്‍ ഒരാള്‍ മാത്രമാണ്. മിക്ക വന്‍കിട കടക്കാരും ഈ സര്‍ക്കാറിന്റെ വേണ്ടപ്പെട്ടവരാണ്. അവരെക്കുറിച്ചൊന്നും കൂടുതല്‍ വെളിപ്പെടുത്തലുകളില്ല. മല്യ നാടുകടന്നപ്പോള്‍ മാത്രമാണ് വിവാദമായത്. കടം തിരിച്ചടക്കില്ലെന്നും എന്റെ എല്ലാ അവസ്ഥകളും അറിഞ്ഞാണ് ബേങ്കുകള്‍ എനിക്ക് കടം തന്നതെന്നുമാണ് മല്യ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും പിന്നീട് ബി ജെ പിയുടെയും രാജ്യസഭാ എം പി കൂടിയായിരുന്ന ഈ മദ്യ രാജാവിനെ വളര്‍ത്തിക്കൊണ്ടു വന്നതിലും ഇരു പാര്‍ട്ടികള്‍ക്കും അനിഷേധ്യമായ പങ്കാണുള്ളത്.
ഇത്തരം സാമ്പത്തിക സാഹചര്യത്തില്‍ ബജറ്റ് കമ്മി നികത്താനുള്ള മാര്‍ഗമെന്താണെന്ന കാര്യത്തില്‍ എന്‍ ഡി എ സര്‍ക്കാറിനും യാതൊരു തര്‍ക്കവുമില്ല. ഉള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും നേരത്തെ പറഞ്ഞ സബ്‌സിഡി, പലിശ വെട്ടിക്കുറക്കലും തന്നെ. കഴിഞ്ഞ എന്‍ ഡി എ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഒരു മന്ത്രിയെയാണ് നിയോഗിച്ചിരുന്നതെങ്കില്‍, ഇത്തവണ എന്തിനും ഏതിനുംപോരുന്ന ഒരു സെക്രട്ടറിയെയാണ് മോദി നിയോഗിച്ചിരിക്കുന്നത്; നീരജ്കുമാര്‍ ഗുപ്ത. ബജറ്റിലെ സാമ്പത്തിക കമ്മി നികത്താന്‍ ഇത്തരത്തില്‍ 69,500 കോടി രുപയാണ് ഈ ജൂണോടെ പ്രതീക്ഷിക്കുന്നതെന്ന് ഈയിടെ നീരജ്കുമാര്‍ ഗുപ്തയെ ഉദ്ധരിച്ച് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ടെലികോം മേഖല മാത്രമല്ല; റെയില്‍വേ, എല്‍ ഐ സിയുമെല്ലാം ബാക്കിയുള്ളതും വില്‍ക്കപ്പെടും. ഇത് വന്‍ചതിയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തില്‍ നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് പ്രതിരോധ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നാണ്. കോര്‍പറേറ്റുകളുടെ പങ്കാളിത്തം നമ്മുടെ തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിലും സജീവമാക്കാനാണ് ശ്രമം. 25 ശതമാനം വരെയുണ്ടായിരുന്ന പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 2014 ഓടെ 49 ആയി ഉയര്‍ന്നിരിക്കുകയാണെന്നതും ഭീതിയോടെ കാണേണ്ടതുണ്ട്്. അതേസമയം അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നില്ല. ഇക്കാര്യം നരേന്ദ്രമോദിക്കറിയാഞ്ഞിട്ടല്ല. മറിച്ച് നാം ആര്‍ക്കെല്ലാമോ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് മേക്ക് ഇന്‍ ഇന്ത്യയുടെ കാപട്യം. ടാറ്റ, ബിര്‍ല, അംബാനി തുടങ്ങിയ കോര്‍പറേറ്റ് കുത്തകകള്‍ നമ്മുടെ തന്ത്രപ്രധാനമായ പ്രതിരോധ രംഗത്തേക്ക് വരികയാണ്. ക്രമേണ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകളുടെ അധീനതയിലായേക്കാം. പെട്രോളിയം കമ്പനികള്‍ക്ക് പൂര്‍ണ അവകാശം കൊടുത്തതുപോലെ. എല്ലാം അവര്‍ തീരുമാനിക്കും.
തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ച് ശക്തിപ്പെടുത്താന്‍ നമ്മുടെ ആദ്യകാല ഭരണാധികാരികള്‍ ഏറെ ബുദ്ധിയും വിവേകവും കാണിക്കുകയും കഷ്ടപ്പാട് സഹിക്കുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇന്ത്യയുടെ പരിപാവനങ്ങളായ ക്ഷേത്രങ്ങളാണെന്നാണ് നെഹ്‌റു വിശേഷിപ്പിച്ചത്്. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ കൃഷിക്കും രണ്ടാംപഞ്ച വത്സര പദ്ധതിയില്‍ വ്യവസായത്തിനും മുന്‍ഗണന നല്‍കി 4800 കോടി രൂപയാണ് അന്ന് നീക്കിവച്ചത്. ഓരോ പഞ്ചവത്സര പദ്ധതികളും പ്രത്യേകം മേഖലകള്‍ ലക്ഷ്യം വെച്ച് തുടങ്ങിയതായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാലമാകുമ്പോഴേക്കും പൊതുമേഖലയുടെ തകര്‍ച്ചക്ക് തുടക്കംകുറിച്ചു. ആഗോള വത്കരണ, സ്വകാര്യ വത്കരണ നയങ്ങള്‍ ഇതിന് കാരണമായി. നരസിംഹ റാവുവും തുടര്‍ന്ന് മന്‍മോഹന്‍സിംഗ് കാലമാകുമ്പോേേഴക്കും പൊതുമേഖലയുടെ തകര്‍ച്ചക്ക് ആക്കംകൂട്ടി. ഇന്ന് നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോഴേക്കും അത് പൂര്‍ണ വിപ്ലവം പ്രാപിച്ച് നീതി ആയോഗ് ആയി എന്നുവേണം കരുതാന്‍. പൊതുമേഖലയെ തകര്‍ച്ചയിലേക്ക് തന്നെ നയിക്കുന്നു.
സാധാരണക്കാരന്റെ അടുക്കളയില്‍ വറവു ചട്ടിയുടെ കരിഞ്ഞമണമായി പരക്കുന്ന നവലോകക്രമം സമ്പന്നന്റെ ഉല്ലാസവേളകളിലും വിശ്രമമുറികളിലും ആര്‍ഭാടത്തിന്റെ ഉന്മാദഗന്ധമായും മാറുന്നുണ്ട്. ഇത് കോര്‍പറേറ്റ് വത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും സ്വാഭാവികതയുമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളുടെ വിഭവ സ്രോതസും കമ്പോളവും ഇന്ത്യയെ പോലുള്ള മൂന്നാംലോക രാജ്യങ്ങളാണെന്നത് നരേന്ദ്രമോദി യും ബി ജെ പിയും അധികാരത്തില്‍ വരുന്നതിന് മുമ്പ് പലതവണ പറഞ്ഞ കാര്യവുമാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് തിളങ്ങണമെങ്കില്‍ ഇതും ഇതിലറപ്പുറവും മോദിക്ക് ചെയ്യേണ്ടിവരും. എന്നാല്‍, എവിടെയാണ് വിദേശ പര്യടനം നടത്തികൊട്ടിഘോഷിച്ച മൂലധനം? ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് കുറച്ച് മുമ്പ് ധനമന്ത്രിയും റിസര്‍വ് ബേങ്ക് ഗവര്‍ണറും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ആര്‍ ബി ഐ ഗവര്‍ണര്‍, ഇടക്ക് സ്ഥിതി മെച്ചപ്പെടാമെങ്കിലും അതു ശാശ്വതമായിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വന്തംവിഭവങ്ങള്‍ സംരക്ഷിക്കാനും ഉപയോഗിക്കാനുമായുള്ള സമരമാണ് നമുക്ക് നടത്തേണ്ടിവരുന്നത്. അന്ധമായ രാജ്യസ്‌നേഹവും കടപട മതേരത്വവുമല്ല നമുക്ക് ആവശ്യമെന്ന് നാള്‍ക്കുനാള്‍ ഇന്ത്യന്‍ സംഭവങ്ങള്‍ വിളിച്ചോതുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആധുനിക വത്കരിക്കുകയാണെന്ന് പറഞ്ഞാണ് ബ്രിട്ടീഷുകാര്‍ എതിര്‍പ്പുകളെ ആദ്യം നേരിട്ടതെന്ന കാര്യവും സ്വദേശ വിദേശ മൂലധന ശക്തികള്‍ക്ക് ഉള്ളതെല്ലാം യഥേഷ്ടം തുറന്നുകൊടുക്കുമ്പോള്‍ മനസ്സിലാക്കേണ്ടിരിക്കുന്നു. അതിനാലിന്ന് ഫാസിസ്റ്റ് വിരുദ്ധവും സ്വാശ്രയത്വത്തിനും അഹിഷ്ണുതക്കും വേണ്ടിയുള്ളതുമായി ഏതു ധീരസംരംഭവും നമ്മുടെ വഞ്ചിക്കപ്പെട്ട ഭൂതകാലത്തെക്കൂടി ഓര്‍ത്തുകൊണ്ടുള്ളതായിരിക്കണം.