Connect with us

Gulf

പിഐഒ കാര്‍ഡ് പുതുക്കല്‍ ജൂണ്‍ 30 വരെ നീട്ടി

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പി ഐ ഒ കാര്‍ഡ് (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) എന്നീ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
കാര്‍ഡുകള്‍ പുതുക്കുന്നതിന് രാജ്യത്തുടനീളം എമിറേറ്റുകള്‍ തിരിച്ച് പ്രത്യേകം ക്യാമ്പുകള്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഏപ്രില്‍ ഒന്ന്, 22, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍- ഏപ്രില്‍ എട്ട്, 29, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി റാസല്‍ ഖൈമ- മെയ് 15, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഫുജൈറ- മെയ് ആറ് എന്നീ തിയതികളില്‍ ക്യാമ്പ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തുള്ള അസോസിയേഷനുകളുമായി ബന്ധപ്പെടണം.
കാര്‍ഡുകള്‍ സൗജന്യമാണെങ്കിലും സര്‍വീസ് ചാര്‍ജായി ആറ് ദിര്‍ഹം ഈടാക്കും. കാര്‍ഡിന് പൗരത്വം തെളിയിക്കുന്നതിനുള്ള ആവശ്യമായ രേഖകളും പാസ്‌പോര്‍ട്ട് കോപ്പി, വിസ കോപ്പി, എമിറേറ്റ്‌സ് ഐ ഡി, ഇളംനീല പശ്ചാത്തലത്തില്‍ 50×50 മില്ലിമീറ്റര്‍ നീളത്തിലുള്ള രണ്ട് ഫോട്ടോ എന്നിവ സമര്‍പിക്കേണ്ടതാണ്. പി ഐ ഒ കാര്‍ഡിന്റെ ആദ്യത്തേയും അവസാനത്തേയും പേജിന്റെ പകര്‍പ്പും കരുതണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കുന്നവര്‍ സമര്‍പിക്കുന്നതിന് മുമ്പ് ഇളംനീല പശ്ചാത്തലത്തില്‍ 50×50 മില്ലിമീറ്റര്‍ നീളത്തിലുള്ള രണ്ട് ഫോട്ടോകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഇടതുകൈയുടെ വിരലടയാളം, വിസ കോപ്പി ഉള്‍പെടെ പാസ്‌പോര്‍ട്ട് കോപ്പി, പി ഐ ഒ കാര്‍ഡിന്റെ ആദ്യത്തേയും അവസാനത്തേയും പേജിന്റെ പകര്‍പ്പ് എന്നിവ കരുതിയിരിക്കണം. വെള്ള നിറം പശ്ചാത്തലമുള്ള ഫോട്ടോകള്‍ സ്വീകരിക്കുന്നതല്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest