Connect with us

Articles

രാഷ്ട്രത്തിനകത്തെ ശത്രുരാജ്യങ്ങള്‍

Published

|

Last Updated

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളെയും മറ്റേതാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശത്രു രാജ്യമേഖലകളെന്നോണമാണ് ഭരണാധികാരികള്‍ കണക്കാക്കുന്നതെന്ന് തോന്നുന്നു. സംവാദാത്മകമായ ജനാധിപത്യവും അന്വേഷണാത്മകമായ പഠനവും തുറന്ന മനസ്സോടെയും തികഞ്ഞ ചരിത്രബോധത്തോടെയുമുള്ള ഗവേഷണവും എല്ലാമാണ് സര്‍വകലാശാലാനിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസത്തെ അത്യന്തം പ്രസക്തമാക്കുന്നത്. ആധുനിക രാഷ്ട്ര നിര്‍മാണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് ഈ വിദ്യാഭ്യാസ-ജീവിത സ്വാതന്ത്ര്യമെന്നത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ലോകജനതക്കും ബോധ്യപ്പെടുന്നതിനുതകുന്ന സംഭവഗതികളാണ് ഒരര്‍ഥത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സമാനമായ ജനാധിപത്യ ധ്വംസനങ്ങള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ജാദവ് പൂരിലും അലഹാബാദിലും ബര്‍ദ്വാനിലും ചെന്നൈ ഐ ഐ ടിയിലും പൂനെയിലെ ഫെര്‍ഗൂസന്‍ കോളജിലും മറ്റും നടന്നപ്പോഴുണ്ടായ പ്രതിരോധങ്ങളും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരാഴ്ചയോളം കാലമായി ഹൈദരാബാദ് സര്‍വകലാശാല ഒരു തടവറയായി മാറിയിരിക്കുകയാണ്. 2016 ജനുവരി 17ന് നടന്ന രോഹിത് വെമുലെയുടെ ആത്മഹത്യക്കുത്തരവാദിയെന്ന നിലക്ക് 1989ലെ പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കോടതിയില്‍ വിചാരണ ചെയ്യപ്പെടാനിരിക്കുന്ന അപ്പാറാവു എന്ന വൈസ് ചാന്‍സലര്‍ ഒളിവില്‍ നിന്ന് പൊടുന്നനെ പുറത്തു വരികയും, അയാളുടെ സര്‍വകലാശാല ഭരണം സുഗമമാക്കാനെന്നോണം, വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് നീക്കി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും വെള്ളം പോലും നിഷേധിക്കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രത്തിന്റെ കൊച്ചുപതിപ്പായ സര്‍വകലാശാലയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.
മുഖ്യധാരാ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകള്‍ ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. കാഫില ഡോട്ട് ഓര്‍ഗ്, റയോട്ട് ഡോട്ട് ഇന്‍, ഇന്ത്യ റെസിസ്റ്റ്‌സ്, ദ വയര്‍, റൗണ്ട് ടേബിള്‍ ഇന്ത്യ തുടങ്ങി കുറെയധികം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ട്വിറ്ററും ഗൂഗിള്‍ പ്ലസും യു ട്യൂബ് ചാനലുകളും ഉപയോഗിച്ചുകൊണ്ട് ഇന്ത്യക്കകത്തും പുറത്തും ജനാധിപത്യത്തിനനുകൂലമായ ആശയപ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നതാണ് ആശ്വാസം. ഇതിന്റെ ഫലമായി; ജെ എന്‍ യു പ്രശ്‌നത്തില്‍ ഇടപെട്ടതു പോലെ അന്താരാഷ്ട്ര ബുദ്ധിജീവി സമൂഹം ഹൈദരാബാദ് വിഷയത്തിലും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു. നോം