വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍ സ്വര്‍ണക്കല്യാണുകള്‍ തുറന്നു

Posted on: March 26, 2016 7:10 pm | Last updated: March 26, 2016 at 7:10 pm

Bachanദോഹ: വെള്ളിത്തിരയിലെ ഭാവേതിഹാസങ്ങളെ നേരില്‍ കാണാന്‍ തടിച്ചു കൂടിയ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഖത്വര്‍ പ്രവേശം. വളരെ നേരത്തേ കാത്തു നിന്ന ആരാധകര്‍ക്കിടയിലേക്കാണ് ഏഷ്യന്‍ ടൗണിലെ കല്യാണ്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍ സിനിയമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍, തമിഴ്, തെലുങ്ക് സൂപ്പര്‍സ്റ്റാറുകളായ പ്രഭു, നാഗാര്‍ജുന, മലയാളി താരം മഞ്ജു വാര്യര്‍ എത്തിയത്. കരഘോഷങ്ങളും അഹ്ലാദപ്രകടനങ്ങളുമായി ജനം താരങ്ങളെ വരവേറ്റു. വേദിയിലെത്തിയ ബച്ചനും താരങ്ങളും ആസ്വാദകരെ അഭിവാദ്യം ചെയ്തു. നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തി അവര്‍ ഷോറും ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാണ്‍ ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേശ് കല്യാണ രാമന്‍, സ്വദേശി പ്രമുഖര്‍ സംബന്ധിച്ചു.
കല്യാണിന്റെ ഏഴു ഷോറൂമുകളുടെ ഉദ്ഘാനമാണ് ഇന്നലെ നടന്നത്. കാണികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയത് ഏഷ്യന്‍ ടൗണിലായിരുന്നു. മറ്റു ഷോറൂമുകള്‍ക്കു സമീപവും താരങ്ങളെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഒരു ദിവസം ഏഴു ഷോറൂമുകള്‍ തുറക്കുകയെന്ന ഖത്വര്‍ വ്യാപാര ചരിത്രത്തിലെ അപൂര്‍വതയെ പ്രിയതാരങ്ങളുടെ സാന്നിധ്യംകൊണ്ടും ആസ്വാദകരുടെ ആവേശം കൊണ്ടും സംഭവമാക്കി മാറ്റുകയായിരുന്നു കല്യാണ്‍ മാനേജ്‌മെന്റ്. കിടയറ്റ സംഘാടനം കൊണ്ട് ഉദ്ഘാടന പരിപാടികളെ മികച്ചതാക്കാനും സാധിച്ചു. വന്‍കിട ഇവന്റ്മാനേജ്‌മെന്റ്, പി ആര്‍ സ്ഥാപനങ്ങളാണ് പശ്ചാത്തല സൗകര്യങ്ങളൊരുക്കിയത്.
അല്‍ ഖോര്‍, അബു ഹമൂര്‍, ബര്‍വ വില്ലേജ്, ഗറാഫ, അല്‍ റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച് ബി കെ സിഗ്നല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ കല്യാണ്‍ ഷോറൂമുകള്‍ തുറന്നത്. രാവിലെ ഒമ്പബതരക്ക് അല്‍ ഖോറില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് 11ന് അബു ഹമൂറിലൂം ഉച്ചക്ക് ഒന്നിന് ബര്‍വ വില്ലേജ്, 2.15ന് ഗര്‍റാഫ, 3.15ന് അല്‍ റയ്യാന്‍, നാലിന് ഏഷ്യന്‍ ടൗണ്‍, 5.15ന് എച്ച് ബി കെ സിഗ്നല്‍ എന്നിവിടങ്ങളിലും ഉദ്ഘാടനം നടന്നു. മാനേജ്‌മെന്റ് വൈദഗ്ധ്യം സമയപാലനത്തിലും പ്രകടമായി. വന്‍ സുരക്ഷാ സന്നാഹങ്ങളും ഉദ്ഘാടന വേദികള്‍ക്കു സമീപം ഒരുക്കിയിരുന്നു. ആറു മണിക്കൂര്‍ മാത്രം ഖത്വറില്‍ തങ്ങിയ ബച്ചന്‍ രാവിലെ 11ന് കല്യാണിന്റെ സ്വകാര്യ വിമാനത്തിലാണ് എത്തിയത്. ഗര്‍റാഫ, റയ്യാന്‍, എഷ്യന്‍ ടൗണ്‍, എച്ച് ബി കെ സിഗ്‌നല്‍ എന്നീ ഷോറൂമുകളുടെ ഉദ്ഘാടനത്തിലാണ് ബച്ചന്‍ പങ്കെടുത്തത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് കല്യാണില്‍ 45 ദിവസത്തെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 500 റിയാലിന് ആഭരണങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുക്കുന്നവര്‍ക്ക് 100 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രമോഷന്‍ മെയ് 10 വരെ തുടരും. വിസ്മയിപ്പിക്കുന്ന ജനക്കൂട്ടമാണ് ഉദ്ഘാടന ദിവസം തന്നെ ഷോറൂമുകളിലെത്തുന്നതെന്നും സ്ഥാപനത്തിന്റെ ജനപ്രിയതയാണ് ഇതെന്നും ചെയര്‍മാന്‍ ടി എസ് കല്യാണ രാമന്‍ പറഞ്ഞു.