ഉത്തരാഖണ്ഡ്: ഒമ്പത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കി

Posted on: March 27, 2016 11:13 am | Last updated: March 27, 2016 at 10:14 pm

hareesh rawathഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ചാല്‍ പുറത്താക്കി. വിമതരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര കാബിനറ്റ് യോഗം വിളിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്‌വാളിന്റെ നടപടി. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ളവരെയാണ് അയോഗ്യരാക്കിയത്.

വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയത് ഇത് തിങ്കളാഴ്ച സര്‍ക്കാരിന് വിശ്വാസവോട്ട് നേടാന്‍ വഴി തുറന്നേക്കും. വിമത എം.എല്‍.എമാരെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായും പണം വാഗ്ദാനം ചെയ്തതായും ആരോപിച്ച് ഒളിക്യാമറാ ദൃശ്യം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തിയിട്ടുണ്ട്, സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചിരുന്നു.