ചോസ്‌ക്കിയും മുന്നൂറോളം വിദ്യാഭ്യാസ ചിന്തകരും ധിഷണാശാലികളും കലാകാരന്മാരും എഴുത്തുകാരും ഹൈദരാബാദ് സര്‍വകലാശാലക്കകത്തെ ഭരണകൂട ഭീകരതയെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. നാല്‍പത്തിയെട്ട് മണിക്കൂറോളം സമയം, പിടികൂടപ്പെട്ട വിദ്യാര്‍ഥികള്‍ എവിടെയായിരുന്നു എന്നു പോലും പുറം ലോകത്തിനും സഖാക്കള്‍ക്കും അറിയാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അത്രയും സമയം അവരെ അതിക്രൂരമായും നിഷ്ഠൂരമായും പീഡിപ്പിക്കുകയായിരുന്നു. അവര്‍ക്ക് നിയമസഹായം ലഭ്യമാക്കിയതുമില്ല. രാജ്യദ്രോഹികള്‍ക്ക് മനുഷ്യാവകാശങ്ങളൊന്നും ബാധകമല്ലെന്നാണ് ഇതു സംബന്ധമായി ഭരണകൂടം തികഞ്ഞ ധാര്‍ഷ്ട്യത്തോടെ വ്യാഖ്യാനിച്ചിരിക്കുന്നത്. പിടികൂടപ്പെട്ട പല വിദ്യാര്‍ഥികളും ചെയ്ത കുറ്റമെന്താണ്? ഹോസ്റ്റലുകളിലെ മെസ് അടച്ചു പൂട്ടുകയും വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും തടയുകയും ചെയ്ത സമയത്ത്, പൊതുവായ അടുപ്പു കൂട്ടി വിശപ്പകറ്റാന്‍ ഭക്ഷണം പാകം ചെയ്തു എന്നതായിരുന്നു അവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം.
മാര്‍ച്ച് 22ന് കാലത്ത് 8.40നാണ് സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ഓഫീസ് ഇന്നുച്ചക്ക് പ്രൊ. അപ്പാറാവു പൊഡൈല്‍ വൈസ് ചാന്‍സലര്‍ ചുമതല വീണ്ടുമേറ്റെടുത്ത് ജോലി പുനരാരംഭിക്കും, എന്ന ഉത്തരവിറക്കിയത്. ഒമ്പതു മണിയോടെ തന്നെ ഇക്കാര്യം എല്ലാവരുമറിഞ്ഞു. അപ്പോഴേക്കും സര്‍വകലാശാലയിലെ വൈഫൈ സംവിധാനവും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തിയിരുന്നു. ഭരണാനുകൂല വിദ്യാര്‍ഥി-യുവജന സംഘടനക്കാരുടെയും മറ്റും സഹായത്തോടെ, വി സിക്ക് സുഗമമായ പ്രവേശം ഉറപ്പു വരുത്താനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. സംയുക്ത സമരസമിതിക്കാരെ അങ്ങോട്ടടുപ്പിച്ചതുമില്ല. രണ്ടിടത്തായി രണ്ട് സംഘവും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതേ സമയത്ത് വന്‍ പോലീസ് സന്നാഹം സര്‍വകലാശാല വളപ്പില്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശം പലയിടത്തും തടയപ്പെട്ടു. എന്നാല്‍, വിദ്യാര്‍ഥികള്‍ തന്നെ പല വിധേനയും വാര്‍ത്തകള്‍ പുറത്തെത്തിച്ചുകൊണ്ടിരുന്നു. ലാത്തിചാര്‍ജും അറസ്റ്റും വിദ്യാര്‍ഥിനികളെ ആണ്‍ പോലീസ് കൈകാര്യം ചെയ്യലും മര്‍ദനങ്ങളും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കലും എല്ലാം കൂടി ആകെ കലുഷിതമായ അന്തരീക്ഷമാണ് ഉടലെടുത്തത്. മുസ്‌ലിം വിദ്യാര്‍ഥികളെ പ്രത്യേകം തിരഞ്ഞു പിടിച്ച് അവരെ ഭീകരരെന്നും പാക്കിസ്ഥാന്‍ അനുകൂലികളെന്നും ആക്ഷേപിക്കുന്ന നടപടിയും ഉണ്ടായി. പെണ്‍കുട്ടികളെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ഥികളെ തുരത്തിയോടിക്കുകയായിരുന്നു അധികാരികളുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. എന്നാലതു