‘ശബാബുല്‍ മനാറ’ സംഘം: 11 പേര്‍ക്ക് ജീവപര്യന്തം

Posted on: March 28, 2016 2:29 pm | Last updated: March 28, 2016 at 2:29 pm

federal supreme courtഅബുദാബി: തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പിടിയിലായ പ്രതികള്‍ക്ക് യു എ ഇ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചു. ദാഇഷ് രീതിയില്‍ ശബാബുല്‍ മനാറ എന്ന പേരില്‍ ഭീകരവാദ സംഘടന രൂപവത്കരിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘത്തിലെ 11 പേര്‍ക്കാണ് യു എ ഇ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. യു എ ഇ ഫെഡറല്‍ സുപ്രീം കോടതി ജഡ്ജി മുഹമ്മദ് ജാറ അല്‍ തുനൈജിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ക്ക് പുറമെ ശബാബുല്‍ മനാറ തീവ്രവാദ സംഘത്തിലെ രണ്ടു പേര്‍ക്ക് 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. 13 പേരെ 10 വര്‍ഷത്തെ തടവിനും രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ആറു പേര്‍ക്ക് മൂന്നു വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ച പ്രതിപ്പട്ടികയിലെ ഒരു ഇമാറാത്തി യുവാവിന് 10 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള നാല് വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. 41 അംഗ സംഘത്തിന്റെ പേരിലാണ് പ്രോസിക്യൂഷന്‍ കുറ്റം ആരോപിച്ചിരുന്നത്.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് 2015 ആഗസ്റ്റിലാണ് രാജ്യത്തെ പരമോന്നത കോടതിയായ ഫെഡറല്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയത്. പബ്ലിക് പ്രോസിക്യൂഷനാണ് സ്വദേശികള്‍ ഉള്‍പെടെയുള്ളവരുടെ കേസുകള്‍ ഫെഡറല്‍ സുപ്രീം കോടതിയിലേക്ക് റഫര്‍ ചെയ്തത്. രാജ്യത്തെയും രാജ്യനിവാസികളെയും ഭരണാധികാരികളേയും രാജ്യത്തിന്റെ ചിഹ്നങ്ങളെയും അപകടത്തിലാക്കാന്‍ സംഘം പ്രവര്‍ത്തിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന്റെ മുന്നോടിയായി ഇത്തരം ചിന്തകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും രാഷ്ട്ര നേതാക്കളുടെയും ജനങ്ങളുടെയും ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘം നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. തീവ്രവാദ ചിന്തയുടെ ഭാഗമായി ‘ഖിലാഫത്ത്’ രാഷ്ട്രം സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ച ഇവര്‍ രാജ്യത്തെ പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചതായും പ്രേസിക്യൂഷന്‍ ആരോപിച്ചു.
ലക്ഷ്യം നിറവേറ്റുന്നതിനായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുകയും അതുപയോഗിച്ച് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങുകയും ചെയ്തു. കേസിലകപ്പെട്ട പ്രതികള്‍ സംഘടനാ രൂപം ഉണ്ടാക്കുകയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി വിവിധ സബ് കമ്മിറ്റികളും സെല്ലുകളും രൂപവത്കരിക്കുകയും ചെയ്തു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരാളെ നേതാവായി നിശ്ചയിച്ചു. കമ്മിറ്റിയിലെയും സെല്ലിലെയും അംഗങ്ങളുടെ ചുമതലകള്‍ ഇയാളാണ് തീരുമാനിച്ചിരുന്നത്. വിദേശ സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നതും ഫണ്ട് ശേഖരിച്ചിരുന്നതും ഇയാളായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉപ നേതാവിനെയും നിശ്ചയിച്ചു. സ്വദേശി യുവാക്കളെ ഇത്തരം ചിന്തകളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. വിദേശ ഭീകരവാദ സംഘടനകളുമായി സംഘം ബന്ധം പുലര്‍ത്തുകയും അവരില്‍നിന്ന് പണം സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവരുടെ സഹായവും തേടിയിരുന്നു.
സംഘടനയിലേക്ക് ചെറുപ്പക്കാരായ സ്വദേശികളെ റിക്രൂട്ട് ചെയ്ത് പ്രത്യേക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് പഠിപ്പിക്കാനും പദ്ധതി തയാറാക്കി. ഇവരെ ക്യാമ്പുകളില്‍ എത്തിക്കാനും വെടിവെപ്പ് ഉള്‍പെടെ പരിശീലിപ്പിക്കാനും പദ്ധതിയിട്ടു. തീവ്രവാദ ആശയങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ലഘുലേഖകളും ഓഡിയോ-വിഡിയോ സന്ദേശങ്ങളും തയാറാക്കാന്‍ പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.