നടന്നില്ല എന്നതാണ് ജനാധിപത്യ അനുകൂലികളുടെ വിജയം. നാല്‍പ്പതോളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും അവരെവിടെയാണെന്ന് രണ്ട് ദിവസത്തോളം സമയം ആര്‍ക്കുമറിയാന്‍ കഴിയാതെ പോകുകയും ചെയ്തു എന്നത് ഇന്ത്യ ഏതു ദിശയിലേക്കാണ് പോകുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമാണ്. ജനാധിപത്യത്തിനു വേണ്ടി നിലക്കൊണ്ട ഏതാനും അധ്യാപകരെയും അറസ്റ്റ് ചെയ്യുകയുണ്ടായി.
രോഹിത് വെമുലെയുടെ ആത്മഹത്യ അഥവാ വ്യവസ്ഥയുടെ കൊലപാതകം, ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങളുടെ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. ഇന്ത്യ ദളിതരുടെ മരണാസന്നഭൂമിയാണെന്ന കാര്യം വെളിപ്പെട്ട പശ്ചാത്തലത്തില്‍, അക്കാര്യത്തിലെന്തെങ്കിലും തിരുത്തല്‍ നടപടികളും സമൂഹത്തിന്റെ മനസ്സാക്ഷിക്കുണ്ടായ ആഘാതത്തിന് അല്‍പ്പം ആശ്വാസവും പ്രദാനം ചെയ്യുന്ന നിരീക്ഷണങ്ങളും വിധിപ്രസ്താവങ്ങളുമാണ് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ഇതു നടക്കാതിരിക്കുന്നതിനു വേണ്ടി തെളിവുകള്‍ നശിപ്പിക്കുകയും സ്വതന്ത്രമായ വിചാരണാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് അപ്പാറാവു സര്‍വകലാശാലയിലെ അധികാരം വീണ്ടെടുത്തത് എന്ന കാര്യം വ്യക്തമാണ്. നൂറു കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുകയും അവര്‍ കൊല്ലപ്പെടുകയോ ജീവഛവങ്ങളാകുകയോ ചെയ്താലും വേണ്ടില്ല തന്റെ നീക്കങ്ങള്‍ വിജയം കാണണമെന്ന ചിന്താഗതി മാത്രമാണ് അധികാരമദം തലക്കു പിടിച്ച ഇയാളെ നയിക്കുന്നതെന്നു തോന്നുന്നു. മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്നാക്രോശിച്ച മുന്‍ പട്ടാളക്കാരനായ സംവിധായകക്കുപ്പായക്കാരന്റെ മനോഭാവമാണ് വി സിയും പുലര്‍ത്തുന്നത്. സംവിധായകന്‍ മാധ്യമങ്ങളെയാണ് ശത്രു രാജ്യമായിക്കാണുന്നതെങ്കില്‍, വി സി സര്‍വകലാശാലയെയാണ് അപ്രകാരം കരുതി ആക്രമണം കര്‍ക്കശമാക്കുന്നത്.
വെളിച്ചവും വെള്ളവുമെത്താത്ത, മേല്‍ക്കൂരയും ചുമരുമില്ലാത്ത വീടുകളില്‍ നിന്ന്; അതിക്രൂരമായ ജാതിവെറി നേരിട്ട്; അര്‍ധ പട്ടിണിയും മുഴുപ്പട്ടിണിയും വരള്‍ച്ചയും വെള്ളപ്പൊക്കവും വിളനാശവും അനുഭവിച്ച് പേരറിയാത്ത വിദൂരഗ്രാമങ്ങളില്‍ നിന്നെത്തുന്നവരാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നല്ലൊരു പങ്ക് വിദ്യാര്‍ഥികളുമെന്നതിനാല്‍ ഇപ്പോള്‍ അവര്‍ നേരിടുന്ന ദുസ്സഹമായ അവസ്ഥകള്‍ അവരെ സമരത്തില്‍ നിന്നൊന്നും പിന്തിരിപ്പിക്കാന്‍ പോകുന്നില്ല. വലിയ കാറും റബറൈസ് ചെയ്ത പാതകളും ശീതീകരിക്കപ്പെട്ട വീടുകളും ഓഫീസുകളും പരവതാനികളും പട്ടുമെത്തകളും പരിചാരികമാരും പരിചാരകന്മാരും പഞ്ചനക്ഷത്ര സൗകര്യങ്ങളും തലങ്ങും വിലങ്ങും വിമാന യാത്രകളും കണ്ട് മത്തടിച്ച ഭരണാധികാരികള്‍ അവരെ തന്നെ ശിക്ഷിക്കുന്നതുപോലുള്ള നടപടികളെടുക്കുമ്പോള്‍; തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന പഴഞ്ചൊല്ല് അവര്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയേക്കും. ഭരണാനുകൂല വിദ്യാര്‍ഥി-യുവജന സംഘടനകളും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയിലെ സദാചാര പോലീസുകാരും സര്‍ക്കാറുകളും സൈന്യവും പോലീസും അധികാരികളും ഗുണ്ടകളും ഒന്നു ചേര്‍ന്ന് “രാജ്യസ്‌നേഹവും മാതൃവന്ദനവും” നിര്‍ബന്ധമായി പഠിപ്പിക്കാനുള്ള നീക്കങ്ങള്‍, ജനാധിപത്യ മര്യാദകള്‍ അപ്പാടെ ലംഘിച്ചുകൊണ്ടാണെന്ന കാര്യം കൂടുതല്‍ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഭരണഘടനയും എല്ലാം റദ്ദ് ചെയ്ത് കൂട്ടഭയം സൃഷ്ടിച്ചെടുക്കാമെന്ന വ്യാമോഹം അസ്ഥാനത്താകേണ്ടതുണ്ട്.
അഭിവാദ്യമര്‍പ്പിക്കാന്‍ ഹൈദരാബാദിലെത്തിയ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് സഖാവ് കന്‍ഹയ്യകുമാറിനെ വളപ്പിനകത്തേക്ക് കടത്താത്തതിനാല്‍, ഗേറ്റിനു പുറത്ത് നിന്ന് സമരക്കാരെയും നാട്ടുകാരെയും അഭിസംബോധന ചെയ്യുകയാണദ്ദേഹം ചെയ്തത്. മുവ്വായിരം രൂപ മാസശമ്പളം മാത്രമുള്ള അംഗണ്‍വാടി അധ്യാപികയുടെ മകനായ കന്‍ഹയ്യ, അദ്ദേഹത്തിന് ലഭിച്ച ഫെലോഷിപ്പ് തുക രോഹിത് വെമുലെയുടെ അമ്മ രാധിക വെമുലേക്ക് സംഭാവനയായി കൊടുക്കുകയും ചെയ്തു. ജെ എന്‍ യു എസ് യു വൈസ് പ്രസിഡന്റ് സഖാവ് ഷെഹ്‌ല റഷീദും ഹൈദരാബാദിലെത്തി സമരക്കാരെ അഭിസംബോധന ചെയ്തു. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെയും മറ്റു നിരവധി സംഘടനകളുടെയും പ്രതിനിധികളടങ്ങുന്ന പരിശോധനാ സമിതി, സര്‍വകലാശാല നേരിട്ട് സന്ദര്‍ശിച്ച് അവരുടെ പ്രാഥമിക നിരീക്ഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ആദ്യ ദിവസം മൗനം പാലിച്ചെങ്കിലും, ഈ നടപടികളില്‍ തന്റെ സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ടെന്നും കേന്ദ്ര സര്‍ക്കാറാണ് എല്ലാത്തിനും ഉത്തരവാദിയെന്നും പറഞ്ഞത് മുഖവിലക്കെടുക്കുകയേ നിവൃത്തിയുള്ളൂ. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാഷ്ട്രപതിയെ കണ്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയുണ്ടായി. ഹൈദരാബാദ് സര്‍വകലാശാലയിലെ ജനാധിപത്യവേട്ടക്കെതിരെയും മുംബൈയിലും ചെന്നൈയിലും പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രകടനങ്ങളെ നേരിട്ടതിനെതിരെയും മാര്‍ച്ച് 28ന് തിങ്കളാഴ്ച രാജ്യവ്യാപകമായി സര്‍വകലാശാലകളില്‍ പഠിപ്പുമുടക്കിന് ആഹ്വാനം നല്‍കപ്പെട്ടിട്ടുണ്ട്. അത്യുജ്വലമായ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിലൂടെ സാമ്രാജ്യത്വ ശക്തികളെ തുരത്തിയോടിച്ച ഇന്ത്യക്കാര്‍ക്ക്, ഇന്ത്യക്കകത്ത് ശത്രു രാജ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് ആളുകളെ ഭീതിയിലും ദുരിതത്തിലും കുടുക്കിയിടുന്ന ഭരണനടപടികളെയും അവരുടെ അമിതാധികാര മദോന്മാദങ്ങളെയും തിരുത്താന്‍ സാധിക്കുമെന്നതുറപ്പാണ്.

 

Latest